Image

കുംഭമാസ പൂജയ്ക്ക് ശബരിമല നട തുറന്നു

Published on 14 February, 2020
കുംഭമാസ പൂജയ്ക്ക് ശബരിമല നട തുറന്നു
ശബരിമല: കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. കൊടും ചൂടിനെയും ശരണ മന്ത്രങ്ങളാല്‍ ആത്മഹര്‍ഷമാക്കി മാറ്റി  മലകയറി എത്തിയ പതിനായിരങ്ങള്‍ അയ്യപ്പ ദര്‍ശനത്തിന്റെ സുകൃതാമൃതം നുകര്‍ന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ  സാന്നിധ്യത്തില്‍ നട തുറന്നപ്പോള്‍ സന്നിധാനമാകെ  ശരണ ഘോഷങ്ങളായിരുന്നു.

ശ്രീകോവിലിലെ  ദീപങ്ങള്‍ തെളിച്ച ശേഷം  മാളികപ്പുറത്തെ നടതുറക്കാനയി അവിടത്തെ മേല്‍ശാന്തി എം.എസ് പരമേശ്വരന്‍ നമ്പൂതിരിക്ക് താക്കോലും  ഭസ്മവും നല്‍കി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടിയിറങ്ങി  ആഴി തെളിച്ചു. അതിനു ശേഷമാണ് തീര്‍ഥാടകരെ പടി കയറാന്‍ അനുവദിച്ചത്. നട തുറക്കുമ്പോള്‍ തന്നെ ദര്‍ശനത്തിനായി  ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി,സ്‌പെഷല്‍ കമ്മിഷണര്‍  എം. മനോജ്,  തുടങ്ങിയവര്‍ എത്തിയിരുന്നു.

ഇന്നു മുതല്‍ 18 വരെ നെയ്യഭിഷേകം ഉണ്ടാകും.  രാവിലെ 5.30ന് ആരംഭിക്കുന്ന നെയ്യഭിഷേകം 10. 15  വരെ ഉണ്ടാകും. അഷ്ടാഭിഷേകത്തിനുള്ള  സൗകര്യവും ഉണ്ട്. 18 വരെ എല്ലാ ദിവസവും കളഭാഭിഷേകം, സഹസ്ര കലശം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവയുണ്ടാകും. 18ന് രാത്രി 10ന് നട അടയ്ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക