Image

കേരള ബജറ്റ്; നാടിന്റെ സമഗ്ര വികസനത്തിനും പ്രവാസികള്‍ക്കും ഗുണകരമാകുന്നത് : നവോദയ റിയാദ്

Published on 07 February, 2020
കേരള ബജറ്റ്; നാടിന്റെ സമഗ്ര വികസനത്തിനും പ്രവാസികള്‍ക്കും ഗുണകരമാകുന്നത് : നവോദയ റിയാദ്

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ജനോപകാരപ്രദവും സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായ ഒരു ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു. പ്രവാസികളെ സംബന്ധിച്ചേടത്തോളം ഏറെ സമാശ്വാസകരമാണ് സംസ്ഥാന ബജറ്റ് എന്നും നവോദയ പറഞ്ഞു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്കും വിവിധ സഹായങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം (ക്രാഷ് ഫിനിഷിംഗ് കോഴ്‌സ്), പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷ്വറന്‍സും പെന്‍ഷനും പ്രവാസി ക്ഷേമനിധിക്ക് 90 കോടി രൂപ, ലോക കേരള സഭക്ക് 12 കോടി രൂപ, നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് 2 കോടി രൂപ, പ്രവാസി സാന്ത്വനം പദ്ധതിക്ക് 27 കോടി രൂപയും അനുവദിച്ചത് പ്രവാസികളെ സംബന്ധിടത്തോളം ശ്രദ്ധേയ നിര്‍ദ്ദേശങ്ങളാണ്. അതിനുപുറമേ, വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതിയും (ഗാര്‍ഡന്‍ ഓഫ് ലൈഫ്) പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്കായി ജോബ് പോര്‍ട്ടല്‍ തുടങ്ങാന്‍ ഒരു കോടി രൂപയും വൈവിധ്യ പോഷണത്തിനു 2 കോടി രൂപയും വകയിരുത്തി. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് ഇവാക്വേഷനുമായി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പരിശീലനം, സാങ്കേതിക പരിശീലനം, ഐ ടി പരിശീലനം, സോഫ്റ്റ് സ്‌കില്‍ തുടങ്ങിയവും ക്രാഷ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്ലും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടി പദ്ധതികള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ധനമന്ത്രി ഉറപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക