Image

സ്നേഹം മിണ്ടാതെ പടിയിറങ്ങുമ്പോൾ (കവിത: ലിഖിത ദാസ്)

Published on 11 February, 2020
 സ്നേഹം മിണ്ടാതെ പടിയിറങ്ങുമ്പോൾ (കവിത: ലിഖിത ദാസ്)
വൈകുന്നേരത്തിരക്കൊഴിയുന്ന
ഒരു തെരുവിൽ നിന്നെന്ന പോലെ
നിന്റെ തലച്ചോറിൽ നിന്ന്
സ്നേഹമിറങ്ങിപ്പോകുന്നത്
എത്ര പെട്ടെന്നാണ്‌.

ഇന്നലെപ്പോലും നീയെന്നോട്
സ്നേഹത്തിൽ സംസാരിച്ചതാണ്
വായിക്കാനും പാട്ടുകേൾക്കാനും
വേണ്ടി മാത്രം
ഞാൻ നിനക്കൊരു മുറി പണിതു തരാമെന്നും
പടിഞ്ഞാട്ട് തുറക്കുന്ന
വലിയൊരു ജനവാതിലും അതിനോട് ചേർന്ന്
മുറ്റത്ത് ചുവന്ന ചെമ്പരത്തിയും
നട്ടു പിടിപ്പിക്കാം എന്നു നീയെന്നോട്
ഏറ്റിരുന്നതാണ്‌.

ഇടയ്ക്ക് അപ്രതീക്ഷിതമായ ഫോൺ
സംഭാഷണങ്ങളിൽ നിന്ന്
ദുർലഭമായെങ്കിലും ഒരുമ്മ നീ
തന്നെന്ന് വരുത്താറുള്ളതാണ്.
ചോദിച്ചു വാങ്ങിക്കുന്നതാണെങ്കിലും
അതിനു ശേഷം ദീർഘനാളത്തേയ്ക്ക്
ഞാൻ സന്തോഷവതിയും
മുമ്പില്ലാത്ത വിധം സുന്ദരിയുമായി
കാണപ്പെട്ടിരുന്നു.

അടുക്കും ചിട്ടയും വരുത്തി
നീ സൗകര്യപ്പെടുന്ന നേരങ്ങളിലേയ്ക്ക്
ഞാൻ മറ്റൊന്നിലേയ്ക്കും ശ്രദ്ധമാറാതെ
എന്റെ സമയങ്ങളെ എടുത്തുവച്ചിരുന്നു.

നമ്മുടെ വീട്ടിലെ ഓറഞ്ചു നിറത്തിലുള്ള
പൂച്ചക്കുഞ്ഞിനെപ്പോലെ പോലെ
ഞാനിങ്ങനെ നിന്നെയുരുമ്മിയുരുമ്മി...
അപ്പോഴൊക്കെ നീ
മുഴുവൻസമയ ജോലികളിലായിരുന്നുവല്ലൊ.
കൂടുതലൊന്നും വാചാലയാകാൻ
ഇടം കിട്ടാതെ ഞാൻ മിക്കപ്പോഴും
ചിരിച്ചുകൊണ്ട് തന്നെ മടങ്ങിപ്പോയിരുന്നു.
എന്റെ ജോലികൾ എന്നെനോക്കി
'അയ്യേ..' എന്നഭിവാദ്യം ചെയ്തിരുന്നു.

' നിനക്കറിയില്ലേ എനിയ്ക്ക് പ്രേമിക്കാൻ
അറിയില്ലെന്ന്' - എന്നൊരു ചോദ്യം കൊണ്ട്
നമ്മുടെ നല്ല ഒഴിവുദിവസങ്ങളെ അപ്പാടെ
നീയെന്തിനാണ് മുക്കിക്കൊന്നത്.

മുൻപ് നീ ഇതിലും ഭംഗിയായി എന്നെ
ലാളിക്കുകയും ചുംബിക്കുകയും
ചെയ്തിരുന്നത് നീയോർക്കുന്നില്ലേ..
തൊട്ടുതൊട്ടിരുന്ന് ഒരു സിനിമ
കാണുമ്പൊ വീണുകിട്ടുന്ന
നിമിഷങ്ങളിലൊക്കെയും
നീയെന്റെ കൈ മുറുക്കി പിടിച്ചിരുന്നില്ലേ..
ഒഴിവുള്ള കടൽത്തീരങ്ങൾ
തിരഞ്ഞുകണ്ടെത്തി നീയെന്നെ
കളിയ്ക്കാൻ കൂട്ടിക്കൊണ്ടു
പോകുമായിരുന്നില്ലേ.
എന്റെ കണ്ണുകളിലേയ്ക്ക് മാത്രമായി
നീ ഇടയ്ക്കെങ്കിലും നോക്കിയിരുന്നില്ലേ..

കണ്ടുകണ്ടുനിൽക്കേ
എത്രപെട്ടെന്നാണ് ഞാനൊഴിവിൽ
തിരക്കുകൾ കേറിപ്പറ്റിയത്.
നിന്റെ കലണ്ടറുകളിൽ നിന്ന്
ചുവന്ന അക്കങ്ങൾ
മാഞ്ഞുമാഞ്ഞു പോയത്.
ഉച്ചകഴിഞ്ഞ തെരുവുപോലെ
നിനക്കു ചുറ്റും ശബ്ദങ്ങൾ പെരുകുന്നത്.

നിന്റെ വരവുകൾ ഈയിടെയായി
തീരെ കുറഞ്ഞിട്ടുണ്ട്.
നമുക്കിടയിലെ ദീർഘസംഭാഷണങ്ങൾ
ആവർത്തന വിരസത കൊണ്ട്
തേയ്ക്കാത്ത കറിക്കത്തി പോലെയായിട്ടുണ്ട്.
നിന്റെ ചിന്തകൾക്ക് എരിവുപുരട്ടാൻ തക്ക
നോട്ടമോ ചിരിയോ വർത്തമാനമോ
എനിയ്ക്കന്യമായിരിക്കുന്നു.
നാൾക്കുനാൾ നീയെനിയ്ക്ക്
പൂർണ്ണമായും അപരിചിതനായ ഒരാണു
മാത്രമായി പരുവപ്പെടുന്നു.
നിനക്കുമങ്ങനെയായിരിക്കുമല്ലോ..
സാരമില്ല.

ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും
രണ്ടുപേർ രണ്ടുതരത്തിൽ
പ്രേമത്തിലേർപ്പെടുമ്പോൾ സംഭവിക്കുന്നത്
സന്ധി ഒട്ടുമേ സാധ്യമല്ലാത്തൊരു
ശീതസമരം തുടങ്ങിവയ്ക്കലാണ്.
എന്നിരിയ്ക്കിലും
നീയെനിയ്ക്ക്..നീയെനിയ്ക്കെന്ന്
യുദ്ധസമാനമായി സ്നേഹിക്കയെന്നാണ്.

നിന്റെ ഹൃദയത്തിന്റെ ഏതറ്റത്താണ്
കാറ്റും വെളിച്ചവുമെത്താതെ
എന്റെ ശ്വാസമിപ്പൊ
വിറങ്ങലിച്ചു കിടക്കുന്നതാവൊ.!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക