Image

അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം കാസര്‍കോട്ട്‌

Published on 12 February, 2020
അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം കാസര്‍കോട്ട്‌

ബേക്കല്‍: അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി ഉരു ടൂറിസം വികസനവുമായി ടൂറിസം വകുപ്പിന്‌ കീഴിലുള്ള ബി ആര്‍ ഡി സി. 

കേരളത്തിലെ  16 നദികള്‍  ഒഴുകുന്ന ഉത്തര മലബാര്‍ സംസ്‌കാര തനിമ വിനോദ സഞ്ചാരികള്‍ക്ക്‌ ഉരു യാത്രയിലൂടെ അടുത്തറിയാനും നാടിന്റെ തനത്‌ കലാരൂപങ്ങള്‍ ആസ്വദിക്കാനുമുള്ള  നദിയോര സംസ്‌കാര സഞ്ചാര ടൂറിസം പദ്ധതിയാണ്‌ ബി ആര്‍ ഡി സി ആവിഷ്‌ക്കരിച്ചിട്ടുള്ളത്‌. 

കൂടുതല്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമാണ്‌ പദ്ധതിയുടെ ലക്ഷ്യം.

വടക്കിന്റെ  കലാരൂപങ്ങളായ യക്ഷഗാനം, പാവക്കളി, കോല്‍ക്കളി, അലാമിക്കളി, ദഫ്‌ മുട്ട്‌, ഒപ്പന എന്നിവയ്‌ക്ക്‌ പുറമേ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മംഗലം കളി, എരുത്‌ കളി, മാന്‍ കളി എന്നിവയുടെയുമൊക്കെ തനത്‌ രൂപം ചോരാതെ വിദേശികള്‍ക്ക്‌ കാണാന്‍ ഉരു ടൂറിസത്തിലൂടെ അവസരമൊരുക്കിട്ടുണ്ട്‌. 

ഇതോടൊപ്പം കണ്ണൂര്‍ - കാസര്‍കോട്‌ ജില്ലകളിലെ നാട്ടുഭക്ഷണ രുചി ആസ്വദിച്ചു കൊണ്ട്‌ നമ്മുടെ പൗരാണികവും ജൈവ വൈവിധ്യങ്ങളുറങ്ങുന്ന കാവുകളും കോട്ടങ്ങളും ക്ഷേത്രങ്ങളും പള്ളികളും മസ്‌ജിദുകളും കണ്ട്‌ അവയുടെ ചരിത്ര ധാന്യമറിയാനും പദ്ധതിയിലൂടെ സാധിക്കും. 

കവികളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും ജീവന്‍ തുടിക്കുന്ന കഥകള്‍ ഉരു യാത്രയിലൂടെ പല സ്ഥലങ്ങളില്‍ നിന്നായി ആസ്വദിക്കാനാകും. 

തണ്ണീര്‍തടങ്ങളും ഔഷധ സസ്യ വൈവിധ്യങ്ങളും നാട്ടുമരുന്നുകളും ഗ്രാമീണ ചന്തകളും വിവിധ ഗ്രാമങ്ങളിലൂടെ കാണാന്‍ കഴിയുന്ന തരത്തിലുള്ള വന്‍ പാക്കേജുകളാണ്‌ ഉരു ടൂറിസത്തിലൂടെ ഒരുക്കിട്ടുള്ളത്‌.

കേരളത്തില്‍ കായലില്‍ കൂടി സഞ്ചരിക്കുന്ന ഉരു ടൂറിസം  ഇത്‌ ആദ്യമാണ്‌. സ്‌മൈല്‍ ടൂറിസമെന്ന തന്ത്രപരമായ പദ്ധതി നടപ്പിലാക്കി കാസര്‍കോട്‌ ജില്ലയെ ടൂറിസം ഭൂപടത്തില്‍ മുന്‍ നിരയിലെത്തിച്ച ബി ആര്‍ ഡി സിയുടെ മറ്റൊരു നൂതന സംരംഭമായ ഉരു ടൂറിസം വിദേശികള്‍ക്കും ആഭ്യന്തര സഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകും.

50 പേര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയുന്ന ഉരുവാണ്‌ ടൂറിസം വകുപ്പിന്‌ കീഴിലുള്ള ബി ആര്‍ ഡി സി സജ്ജമാക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക