Image

ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു...(ഹൃദയരാഗം -2)

അനില്‍ പെണ്ണുക്കര Published on 16 February, 2020
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു...(ഹൃദയരാഗം -2)
വയലാറിനും ഭാസ്കരന്‍മാസ്റ്റര്‍ക്കുംശേഷം മലയാളസിനിമാഗാനരചനാരംഗത്തിനു പുതിയ ഭാവുകത്വം നല്കിയ ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി.കാവ്യബിംബങ്ങളുടെ ധാരാളിത്തമാണ് അദ്ദേഹത്തിന്റെ  ഗാനങ്ങളുടെ മുഖമുദ്ര...

കഥാകാരന്മാര്‍ തങ്ങളുടെ കൃതികളില്‍ സ്വീകരിക്കു
ന്ന തിണസങ്കല്പം തന്റെ ഓരോഗാനത്തിലും ശ്രീകുമാരന്‍തമ്പി സന്നിവേശിപ്പിച്ചിരുന്നു .അദ്ദേഹത്തിന്റെ ജന്മദേശമായ ഹരിപ്പാടും, അതിന്റെ ചുറ്റുവട്ടങ്ങളും നിരവധി ഗാനങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നത്  കാണാം.
1976ല്‍ പുറത്തിറങ്ങിയ  അയല്‍ക്കാരി എന്ന ചിത്രത്തിലെ അതിമനോഹരമായഗാനമാണ്,

പ്രണയഗാനമാണ് ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു  എന്ന ഗാനം ...
ജി.ദേവരാജന്‍മാഷ് ഈണവും യേശുദാസ് നാദവുംനല്കിയ ഈ ഗാനം ശ്രീകുമാരന്‍തമ്പി എന്ന കവിയുടെ കവനപാടവത്തിനും ബിംബസന്നി വേശത്തിനും ഉത്തമോദാഹരണമാണ്.

തമ്പിസാറിന്റെ ഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന  ആ ഗ്രാമീണചിത്രം, ബിംബങ്ങളും കഥാഘടനയോടും കവിയോടും എല്ലാം പൊരുത്തപ്പെടുന്നവയാണ്.

താന്‍ജനിച്ചുവളര്‍ന്ന  നാടും നാട്ടുവഴികളും  അതില്‍നിറയുന്ന  ഗന്ധവുമെല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ഇടംപിടിക്കുന്നു .
അവ പ്രയണത്തിന്റെയും വിരഹത്തിന്റെയും ദര്‍ശനങ്ങളുടെയും ധാര്‍മ്മികബോധത്തിന്റെയും ശക്തമായ ബിംബങ്ങളായായി മാറുന്നു .
അത് ആസ്വാകന്റെമനസ്സില്‍ സ്ഫടികത്തെളിമയുള്ള  ഭാവാദ്രമായചിത്രങ്ങളും നിറക്കൂട്ടുകളും  പകര്‍ന്നു നല്‍കുവാന്‍  ശക്തമാണ്.
ഹരിപ്പാട് ക്ഷേത്രവും , പ്രദേശവുമായി ബന്ധപ്പെട്ടതും  താന്‍ നേരിട്ടുകണ്ടതും  അനുഭവിച്ചതുമായ കാഴ്ചകള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളിലും ഉണ്ടാകും  .ഗ്രാമശാന്തിയും സ്വച്ഛമായ ഹൈന്ദവവിശ്വാസവും അനുഷ്ഠാനവും നിറഞ്ഞ ഹരിപ്പാട് എന്ന  ക്ഷേത്രദേശവും ഗൃഹാന്തരീക്ഷവും ശ്രീകുമാരന്‍തമ്പിയുടെ രചനകളെ ഇലഞ്ഞിപ്പൂമണമുള്ളതാക്കുന്നു .

ഇലഞ്ഞിപ്പൂമരങ്ങളില്ലാത്ത മുറ്റങ്ങളോ നടവഴികളോ ക്ഷേത്രങ്ങളോ ഇവിടെ ദുര്‍ലഭമാണ്. ഇലഞ്ഞിപ്പൂവിനു മനസ്സിലെ മൃദുലവികാരങ്ങളെ ഉണര്‍ത്തുവാനുള്ള കഴിവുണ്ട്.

പ്രണയത്തെ ഉദ്ദീപിപ്പിക്കുവാന്‍ പൂമണവും നിലാവും രാപ്പാടികളുടെഗാനങ്ങളും വണ്ടും മലരുമൊക്കെ ശക്തമായ കാര്യങ്ങളാണ്...
പമ്പാസരസ്സില്‍വിരിയുന്ന  ചെന്താമരകളും അരയന്ന മിഥുനങ്ങളും പിന്നെ നിലാവുമെല്ലാം  ശ്രീരാമന്റെ പ്രിയാവിരഹത്തെയും അനുരാഗവും തീവ്രമാക്കി പൊള്ളിക്കുന്ന  രംഗം കണ്ണശ്ശരാമായണത്തില്‍ കാണാം.

ഒഴുകിയെത്തുന്ന  ഇലഞ്ഞിപ്പൂമണം ഇന്ദ്രിയങ്ങളില്‍നിറയുമ്പോള്‍ ഏകാനായ കാമുകന്‍ പ്രിയാസ്മരണയില്‍ മധുരനൊമ്പരപ്പെട്ടു പാടുകയാണ്...
പ്രണയം തീവ്രമാക്കാന്‍ പര്യാപ്തമാണ് ഈ പൂമണം...
ഈ ഗാനം  കേള്‍ക്കുമ്പോള്‍ നമുക്ക്  പ്രേമത്തിന്റെയോ ഗൃഹാതുരയുടെയോ എന്തോ, ഒരു  നിരാശ  വന്നു  വല്ലാതെ   ശല്യം  ചെയ്യുപോലെ തോന്നുകില്ലേ ?

പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ട്  നിന്‍മുഖം പകര്‍ഗന്ധത്തിന് ഈ ഇലഞ്ഞിപ്പൂവിന്റെ മണമാണ്.
നിലാവിനുചേര്‍ന്ന  അഴകാണ് ഇലഞ്ഞിപ്പൂവിതള്‍ക്ക്...
രജതരേഖകള്‍ നിഴലുകള്‍ പാകി ഒര്‍മ്മയുടെ തെളിമയുള്ളപ്രകാശം മനസ്സില്‍ വേദനയുടെനിഴല്‍ വിതറുമ്പോള്‍, ആ വിചാരവേഗത്തില്‍ അലോസരയുണര്‍ത്തി രജനീഗന്ധികള്‍ വിരിഞ്ഞമണം വന്നു നിറയുന്നു ...
കാമുകന്റെ പ്രണയവേദയെ തീവ്രമാക്കുകയാണ് പ്രകൃതിയും ഏകാന്തരാവും...
നിന്റെ പാവാടഞൊറികളുടെ വര്‍ണ്ണതരംഗം എന്ന പോലെ നിലാരശ്മികള്‍ ഞൊറികള്‍ വിടര്‍ത്തുന്നു...

വാടിവീണ ഇലകളെ അനുസ്മരിപ്പിക്കുതുപോലെ നിന്റെ പൂമ്പട്ടാടകളുടെ ഞൊറികള്‍ അകന്നു പോയോ... നിന്റെ സാന്നിദ്ധ്യമെന്ന  ആഗ്രഹം സഫലമാകാതെ പോകുന്നുവോ ...

ഏകാന്തമായരാവില്‍ പ്രിയ വിരഹിയായ കാമുകന്റെ ഉള്ളില്‍ പ്രകൃതി കാഴ്ചവയ്ക്കുതെല്ലാം മുറിപ്പെടുത്തുന്ന  ബിംബങ്ങളാണ്.  ചന്ദ്രികയുടെ തരളരശ്മികള്‍ രാഗവീണയുടെതന്ത്രികളാകുമ്പോള്‍, തഴുകിയൊഴുകിയ കാറ്റല അതില്‍ ഗാനമായി . ആ ഗാനത്തിന്റെ വരികളില്‍, ആ നിശീഥത്തില്‍, രാപ്പാടികളുടെ ഗാനത്തില്‍ വിരഹിയായ കാമുകന്‍ കേള്‍ക്കുന്നത് ഓമനേ നിന്‍ ശാലീനനാദമാണ്...

തകര്‍സ്വപ്നങ്ങളുടെ തളിരുകള്‍പോലെ നിന്റെ പൊന്‍ചിലമ്പൊലികള്‍ തന്റെ അരികില്‍നിന്നും  എങ്ങോ അകന്നു പോയെന്നോ ...

കൊഴിഞ്ഞുപോയകാലത്തിന്റെ സ്മൃതികള്‍ സുഖദമായ അനുഭൂതിയല്ല പ്രേമിയില്‍ ജനിപ്പിക്കുത്. അവിടെ കണ്ണീരിന്റെ ഗന്ധമുണ്ട്. ഹൃദയത്തിന്റെ കോണുകളില്‍  മിന്നിമറയുന്ന  തേങ്ങലുകളുണ്ട്. ആത്മാവിനെ  നോവിക്കുന്ന  ചില കാഴ്ചകള്‍ അയാളെ വേദനിപ്പിക്കുന്നു ..

ഇതുപോലെ എത്രയെത്ര പ്രണയനൊമ്പരങ്ങളാണ് തമ്പിസാറിന്റെ വരികള്‍ നമുക്കു പകര്‍ന്നു നല്‍കിയിരിക്കുന്നത് . എന്തായാലും ഇലഞ്ഞിപ്പൂമണമുള്ള ദിവാസ്വപ്നങ്ങളുടെ മഴയും ചന്ദ്രികയും രജനീഗന്ധിയും കാറ്റലയും എല്ലാം വിരഹാര്‍ദ്രമായ മനസ്സിന്റെ ആശാഭംഗങ്ങളുടെ ആഴവും തീവ്രതയും നമുക്കു പകര്‍ന്നു നല്‍കുവാന്‍ പര്യാപ്തമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക