Image

മാര്‍ പവ്വത്തില്‍ വിപ്ലവകാരിയായ നസ്രാണി നായകന്‍: ഒരു വിയോജന കുറിപ്പ് (ചാക്കോ കളരിക്കല്‍)

ചാക്കോ കളരിക്കല്‍ Published on 08 February, 2020
മാര്‍ പവ്വത്തില്‍ വിപ്ലവകാരിയായ നസ്രാണി നായകന്‍: ഒരു വിയോജന കുറിപ്പ് (ചാക്കോ കളരിക്കല്‍)
ശ്രി കുര്യന്‍ പാമ്പാടി 'ഇമലയാളി'യില്‍ പ്രസിദ്ധീകരിച്ച 'മാര്‍ പൗവ്വത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്‌റാണി നായകന്‍' എന്ന ലേഖനം വായിച്ചു. സത്യത്തില്‍ ആ ലേഖനം എന്നെ അത്ഭുതപ്പെടുത്തി. ആധുനിക കാലത്ത് മാര്‍തോമാ നസ്രാണി സഭയുടെ നാശത്തിന്റെ വിത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ചങ്ങനാശ്ശേരിയിലാണ് വിതച്ചത്. വിതക്കാരന്‍ മാര്‍ പൗവ്വത്തിലും.

'പോര്‍ച്ചുഗീസുകാരുടെ വരവോടെ ലത്തീന്‍ സഭയുടെ നിര്‍ദയമായ അധീശത്തിനു കീഴിലമര്‍ന്നിരുന്ന പൗരസ്ത്യ സ്വതന്ത്ര സുറിയാനി സഭയില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യം ഉറക്കെ പ്രഖ്യാപിച്ച ആളാണ് ജോസഫ് മാര്‍ പവ്വത്തില്‍.' ഒരു വ്യക്തിയെ പൊക്കിപ്പറയാന്‍വേണ്ടി അര്‍ത്ഥശൂന്യമായ ഇത്തരം പ്രസ്താവം, മിതമായ ഭാഷയില്‍ പറഞ്ഞാല്‍, അപലപനീയമാണ്. 'പ്രാര്‍ത്ഥനകളിലും വിശ്വാസ പ്രമാണങ്ങളിലും കുര്‍ബ്ബാനയിലും കേരളസഭയില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സുറിയാനി പാരമ്പര്യം പുനസ്ഥാപിക്കാന്‍,………'. ആഗോള കത്തോലിക്ക സഭയില്‍ വിശ്വാസപ്രമാണം ഒന്നായിരിക്കെ സുറിയാനി പാരമ്പര്യത്തിലെ വിശ്വാസപ്രമാണം എങ്ങനെ പുനഃസ്ഥാപിക്കും? എനിക്കൊരു പിടിയും കിട്ടുന്നില്ല. 'ലത്തീന്‍ മേധാവിത്തം' അവസാനിപ്പിക്കാന്‍ മാര്‍ പൗവ്വത്തിലിനെ മറ്റൊരു ഗാന്ധിയാക്കിയത് അല്പം കടന്നുപോയെന്നും തോന്നുന്നു!

പോര്‍ച്ചുഗീസുകാരുടെ ലത്തീനീകരണത്തില്‍നിന്നും മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളെ റോമിലെ പൗരസ്ത്യസംഘത്തിന്റെ കീഴിലാക്കി സുറിയാനീകരിക്കാന്‍  സത്യത്തില്‍ മാര്‍ പൗവ്വത്തില്‍ കൂട്ടുനില്‍ക്കുകയല്ലേ ചെയ്തത്? സ്ഥാനമാനങ്ങള്‍ക്കായി സ്വന്തം സഭയെ ഒറ്റിക്കൊടുക്കുന്നവര്‍ ഒരികലും ഗാന്ധിയാവില്ല. കത്തോലിക്ക കുട്ടികള്‍ കത്തോലിക്ക സ്‌കൂളുകളില്‍ പഠിക്കണമെന്ന് തിരുവനന്തപുരത്തുവെച്ച് പരസ്യമായി പ്രസംഗിച്ച മാര്‍ പൗവ്വത്തിലിന്റെ സിരകളില്‍കൂടി എക്യൂമെനിസം ഓടുന്നുണ്ടെന്ന് അനുമാനിക്കാന്‍ വയ്യ.

കത്തോലിക്ക സഭ വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മള്‍. ഓരോ വ്യക്തിസഭയും ഉണ്ടാകുവാന്‍ കാരണം അവയുടെ തനതായ പാരമ്പര്യമാണ്. ആ പാരമ്പര്യം അപ്പോസ്തലിക ശുശ്രൂഷയില്‍ അടിസ്ഥാനം ഉള്ളതാണ്. ദൈവആരാധനയിലും (liturgy) സഭാഭരണത്തിലും (administration) ദൈവശാസ്ത്രത്തിലും (theology) വലിയ വ്യത്യാസങ്ങള്‍ ഈ സഭകള്‍ തമ്മിലുണ്ട്. ഇങ്ങനെ തികച്ചും വ്യത്യസ്തവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് സീറോ മലബാര്‍ മാര്‍തോമ നസ്രാണി കത്തോലിക്ക സഭ.

മാര്‍തോമ ക്രിസ്ത്യാനികളുടെ ഒരു വിഭാഗമായ സീറോ മലബാര്‍ സഭയുടെ പൈതൃകത്തെ മാര്‍ പൗവ്വത്തില്‍ എങ്ങനെ വികൃതമാക്കി എന്നാണ് നാം പഠിക്കേണ്ടത്. നസ്രാണി കത്തോലിക്ക സഭയുടെ പാരമ്പര്യം അഥവാ പൈതൃകം എന്താണെന്ന് ആദ്യംതന്നെ തീരുമാനിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഫ. കെ. എം. ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒന്‍പത് പ്രമുഖ സഭാംഗങ്ങള്‍ മെത്രാന്‍ സിനഡിനോടും റോമിലെ പൗരസ്ത്യ കാര്യാലയത്തോടും അഭ്യര്‍ത്ഥിച്ചതാണ്. അവര്‍  അത് കേട്ടതായിട്ടുപോലും നടിച്ചില്ല. നസ്രാണിസഭയിലെ ഇന്നത്തെ അരാജകത്വത്തിനുള്ള പ്രധാന കാരണം സീറോ മലബാര്‍ സഭയുടെ പൈതൃകമെന്തെന്ന് നിര്‍ണയിച്ച് നിര്‍വചിക്കാതെപോയതാണ്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയവും മാര്‍ പവ്വത്തിലുംകൂടി മാര്‍തോമായാല്‍  ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ പുത്രീസഭയായി വ്യാഖ്യാനിച്ച് പൗരസ്ത്യസഭകളില്‍ പെടുത്തി. ആദ്യകാലങ്ങളില്‍  സഭയ്ക് അഞ്ചു പേട്രിയാര്‍ക്കേറ്റുകളായിരുന്നു ഉണ്ടായിരുന്നത് (റോം, കോന്‍സ്റ്റന്റിനോപ്പിള്‍, ജെറുശലേം, അലക്‌സാന്ത്രിയ, അന്തിയോക്യാ). റോമാ സാമ്രാജ്യത്തെ കോന്‍സ്റ്ററ്റൈന്‍ ചക്രവര്‍ത്തി രണ്ടായി വിഭജിച്ചപ്പോള്‍ റോം പാശ്ചാത്യദേശത്തും മറ്റ് നാല് പേട്രിയാക്കേറ്റുകള്‍ പൗരസ്ത്യദേശത്തുമായി. അങ്ങനെയാണ് പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും ഉണ്ടാകുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭാഗമല്ലാത്തതും തോമാ അപ്പോസ്തലനാല്‍  ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായതുമായ മലങ്കരയിലെ നസ്രാണി സീറോ മലബാര്‍  കത്തോലിക്കാസഭ എങ്ങനെ പൗരസ്ത്യസഭകളില്‍  പെടും? സീറോ മലബാര്‍ സഭ ഒരു അപ്പോസ്തലിക സഭയാണ്. അതിന് അതിന്റേതായ പാരമ്പര്യം, ശിക്ഷണം, ഭരണസമ്പ്രദായം, ദൈവാരാധന രീതികള്‍ എല്ലാം ഉണ്ടായിരുന്നു. അങ്ങനെ പാശ്ചാത്യ/പൗരസ്ത്യസഭകളില്‍പെടാത്ത വ്യക്തിസഭയാണ് സീറോ മലബാര്‍ സഭ. ഓരോ വ്യക്തിസഭയും ഉണ്ടാകാന്‍ കാരണം അവയുടെ തനതായ പാരമ്പര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം.

ലിറ്റര്‍ജി (Liturgy)  സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി കല്‍ദായമാണെന്നുള്ളതിന് എന്തു തെളിവാണുള്ളത്? അവരുടെ കത്തനാരന്മാര്‍ കല്‍ദായ കുര്‍ബ്ബാന ചൊല്ലിയിരുന്നില്ലല്ലോ. (ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ 'ഭാരത നസ്രാണികളുടെ ആരാധനക്രമ വ്യക്തിത്വം  ഒരു പഠനം' എന്ന ലഘുലേഖ കാണുക). ഫ്രാന്‍സീസ് റോസ് മെത്രാന്‍ (15991624) നസ്രാണികള്‍ക്കായി കുര്‍ബ്ബാന പരിഷ്‌ക്കരിച്ച് നടപ്പിലാക്കിയപ്പോള്‍ അന്നുവരെ നസ്രാണികളുടെ ആരാധന ഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി എന്ന കാരണത്താല്‍ (റോസ് മെത്രാന്റെ സഭാരാഷ്ട്രീയ നീക്കമാറിരുന്നു, അത്) നസ്രാണികളുടെ ലിറ്റര്‍ജി എങ്ങനെ കല്‍ദായമാകും? പതിനാറാം നൂറ്റാണ്ടു മുതല്‍ നസ്രാണിസഭ പദ്രുവാദോ/പ്രൊപ്പഗാന്താ ഭരണത്തിന്‍ കീഴില്‍! ആയിരുന്നല്ലോ. എങ്കില്‍ പിന്നെ എന്തുകൊണ്ട് നസ്രാണികളുടെ ലിറ്റര്‍ജി പാശ്ചാത്യമാക്കണമെന്ന് പറഞ്ഞുകൂടാ? ഒരു സമൂഹത്തിന്റെ ആരാധന രീതികള്‍ ആ സമൂഹത്തിന്റെ സംസ്‌കാരത്തില്‍! അധിഷ്ഠിതമായിരിക്കണം. പൗരസ്ത്യസംഘവും മാര്‍ പവ്വത്തിലും ചുരുക്കം ചില മെത്രാന്മാരുംകൂടി അങ്ങനെ ഒരു ലിറ്റര്‍ജിക്ക് സാദ്ധ്യത ഇല്ലാതാക്കി. കല്‍ദായ ലിറ്റര്‍ജി സഭയില്‍  അടിച്ചേല്‍പിച്ചു. അങ്ങനെ അവര്‍ കുതികാലുവെട്ടിത്തരം കാണിച്ചതിന്റെ പരിണിതഫലമാണ് സീറോ മലബാര്‍ സഭ ഇന്ന് നാശത്തിലേക്ക് (വടക്ക്‌തെക്ക് ചേരിതിരിഞ്ഞുള്ള വഴക്ക്) മൂക്കുകുത്തിക്കൊണ്ടിരിക്കുന്നത്. കല്‍ദായ കുര്‍ബാനയും ക്ലാവര്‍ കുരിശുമായാല്‍! രണ്ടാംവത്തിക്കാന്‍! കൗന്‍സില്‍! നിര്‍!ദേശിച്ച സഭാ നവീകരണമായി എന്നാണ് ഇക്കൂട്ടര്‍! ധരിച്ചുവശായിരിക്കുന്നത്.

സഭാഭരണം (Administration)  നസ്രാണി സഭയുടെ പള്ളി ഭരണം പലതട്ടിലുള്ള പള്ളിയോഗങ്ങള്‍! (ഇടവക പള്ളിയോഗം, പ്രാദേശികയോഗം, പള്ളിപ്രതിപുരുഷമഹായോഗം അഥവാ സിനഡ്) വഴിയാണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്. ആ പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി ഉപദേശകസമിതിയായ പാശ്ചാത്യരീതിയിലുള്ള പാരീഷ് കൗണ്‍സില്‍ നടപ്പില്‍ വരുത്തി. പള്ളിഭരണം അങ്ങനെ ലത്തീനീകരിച്ചു. കാരണം പള്ളി ഭരണം മുഴുവന്‍ മെത്രാന്റെയും പള്ളിവികാരിയുടെയും കക്ഷത്തിന്‍ തന്നെ വേണം. കാനോന്‍ നിയമമെന്ന പാശ്ചാത്യ കാട്ടാളനിയമം സീറോ മലബാര്‍ സഭയിലും പൗരസ്ത്യ കാര്യാലയം കെട്ടിയേല്പിച്ചു. എന്തുകൊണ്ട് നമ്മുടെ മെത്രാന്മാര്‍ അതിനെ എതിര്‍ത്ത് മാര്‍തോമായുടെ മാര്‍ഗത്തിലും വഴിപാടിലും അധിഷ്ഠിതമായ ഒരു കാനോന്‍ നിയമം നിര്‍മിക്കാന്‍ പൗരസ്ത്യ കാര്യാലയത്തോട് ആവശ്യപ്പെട്ടില്ല?  പട്ടക്കാരെയും മേല്‍പട്ടക്കാരെയുമാണ് ഇത്തരം സത്യങ്ങല്‍ സാധാരണ വിശ്വാസികള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടത്. പട്ടക്കാരെയും മേല്‍പട്ടക്കാരുമാണ് സഭയില്‍ വഴക്കിനും വക്കാണത്തിനുമുള്ള കരിന്തിരി കത്തിക്കുന്നത്. കാനോന്‍ നിയമമുപയോഗിച്ച് 1991ല്‍ പള്ളിക്കാരുടെ സ്വത്തുമുഴുവന്‍ മെത്രാന്മാര്‍ പിടിച്ചെടുത്തു. മാര്‍തോമായുടെ മാര്‍ഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ അവര്‍ നശിപ്പിച്ചുകളയുകയാണ് ചെയ്തത്.

ദൈവശാസ്ത്രം (Theology)  എന്തു തിയോളജിയാണ് നമുക്കുള്ളത്? പാശ്ചാത്യരുടെ ദൈവശാസ്ത്രമാണല്ലോ ദൈവശാസ്ത്രം! ദൈവം സ്‌നേഹമാകുന്നു എന്ന നസ്രാണി സങ്കല്പത്തെ മാറ്റി ദൈവം കര്‍ക്കശമായ നിയമങ്ങളുണ്ടാക്കി, അതു പാലിക്കുന്നവനേ സ്വര്‍ഗരാജ്യമുള്ളു എന്ന പാശ്ചാത്യ ദൈവശാസ്ത്രത്തിലേക്ക് മാറി. അതുകൊണ്ടാണല്ലോ ഉദയമ്പേരൂര്‍ സൂനഹദോസില്‍ കൊണ്ടുവന്ന കുമ്പസാരം ഇന്നും തുടരുന്നത്. സ്‌നേഹനിധിയായ ദൈവത്തോട് ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നസ്രാണികളുടെ താരിപ്പ്. 'പിഴമൂളല്‍' എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത്. അതുമാറ്റി കുമ്പസാരക്കൂട്ടിലിരിക്കുന്ന അംശമുള്ള പട്ടക്കാരനോട് പാപത്തിന്റെ എണ്ണം, വണ്ണം എല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. ദൈവം സ്‌നേഹമാകുന്നു എന്ന ദൈവശാസ്ത്രത്തെ തമസ്‌കരിച്ച് ദൈവം നീതിന്യായ വിധികര്‍!ത്താവായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. നമ്മെ എല്ലാം ലത്തീനികരിച്ചു എന്ന് വിലപിക്കുന്നവര്‍  കുമ്പസാരം നിര്‍ത്തല്‍ ചെയ്ത് നമ്മുടെ പഴയ പാരമ്പര്യമായ പിഴമൂളലിലേയ്ക് തിരിച്ചുപോകണമെന്ന് തോന്നാത്തതെന്തുകൊണ്ട്? ചുരുക്കിപ്പറഞ്ഞാല്‍ ലിറ്റര്‍ജി കല്‍ദായം. സഭാഭരണം പാശ്ചാത്യം. ദൈവശാസ്ത്രം പാശ്ചാത്യം. അപ്പോള്‍ നസ്രാണി സഭ എങ്ങനെ തനതായ പൈതൃകമുള്ള വ്യക്തിസഭയാകും? നസ്രാണിസഭ യാഥാര്‍ത്ഥ വ്യക്തിസഭ ആകണമെങ്കില്‍ ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ ഒരു ലിറ്റര്‍ജി വികസിപ്പിച്ചെടുക്കണം. പള്ളി ഭരണം പണ്ടത്തെപ്പോലെ മാര്‍തോമായുടെ മാര്‍ഗത്തിലും വഴിപാടിലും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം; പള്ളിയോഗതീരുമാനപ്രകാരം ആയിരിക്കണം. അത് രാഷ്ട്രനിയമത്തിന് വിരുദ്ധമായിരിക്കാന്‍ പാടില്ല. സഭാസ്വത്തുക്കള്‍ ഭരിക്കാന്‍ ഗവന്‍മെന്റ് നിയമമുണ്ടാക്കിയാല്‍ (Church Trust Bill) സഭയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന അനീതികള്‍ക്ക് തൃപ്തികരമായ ഒരു ശമനമുണ്ടാകുമെന്നുള്ളത് തീര്‍ച്ചയായ കാര്യമാണ്. മറിച്ച് കല്‍ദായകുര്‍ബാനയും പുറംതിരിഞ്ഞ് ബലിയാര്‍പണവും ശീലതൂക്കലും ക്ലാവര്‍കുരിശും പാശ്ചാത്യപള്ളിഭരണവും കിഴക്കിന്റെ കാനോന്‍ നിയമവും നസ്രാണി എണങ്ങരുടെ തലയില്‍ കെട്ടിയേല്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ഈ സഭ നാശത്തിലേക്കേ നീങ്ങൂ. ചങ്ങനാശ്ശേരിയില്‍ മാര്‍ പൗവ്വത്തില്‍ വിതച്ച നാശത്തിന്റെ വിത്ത് പിഴുതുകളഞ്ഞേ മതിയാവൂ.

മാനവും മഹത്വവും ദൈവത്തിനുള്ളതാണ്. ചെറിയ കാര്യങ്ങളുടെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കുന്നവരുടേതല്ല. ആത്മീയ ഗുരുക്കളായ വൈദികരും മെത്രാന്മാരും എന്തിന് സഭയുടെ ഭൗതിക സ്വത്തുക്കള്‍ ഭരിക്കണം?! സഭാസ്വത്തിന്റെ അവകാശികളായ വിശ്വാസികള്‍ അത് കൈകാര്യം ചെയ്യട്ടെ. മാര്‍ പൗവ്വത്തിലിന് നവതി ആശംസകള്‍ നേരുമ്പോള്‍ത്തന്നെ അദ്ദേഹം സീറോ മലബാര്‍ സഭയുടെ രക്ഷകനോ ഘാതകനോയെന്ന് സഭയിലെ വിശ്വാസികള്‍ വിലയിരുത്തട്ടെ.

Join WhatsApp News
Catholic 2020-02-08 09:27:03
ഇത് നവീകരണമോ, നശീകരണമോ?. സഭ നിലനിക്കുന്നത് ത്യാഗ നിര്ഭരരായ പവ്വത്തിൽ പിതാവിനെ പോലെയുള്ളവരെ കൊണ്ടാണ്~. അവർ ചെയ്ടന്നതിൽ തെറ്റുകൾ ഉണ്ടാവാം. പക്ഷെ അവരുടെ ത്യാഗവും ഭക്തിയും മറക്കരുത്
Joseph 2020-02-08 11:27:37
ശ്രീ ചാക്കോ കളരിക്കലിന്റ ലേഖനത്തെ വിമർശിച്ചുകൊണ്ട് 'ശ്രീ കാത്തലിക്ക് ' എന്ന പ്രതികരണ എഴുത്തുകാരൻ 'ഇത് നവീകരണമോ നശീകരണമോ' എന്ന് ചോദിച്ചിരുന്നു. ഇപ്പോഴത്തെ സീറോ മലബാർ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ വിലയിരുത്തുകയാണെങ്കിൽ 'നശീകരണത്തിന്റെ പാതയിൽത്തന്നെയാണ് സഭ സഞ്ചരിക്കുന്നതെന്നതിൽ സംശയമില്ല! സഭയുടെ ഇന്നത്തെ ദുർവിധിക്കുള്ള ഉത്തരവാദിത്വം ബിഷപ്പ് പവ്വത്തിനുമുണ്ട്. സാമാന്യം സമാധാനപരമായി നിലകൊണ്ടിരുന്ന സുറിയാനി കത്തോലിക്ക സഭ ഇന്ന് രണ്ടു ചേരികളിലായി പ്രവർത്തിക്കുന്നു. അതിനുകാരണം സഭയുടെ പരമ്പരാഗതമായ കുരിശു മാറ്റി ഇറാഖികളുടെ 'മാനിക്കേയൻ കുരിശ്' സീറോ മലബാർ സഭയിൽ, ബിഷപ്പ് പവ്വത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതുമൂലമാണ്. ക്ലാവർ കുരിശേന്നും താമര കുരിശേന്നും പവ്വത്തു കൊണ്ടുവന്ന ഈ കുരിശിനെ അറിയപ്പെടുന്നു. ഇറാക്കിൽ കുറ്റവാളികളെ തൂക്കിലിട്ടിരുന്ന കഴുകു കുരിശായിരുന്നു അത്. അതിന്റെ പേരിൽ എറണാകുളവും ചങ്ങനാശേരിയും തമ്മിലുള്ള അടിപിടി ഇന്നും തുടരുന്നു. എറണാകുളം രൂപതയിലെ ഭൂമി വിവാദമൊക്കെ സഭയുടെ നശീകരണത്തിന്റെ മറ്റൊരു പതിപ്പാണ്. അതിനു തീകൊളുത്തിയതും ഈ മഹാബിഷപ്പു തന്നെയായിരുന്നു. അദ്ദേഹത്തിൻറെ വേണ്ടാത്ത ലിറ്റർജി പരിഷ്ക്കരണവും രണ്ടു മണിക്കൂർ കുർബാനയും അല്മെനികളെ വീർപ്പുമുട്ടിക്കുന്നു. ക്രിസ്തു പറഞ്ഞത് 'ഞാൻ വന്നത് ദരിദ്രർക്ക് വേണ്ടി' എന്നായിരുന്നു. എന്നാൽ പവ്വത്ത് വന്നത് പണക്കാർക്ക് വേണ്ടിയായിരുന്നു. ബിഷപ്പാകുന്നതിനു മുമ്പ് അദ്ദേഹം ചങ്ങനാശേരി എസ് .ബി കോളേജിലെ ന്യുമാൻ ഹോസ്റ്റലിൽ വാർഡനായിരുന്നു. കാഞ്ഞിരപ്പള്ളിയിലെയും കുട്ടനാട്ടിലെയും പണക്കാരായ കുട്ടികൾക്ക് മാത്രമായിരുന്നു അന്ന് ആ ഹോസ്റ്റലിൽ പ്രവേശനമുണ്ടായിരുന്നത്. ശബരി മലയിൽ തോമ്മാശ്ലീഹായുടേതെന്ന് പറഞ്ഞുകൊണ്ട് കള്ളകുരിശു നാട്ടി വിവാദങ്ങൾ ഉണ്ടാക്കാൻ നേതൃത്വം കൊടുത്തതും പവ്വത്തായിരുന്നു. കേരള സമൂഹത്തിൽ അതുവരെയുണ്ടായിരുന്ന ഹിന്ദു മുസ്ലിം മൈത്രിക്ക് അക്കാലങ്ങളിൽ മങ്ങലേൽക്കുകയും ചെയ്തു. ലളിത ജീവിതം നയിച്ചിരുന്ന കാവുകാട്ട് ബിഷപ്പിന്റെ പിൻഗാമിയായി അദ്ദേഹം ചങ്ങനാശേരി മെത്രാപ്പോലീത്തായായി വന്നു. അരമനകൾ വിപുലമാക്കി എന്നും ആഡംബരമായി, രാജകീയമായി മെത്രാപ്പോലീത്തൻ പദവി പവ്വത്ത് അലങ്കരിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരാളിനെ ഗാന്ധിജിയുമായി സാമ്യപ്പെടുത്തണോ ? മിസ്റ്റർ കുര്യൻ പാമ്പാടിയുടെ ബിഷപ്പ് പവ്വത്തിനെ വെള്ളതേച്ചുകൊണ്ടുള്ള ലേഖനം ഒന്നുകൂടി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.
A.P. Kaattil. 2020-02-08 21:21:10
കത്തോലിക്കാ സഭ സാർവത്രിക സഭ (Universal) എന്നു അവർത്തിച്ചു പറയുകയും, ഭാഷയുടേയും ആചാരത്തിന്റേയോ പേരിൽ വിഭിന്ന ആശയം കൊണ്ടുവന്ന്, തന്റെ മെത്രാൻ സ്ഥാനം ഉപയോഗിച്ച് സഭാമക്കളിൽ ഭിന്നിപ്പിന്റെ വിത്തുകൾ വിതയക്കുന്നത് ക്രൈസ്തവികം ആണോ എന്ന് വിശ്വാസികൾ ചിന്തിക്കുക. ക്രിസ്തുവിലുള്ള ഐക്യമാണ് എക്യുമിനിസം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ദേശo, ഭാഷ, ആചാരം വർണം എന്നിവക്ക് അതീതമായ ഒരു കൂട്ടായ്മയാണ് വേണ്ടത്. എക്യൂമിനിസം പ്രസംഗിക്കുകയും പൗരസ്ത്യ സഭ എന്ന ആശയം ഊട്ടി ഉറപ്പിക്കുകയും ചെയ്യുക എന്നത് എന്തിനെന്ന് വിശ്വാസികൾ അന്വേഷിക്കണം. സാർവത്രിക സഭ, കത്തോലിക്കാ സഭ പാശ്ചാത്യ മെന്നോ പൗരസ്ത്യമെന്നോ, ലത്തീനെന്നോ സുറിയാനിയെന്നോ, കൽദായ എന്നോ അന്ത്യോക്യാ എന്നോ, തെക്കൻ എന്നോ വടക്കൻ എന്നോ ഉള്ള വ്യത്യാസങ്ങൾ ഇല്ലാതാകണം. ക്രിസ്തു ആയിരിക്കണം സഭയുടെ തലവൻ. എല്ലാ ക്രിസ്ത്യാനികളും ചിന്തിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക