Image

മൂല്യമാലിക 12 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 18 May, 2012
മൂല്യമാലിക 12 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
104. കില്ലില്ല ധര്‍മ്മനിവഹം പണയപ്പെടുത്തി
എല്ലാം തരുന്ന പരനേ നിനയാതെ, നമ്മള്‍
എല്ലാം പടച്ചു ഞെളിയാന്‍ തുനിയുന്ന നേരം
എല്ലാം തകര്‍ന്നു തരിയാവുകയാണൊടുക്കം.

105. കണ്ടാലുമാര്‍ക്കുമറിയില്ല,തു നേര്‍ക്കുവന്നു
കൊണ്ടാലുമില്ല,തു വിനാശകബുദ്ധിയെന്നാല്‍
ഉണ്ടായിടും പടുപരാജയമൊക്കെ മാറ്റാന്‍
തണ്ടാരിന്‍മാതിനു ജവം കഴിയാത്തതല്ല.

106. നെപ്പോളിയന്‍ മതിമറന്നു കുതിച്ചുകേറി
അപ്പോളതാ മകുടമങ്ങു തെറിച്ചുപോയി
എപ്പേരുമാവഴി ചരിച്ചു നശിച്ചുപോയി
അപ്പേരുദോഷ മിവിടിട്ടു കടന്നുപോയി.

107. ആകെപ്പാലിരുനാഴി, പാതിജലവും ചേര്‍ത്തങ്ങു പൊട്ടന്‍തുടം
പാകത്തില്‍ പെരുമാറിടുമ്പൊഴുളവാകും നാഴിയും ചേരവേ,
ആകെക്കൂടിയിടങ്ങഴി, പതിവിതാണു്, അപ്പോഴതാ മിന്നലാല്‍
ചാകുന്നപ്പശു, സത്യസാക്ഷിഭഗവാന്‍ നീതിജ്ഞനോ?, ക്രൂരനോ?

108. ദാവീദന്നൊരുനാള്‍ പിഴച്ച പിഴയാ വിശ്വോത്തരജ്ഞാനിയെ
നാവിന്നപ്പുുറ മാത്മതാപ വിശിഖത്താലങ്ങു നോവിക്കവേ,
ആവിര്‍ഭാവമെടുത്ത പൂത്തിരിയതാ 'ണന്‍പത്തിയൊന്നെ'ങ്കിലും *(1)
ആവില്ലിന്നു നമുക്കു സ്വന്തനിലയില്‍ത്തത്താ്വൃശം നീങ്ങുവാന്‍.

109. ഏതാണാവശ്യമിന്ന പ്പെരുവഴി നികടേ നിന്നു മാലോകരോടായ്
വേദാന്തം ചൊല്‍കയാണോ? വയറിനു വകയേ വേണ്ടപോല്‍ വയ്ക്കയാണോ?
ഭ്രാതാവാരാണു്? കടെപ്പിറവിയോ? പൊരിപൈദാഹമാറ്റുന്നൊരന്ന -
ദാതാവല്ലേ! ഇതാണിന്നവനിയിലറിയേണ്ടുന്നൊരാ സത്യവേദം!

110. ശത്രുക്കളില്ലാത്തൊരു ലോകമാണെന്റെ സ്വപ്നമെന്നും
ശത്രുവായ്ത്തീരാത്തൊരു രാഗമാണെന്റെ ഗാനമെന്നും
ശാന്തമായൊരു ജീവിതം മാത്രം കൊതിക്കുന്നു ഞാനെന്‍
ശാന്തിക്കു സര്‍വ്വേശ്വരനോടര്‍ത്ഥിപ്പൂ കൃപയ്ക്കു നിത്യം !.

(1.) 51 –ാം സങ്കീര്‍ത്തനം

……………………..
മൂല്യമാലിക 12 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക