Image

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം ജോലി

Published on 12 February, 2020
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം ജോലി
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം ജോലി. എന്നാല്‍, ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട് വര്‍ധിപ്പിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 20 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും.

നിലവില്‍ മുംബൈയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിസമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 5.30 വരെയാണ്. മഹാരാഷ്ട്രയിലെ മറ്റുസ്ഥലങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് 5.45 വരെയും. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ രാവിലെ 9.45 മുതല്‍ വൈകൂട്ട് 6.15 വരെയാവും എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം. പോലീസ് അഗ്‌നിശമന സേന, കോളേജ് അധ്യാപകര്‍, പോളിടെക്നിക്ക് അധ്യാപകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ തീരുമാനത്തോടെ വെള്ളവും വൈദ്യുതിയും ഇന്ധനവും ലാഭിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രമാണ് ജോലി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക