Image

63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം പോയി

Published on 11 February, 2020
63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം പോയി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം പോയി. അര്‍വിന്ദര്‍ സിങ് ലൗലി, ദേവേന്ദര്‍ യാദവ്, അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ പിടിക്കാന്‍ കഴിഞ്ഞത്. ആംആദ്മി വിട്ട് കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച അല്‍ക്ക ലാംബ, ആദര്‍ശ് ശാസ്ത്രി എന്നിവര്‍ക്കു കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഒഖ്‌ല മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ഥി അമാനത്തുള്ള ഖാനും നിഷ്പ്രയാസം വിജയിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രമുഖ വനിതാ  നേതാവ് അതിഷിയും കടുത്ത മല്‍സരത്തിനൊടുവിലാണ് നേരിയ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയത്. 1993 മുതല്‍ കോണ്‍ഗ്രസിനെയോ ബിജെപിയെയോ വിജയിപ്പിച്ച ചരിത്രമായിരുന്നു ചാന്ദ്‌നി ചൗക്കിന്. ഇതു കഴിഞ്ഞ വട്ടം അല്‍ക്കയാണു തിരുത്തിയത്, എഎപി ടിക്കറ്റില്‍. 1993 മുതല്‍ 1998 വരെ ബിജെപിയെ വിജയിപ്പിച്ചു വിട്ടപ്പോള്‍ 1998 മുതല്‍ 2015 വരെ കോണ്‍ഗ്രസിനായിരുന്നു വിജയം. കോണ്‍ഗ്രസില്‍ നിന്നു എഎപിയിലെത്തിയ അല്‍ക്ക, മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ അടക്കമുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണു പാര്‍ട്ടി വിട്ടത്. പിന്നാലെ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.

തങ്ങളുടെ കോട്ട പൊളിച്ചയാളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ പയറ്റിയ ആളെയാണ് എഎപി നിര്‍ത്തിയത്. 1998, 2003, 2008, 2013 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചയാളാണു പ്രഹ്ലാദ് സിങ് സാഹ്‌നി. എഎപിയിലെത്തിയതു കഴിഞ്ഞ വര്‍ഷം. 2015ല്‍ 49.35 ശതമാനം വോട്ടു നേടിയാണ് അല്‍ക്ക ലാംബ വിജയിച്ചത്. അന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സാഹ്നി മൂന്നാം സ്ഥാനത്തായി. 24.07 ശതമാനം വോട്ട് മാത്രമാണു നേടിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 18,287 വോട്ടുകള്‍ക്കാണ്  അല്‍ക്ക ലാംബ എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്‌നിയോട് പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനായ ആദര്‍ശ് ശാസ്ത്രിയും കഴിഞ്ഞ തവണ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ നിന്ന് മത്സരിച്ച് ജയിച്ചയാളാണ്. എന്നാല്‍ ഇത്തവണ സീറ്റു നിഷേധിക്കപ്പെട്ടതിനാല്‍ ആം ആദ്മിയോട് പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ദ്വാരക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എഎപിയുടെ വിനയ് മിശ്രയാണ് ഇവിടെ വിജയിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക