Image

ഗാര്‍ഗി കോളേജ് സംഭവം; അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published on 13 February, 2020
ഗാര്‍ഗി കോളേജ് സംഭവം; അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാകേത് ജില്ലാ കോടതിയാണ് ഉത്തരവ് നല്‍കിയത്. അറസ്റ്റിലായ പത്ത് പേരെയും തിഹാര്‍ ജയിലിലേക്കാണ് അയക്കുക.


കോളേജിന് സമീപത്തുണ്ടായിരുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഐപിസി 452, 354, 509, 32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗികോളേജ് വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. കോളേജ് ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. മദ്യപിച്ച്‌ പുറത്ത് നിന്നെത്തിയ ഒരു സംഘം അക്രമികള്‍ കയറി പിടിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. 


കോളേജ് അധികൃതരും പോലീസും നോക്കി നില്‍ക്കെയായിരുന്നു സംഭവമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പാര്‍ലമെന്റി്ലെ ഇരുസഭകളിലും സംഭവം ചര്‍ച്ചയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. ഇതിന് പിന്നാലെ ഡല്‍ഹി പോലീസ് കേസെടുത്തു. എന്നാല്‍ കോളേജില്‍ ഫെസ്റ്റിവല്‍ നടക്കുന്നതിനെക്കുറിച്ച്‌ കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക