Image

രാജ്യത്തെ വിദേശകടം 39.76 ലക്ഷം കോടി രൂപ, വന്‍ വര്‍ധന

Published on 12 February, 2020
രാജ്യത്തെ വിദേശകടം 39.76 ലക്ഷം കോടി രൂപ, വന്‍ വര്‍ധന
മുംബൈ: കഴിഞ്ഞ സെപ്റ്റംബര്‍വരെയുള്ള രാജ്യത്തെ വിദേശകടം 39.76 ലക്ഷം കോടി രൂപ (55,752 കോടി ഡോളര്‍) കവിഞ്ഞു. 2019 മാര്‍ച്ച് അവസാനം ഇത് 54,300 കോടി ഡോളര്‍ (38.72 ലക്ഷം കോടി രൂപ) ആയിരുന്നു. അതായത് ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള ആറുമാസക്കാലത്ത് 1452 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വര്‍ധനയാണുണ്ടായത്.

വിദേശകടത്തില്‍ കൂടുതലും വാണിജ്യവായ്പകളാണ്. മൊത്തം വിദേശകടത്തിന്റെ 38.8 ശതമാനം വരുമിത്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം 23.8 ശതമാനമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിട്ടുള്ള ദീര്‍ഘകാലവായ്പകള്‍ 44,840 കോടി ഡോളര്‍ (31.98 ലക്ഷം കോടി രൂപ) വരും. ജൂണ്‍ മാസത്തെക്കാള്‍ 103 കോടി ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. വായ്പകളില്‍ 51.9 ശതമാനവും യു.എസ്. ഡോളറിലുള്ളതാണ്. രൂപയില്‍ 34.4 ശതമാനവും യെന്നില്‍ 5.2 ശതമാനവും വായ്പകളുണ്ട്. ഇന്ത്യയ്ക്ക് ഏറ്റവുംകൂടുതല്‍ വായ്പ നല്‍കിയ രാജ്യം ജപ്പാനാണ്. ദീര്‍ഘകാലവായ്പകളാണ് ഇവയിലധികവും.

ഇന്ത്യയുടെ വിദേശകടത്തില്‍ അന്താരാഷ്ട്ര നാണയനിധിയില്‍നിന്നുള്ള വായ്പയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 2018 സെപ്റ്റംബറിലെ 560 കോടി ഡോളറില്‍നിന്ന് 2019 സെപ്റ്റംബറില്‍ 540 കോടി ഡോളറായാണ് കുറഞ്ഞത്. 2014ല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തുടങ്ങിയ ന്യൂ ഡെവലപ്‌മെന്റ് ബാങ്കില്‍നിന്ന് ഇന്ത്യ 2018 അവസാനം വരെയുള്ള കണക്കുപ്രകാരം 30,900 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. പ്രധാനമായും റോഡ്, ഊര്‍ജം, ജലവിതരണം എന്നീ മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നത്.

2019 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം രാജ്യത്തെ മൊത്തം കടബാധ്യത 91.01 ലക്ഷം കോടി രൂപയാണ്. 76.66 ലക്ഷം കോടി രൂപയുടെ ആഭ്യന്തര കടബാധ്യത അടക്കമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക