Image

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു; പ്രധാനമന്ത്രി മോഡി

Published on 12 February, 2020
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു; പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡി. വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ്‌ പ്രസിഡന്റിന്റേത്‌. ഇന്ത്യ-യുഎസ്‌ സൗഹൃദം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ഊട്ടിഉറപ്പിക്കുമെന്നും മോഡി പറഞ്ഞു.

ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ്‌ ഇന്ത്യയും യുഎസും. വിശാലമായ വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്‌പരം സഹകരിച്ച്‌ വരുന്നുണ്ട്‌. 

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്‍മാരില്‍ മാത്രമല്ല ലോകമെമ്‌ബാടും വ്യാപിക്കുന്നുണ്ടെന്നും മോഡി പറഞ്ഞു. ട്വിറ്ററിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ്‌ ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ്‌ ഇന്ത്യയിലെത്തുക. അതേസമയം, വിശിഷ്ടാതിഥികള്‍ക്ക്‌ ഇന്ത്യ അവിസ്‌മരണീയ സ്വീകരണമൊരുക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു.

ഡൊണാള്‍ഡി ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്‌. ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്‌. 

രണ്ടു മാസമായി ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ച്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്‌ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്‌ വിദേശകാര്യമന്ത്രാലയം സന്ദര്‍ശനം സ്ഥിരീകരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക