Image

പ്രക്ഷോഭകര്‍ ബലാത്സംഗികളും കൊലപാതകികളുംത വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി എം.പിയുടെ പത്ത് മണ്ഡലങ്ങളിലും പാര്‍ട്ടി തോറ്റു

Published on 11 February, 2020
പ്രക്ഷോഭകര്‍ ബലാത്സംഗികളും കൊലപാതകികളുംത വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി എം.പിയുടെ പത്ത് മണ്ഡലങ്ങളിലും പാര്‍ട്ടി തോറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധനേടിയ ബിജെപി എംപി പര്‍വേഷ് വര്‍മ്മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍പ്പെട്ട പത്ത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ വര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഷഹീന്‍ബാഗ് പ്രക്ഷോഭകര്‍ ബലാത്സംഗം ചെയ്യുന്നവരും കൊലപാതകികളുമാണെന്ന തരത്തിലുള്ള പരാമര്‍ശമാണ് വിമര്‍ശത്തിന് ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വര്‍മ്മക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍പ്പെട്ട തിലക് നഗര്‍, ജനക്പുരി, മദിപുര്‍, രജൗരി ഗാര്‍ഡന്‍, ഹരി നഗര്‍, വികാസ്പുരി, ഉത്തംനഗര്‍, ദ്വാരക, മട്യാല, നജഫ്ഗഢ് എന്നിവിടങ്ങളിലെല്ലാം എഎപി സ്ഥാനാര്‍ഥികള്‍ വിജയക്കൊടി പാറിച്ചുവെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വര്‍മയുടെ വിശ്വസ്തനായ തേജീന്ദര്‍ ബഗ്ഗ അടക്കമുള്ളവര്‍ തോറ്റു. ഡല്‍ഹിയിലെ അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനവും വര്‍മ്മയെ തുണച്ചില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ 1700 ഓളം അനധികൃത കോളനികളാണ് ഉള്ളതെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവും ആയിരുന്ന സാഹിബ് സിങ് വര്‍മ്മയുടെ മകനാണ് പര്‍വേഷ് വര്‍മ്മ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക