ബ്ലസി സംവിധാനം ചെയ്യുന്ന 'ആടു ജീവിതം' എന്ന പുതിയ ചിത്രത്തിലൂടെ സംഗീത ഇതിഹാസം എആര്‍ റഹ്മാന് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ചെന്നൈയില്‍ ഒരു പരിപാടിയ്ക്കെത്തിയപ്പോഴാണ് മലയാളത്തിലേക്കുള്ള മടങ്ങിവരവ് റഹ്മാന് സ്ഥിരീകരിച്ചത്.
നീണ്ട ഇടവേളക്ക് ശേഷമാണ് റഹ്മാന് മലയാള സിനിമയിലേക്ക് എത്തുന്നത്. ഇരുപത്തിയെട്ടു കൊല്ലത്തിനു മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ യോദ്ധയിലാണ് എആര്‍ റഹ്മാന് സംഗീതം നല്‍കിയത്. ഇതിന് ശേഷമാണ് പുതിയ ചിത്രം ആടുജീവിതത്തില്‍ അദ്ദേഹം സംഗീത സംവിധാനം ഒരുക്കുന്നത്.
എഴുത്തുകാരന് ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലസി അതേ പേരില്‍ സിനിമയൊരുക്കുന്നത്. നോവലിലെ മുഖ്യ കഥാപാത്രം നജീബായി വേഷമിടുന്നത് നടന് പൃഥ്വിരാജാണ്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്ക്ഓവര്‍ നേരത്തെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.