Image

നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണം പ്രതികൂലമായി ബാധിച്ചു: അമിത് ഷാ

Published on 13 February, 2020
 നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണം പ്രതികൂലമായി ബാധിച്ചു: അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിന് 'ഗോലി മാരോ, ഇന്ത്യപാക് മാച്ച്' എന്നീ പ്രയോഗങ്ങള്‍ ബിജെപി ഉപയോഗിക്കരുതായിരുന്നുവെന്ന് അമിത് ഷാ. ഡല്‍ഹിയില്‍ ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ച് അമിത് ഷാ തുറന്നു സംസാരിച്ചത്.

പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി അകലം പാലിക്കണം.ഡല്‍ഹി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ തെറ്റായി ഭവിച്ചു'  അമിത് ഷാ പറഞ്ഞു.

ഡല്‍ഹി തിരഞ്ഞെടുപ്പിന് വിപുലമായ പ്രചരണ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരുന്നത്. 270 എംപിമാരും 70 കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും ഉള്‍പ്പടെ നേതാക്കളുടെ വന്‍നിരയാണ് പ്രചാരണത്തിന് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ എട്ടുസീറ്റുമാത്രമാണ് ബിജെപിക്ക് നേടാനായത്. ജനങ്ങള്‍ ബിജെപിയെ തിരസ്കരിച്ചതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് എഎപി ഉള്‍പ്പെടെയുളള എതിര്‍പാര്‍ട്ടികള്‍ അവകാശപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തെ വിമര്‍ശിച്ചതുള്‍പ്പടെ വിദ്വേഷപ്രചാരണങ്ങള്‍ക്കാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചത്. ഇത് ബിജെപിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ പ്രചാരണത്തിനിടയില്‍ പരിധി ലംഘിച്ച നേതാക്കന്മാര്‍ക്കെതിരെ ബിജെപി നടപടിയെടുത്തില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക