Image

സ്‌പെക്‌ട്രം ലൈസന്‍സ് ഫീസ് കുടിശ്ശിക; ടെലികോം കമ്ബനികളെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

Published on 14 February, 2020
സ്‌പെക്‌ട്രം ലൈസന്‍സ് ഫീസ് കുടിശ്ശിക; ടെലികോം കമ്ബനികളെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്ബനികളെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി. സ്‌പെക്‌ട്രം ലൈസന്‍സ് ഫീസ് കുടിശ്ശിക അടയ്ക്കാന്‍ കൂടുതല്‍ സാവകാശം തേടിയ കമ്ബനികള്‍ക്ക് എതിരെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.

കേന്ദ്ര സര്‍ക്കാരിനെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജുഡീഷ്യല്‍ വ്യവസ്ഥയോട് കമ്ബനികള്‍ക്ക് ബഹുമാനം ഇല്ലാത്തത് പണാധികാരത്തിന്റെ ഫലമാണെന്ന് കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.


കുടിശ്ശിക തിരിച്ച്‌ പിടിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയ ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥന് കോടതി അലക്ഷ്യത്തിന് നോട്ടീസും അയച്ചു.

എയര്‍ടെല്‍, വൊഡാഫോണ്‍, എംടിഎന്‍എല്‍, ബിഎസ്‌എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റ ടെലികമ്മ്യൂണിക്കേഷനസ് എന്നീ കമ്ബനികളുടെ സിഎംഡിമാരോട് 17-ാം തീയതി നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി


ഈ ഹര്‍ജി നല്‍കാന്‍ പോലും പാടില്ലായിരുന്നു, അസംബന്ധമാണിത്. ഈ രാജ്യത്ത് നിയമങ്ങളില്ലേ? അങ്ങേയറ്റം മനോവേദന തോന്നുന്നു. ഇനിയും ഈ കോടതിയില്‍ ജോലി ചെയ്യേണ്ട എന്ന് വരെ തോന്നുന്നു- ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ടെലികോം കമ്ബനികള്‍ കുടിശ്ശിക അടുത്ത മാസം 17ന് മുമ്ബ് അടച്ച്‌ തീര്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇന്ന് സുപ്രീം കോടതി നല്‍കിയത്. കുടിശ്ശിക തീര്‍ക്കാന്‍ ഇനിയും സാവകാശം തേടി കമ്ബനികള്‍ ഹര്‍ജി നല്‍കിയതാണ് കോടതിയെ ചൊടിപ്പിച്ചത്.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) പുനര്‍നിര്‍വചിച്ച ടെലികോം വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച സുപ്രീംകോടതി വിധിയനുസരിച്ച്‌ സ്‌പെക്‌ട്രം യൂസേജ് ചാര്‍ജ് അടക്കം 1.47 ലക്ഷം കോടിയാണ് ടെലികോം കമ്ബനികള്‍ അടയ്‌ക്കേണ്ടത്. ടെലികോം വകുപ്പിന്റെ കണക്കനുസരിച്ച്‌ ഭാരതി എയര്‍ടെല്‍ 23,000 കോടിയും, വോഡഫോണ്‍-ഐഡിയ 19,823 കോടിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 16,456 കോടിയും അടയ്ക്കാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക