Image

''മോദിക്കും അമിത് ഷായ്ക്കും ബെഹ്‌റയെ ഇഷ്ടമാണ്,​ അങ്ങ് ഡല്‍ഹിയിലുമുണ്ട് പിടി,​ അതാ ഞാന്‍ പറഞ്ഞത് സി.ബി.ഐ വേണ്ടെന്ന്'': തുറന്നടിച്ച്‌ മുല്ലപ്പള്ളി

Published on 15 February, 2020
''മോദിക്കും അമിത് ഷായ്ക്കും ബെഹ്‌റയെ ഇഷ്ടമാണ്,​ അങ്ങ് ഡല്‍ഹിയിലുമുണ്ട് പിടി,​ അതാ ഞാന്‍ പറഞ്ഞത് സി.ബി.ഐ വേണ്ടെന്ന്'': തുറന്നടിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: പൊലീസിന്റെ തോക്കും തിരയും കാണാതായതും പര്‍ച്ചേസ് മാന്വല്‍ ലംഘിച്ചതുമൊക്കെയായ വിവാദ സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ സി.ബി.ഐ അന്വേഷിച്ചതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെഹ്‌റ മുമ്ബ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നതുകൊണ്ട് സി.ബി.ഐയുമായി പലതരത്തിലുള്ള ബന്ധമുണ്ട്. മോദിക്കും അമിത് ഷായ്ക്കും ബെഹ്റയെ ഇഷ്ടമാണ്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം പോരെന്ന് ഞാന്‍ പറയുന്നത്. ഞാനുമായി ആലോചിക്കാതെയാണ് രമേശ് ചെന്നിത്തല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടായതാണ് കാരണം. 


എതിര്‍പ്പിന് കാരണം

ലോക്‌നാഥ് ബെഹ്റയ്ക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം പാടില്ലെന്നാണ് എന്റെ നിലപാട്. ഏത് അന്വേഷണം വേണമെന്നതിനെപ്പറ്റിയുള്ള കെ.പി.സി.സിയുടെ ഔദ്യോഗിക നിലപാട് നാളെ ഞാന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം മാത്രമേ തീരുമാനിക്കൂ. പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടിയുമായി ഒരുമിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യും. സി.ബി.ഐ അന്വേഷണ ആവശ്യത്തില്‍ ഞാനും ചെന്നിത്തലയുമായി ഭിന്നതയില്ല. രമേശിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും. ബെ‌ഹ്റ ഡല്‍ഹിയില്‍ ഉണ്ടായിരുന്നത് കൊണ്ട് അയാള്‍ക്ക് സി.ബി.ഐയുമായി പല തരത്തിലുള്ള ബന്ധമുണ്ട്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ ഞാന്‍ എതിര്‍ക്കുന്നത്.

അന്നേ പറഞ്ഞതാണ്

ഓരോ കാര്യങ്ങളെപ്പറ്റിയും ആലോചിച്ച്‌ മാത്രമേ ഞാന്‍ അഭിപ്രായം പറയാറുള്ളൂ. പൗരത്വ നിയമ ഭേദഗതിയില്‍ സി.പി.എമ്മുമായി ഒത്തുചേര്‍ന്നുള്ള പ്രക്ഷോഭം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന എന്റെ നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ പാര്‍ട്ടിക്കകത്തെ എല്ലാവര്‍ക്കും മനസിലായി. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഈ രാജ്യത്തോട് വഞ്ചന കാണിച്ച ചരിത്രമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. ഒപ്പം ചേര്‍ന്നാല്‍ വഴിയില്‍ വച്ച്‌ അവര്‍ നമ്മളെ തള്ളി പറയുമെന്ന് ഞാന്‍ അന്നേ രമേശിനോട് പറഞ്ഞിരുന്നു. മോദിക്ക് വേണ്ടി മുഖ്യമന്ത്രി ഇപ്പോള്‍ ജയ് വിളിക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ. ലാ‌വ്‌ലിന്‍ കേസില്‍ മോദിയെ പേടിച്ചിരിക്കുകയാണ് പിണറായി.

ആ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ട്

സി.ബി.ഐ അന്വേഷണം നടന്നാല്‍ ബെഹ്റയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നിന്നും കേന്ദ്രത്തില്‍ നിന്നുമുണ്ടാകും. മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പിണറായി ഇറക്കിയ ആദ്യ ഉത്തരവ് ബെഹ്റയുടെ നിയമനമായിരുന്നു. രണ്ട് സീനിയര്‍ ഓഫീസര്‍മാരെ മറികടന്നായിരുന്നു ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി ഓഫീസറായിരുന്നപ്പോള്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ലഭിച്ച പ്രത്യുപകാരമാണ് ബെഹ്റയുടെ കേരളത്തിലെ നിയമനം.

അന്ന് ബെഹ്റ മോദിയേയും അമിത് ഷായേയും വെള്ളപ്പൂശി നല്‍കിയ റിപ്പോര്‍ട്ടിന്റെ ഫയലുകള്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നുവെന്ന് നേരത്തെ പറഞ്ഞത് ഓര്‍മ്മ വേണം. ബെഹ്റ അന്ന് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ബെഹ്റയെന്ന് ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

ഉണ്ട പോയത് എങ്ങോട്ട് ?

പൊലീസിന്റെ റൈഫിളുകളും ബുള്ളറ്റുകളും കാണാതെ പോയത് വളരെ ഗൗരവമുള്ള കാര്യമാണ്. കേരളത്തില്‍ അധോലോക നായകന്മാരും കള്ളക്കടത്ത് സംഘങ്ങളും വ്യാപകമായുണ്ട്. മാവോ സംഘങ്ങള്‍ പ്രബലമാണെന്ന് മുഖ്യമന്ത്രി പറയുന്നു. തീവ്രവാദി ഗ്രൂപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ നഗരങ്ങളെ കേന്ദ്രീകരിച്ച്‌ വാടക കൊലയാളികളും ഗുണ്ടകളും കള്ളപ്പണ സംഘങ്ങളുമുണ്ട്. ഇവരില്‍ ആരുടെ കൈകളിലേക്കാണ് റൈഫിളുകളും ബുള്ളറ്റുകളും പോയത് ? എന്തുകൊണ്ട് ഇതൊക്കെ അവിടെ എത്തിക്കൂടാ ? സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന അഴിമതി രണ്ടാമത്തെ കാര്യമാണ്. ആദ്യം തോക്ക് പോയ കാര്യമാണ് അന്വേഷിക്കേണ്ടത്. തോക്കെന്ന് പറയുന്നത് സാധാരണ പൊലീസുകാര്‍ ഉപയോഗിക്കുന്ന തോക്കല്ല എന്നതും ശ്രദ്ധിക്കണം.

ജനം വിശ്വസിക്കില്ല

ആഭ്യന്തര വകുപ്പിന് മാത്രമല്ല, സംസ്ഥാനത്തിന് തന്നെ ബെഹ്‌റ ബാദ്ധ്യതയാണ്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഈ മൗനമെന്ന് മനസിലാകുന്നില്ല, ബെഹ്റയെ രക്ഷിക്കാന്‍ വേണ്ടിയാണോ മോദിയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണോ ? പൊലീസ് സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് പണം ചെലവഴിച്ചതില്‍ വമ്ബന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇതൊന്നും അറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അറിയില്ലെന്ന് അദ്ദേഹം പറഞ്ഞാല്‍ ആഭ്യന്തര വകുപ്പില്‍ തുടരാന്‍ പിണറായിക്ക് അര്‍ഹതയില്ല എന്നാണ് അതിന്റെ അര്‍ത്ഥം. ഞാന്‍ ഇതൊന്നും അറിഞ്ഞില്ല കാക്കി കുപ്പായക്കാരനാണ് ഇതൊക്കെ ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല.

Join WhatsApp News
VJ Kumr 2020-02-15 12:47:53
എന്റെ പിള്ളി….; SEE BELOW: ഡിജിപിയുടെ ബ്രിട്ടൺ യാത്ര ദുരൂഹമെന്ന് വി.മുരളീധരൻ, പോലീസിന്റെ അഴിമതിയിൽ കേന്ദ്രം ഇടപെടും Read more: https://www.janmabhumidaily.com/ news/dgp-britain-journey-vmuraleedharan-79061.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക