Image

മഹാരാഷ്ട്രയില്‍ നാടകീയത; ഉദ്ധവിനെതിരെ എന്‍സിപി, മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ ശരദ് പവാര്‍

Published on 17 February, 2020
മഹാരാഷ്ട്രയില്‍ നാടകീയത; ഉദ്ധവിനെതിരെ എന്‍സിപി, മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സര്‍ക്കാറില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാവുന്നു. എന്‍പിആര്‍, എല്‍ഗാര്‍ പരിഷദ് കേസ് (ഭീമ കൊറേഗാവ് കേസ്) ലെ എന്‍ഐഎ അന്വേഷണം എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായുള്ള കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിടാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നിര്‍ണ്ണായ നീക്കവും നടത്തിയിരിക്കുകയാണ് എന്‍സിപി നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇത് ആദ്യം

ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്ത തീരുമാനവും കേസ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും അനീതിയാണെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം ശരദ് പവാര്‍ സര്‍ക്കാറിനെതിരെ നടത്തുന്ന ആദ്യ പ്രതികരണമായിരുന്നു ഇത്.


അനുമതി നല്‍കിയത്

2018 ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ കേസ് എറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രധാനമന്ത്രിക്ക് എതിരേയുള്ള വധശ്രമം ഉള്‍പ്പടേയുള്ളതാണ് ഭീമകൊറേഗാവ് കേസ്. ആഭ്യന്തരം ഭരിക്കുന്നത് എന്‍സിപിയാണെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരം മുതലെടുത്ത് ഉദ്ധവ് താക്കറെ തീരുമാനം എടുക്കുകയായിരുന്നു.

കത്തയച്ചിട്ടുണ്ട്

കേസില്‍ പൊലീസ് സ്വീകരിച്ച നടപടി അന്വേഷിക്കേണ്ടതാണ്. ആക്ടിവിസ്റ്റുകള്‍ക്കെതിരെ സ്വീകരിച്ച നടപടി ശരിയോ തെറ്റോ ആയിരിക്കട്ടെ, പക്ഷെ റിട്ട. ഹൈക്കോടതി ജഡ്ജി ഉള്‍പ്പെട്ട ഒരു കമ്മിറ്റിയാണ് ഇത് അന്വേഷിക്കേണ്ടത്. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും ഞാന്‍ കത്തയച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ സംസ്ഥാനത്തിനും അധികാരമുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു.

യോഗം


ഉദ്ദവ് താക്കറയുടെ ഈ ഇടപെടല്‍ എന്‍സിപി നേതൃത്വത്തിന്‍റെ വലിയ അനിഷ്ടത്തിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എന്‍സിപി മന്ത്രിമാരുടെ യോഗം ശരദ് പവാര്‍ വിളിച്ചു ചേര്‍ത്തത്. ശരദ് പവാര്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അഭ്യൂഹങ്ങള്‍

യോഗത്തില്‍ പാര്‍ട്ടിയുടെ 16 മന്ത്രിമാരും പങ്കെടുക്കുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. ശനിയാഴ്ച്ച നടന്ന കര്‍ഷകറാലിയില്‍ ശരദ് പവാറും ഉദ്ധവ് താക്കറയും ഒരുമിച്ച്‌ പങ്കെടുത്തിരുന്നെങ്കിലും ഞായറാഴ്ച്ച മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ടിയിരുന്ന സംസ്ഥാന ലോയേഴ്‌സ് കോണ്‍ഫറന്‍സില്‍ നിന്ന് പവാര്‍ വിട്ടുനിന്നിരുന്നു. ഇതോടെ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തു.

ദുരുപയോഗം ചെയ്യും

ഭീമ കൊറേഗാവ് കേസ് കേന്ദ്ര ദുരുപയോഗം ചെയ്യുമെന്നാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ച കത്തില്‍ ശരദ് പവാര്‍ വ്യക്തമാക്കുന്നത്. കത്ത് കൈമാറിയതിന് പിന്നാലെ അജിത് പവാറും മറ്റ് എന്‍സിപി മന്ത്രിമാരും പ്രത്യേക യോഗം ചേര്‍ന്നിരുന്നു. നേരത്തെ കേസ് എന്‍ഐഎ അന്വേഷിക്കുന്നതില്‍ ശിവസേന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.


2018 ല്‍

2018 ല്‍ ഭീമ കൊറേഗാവ് അനുസ്മരണ ദിനമായ ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് എന്‍ഐഎ ഔദ്യോഗികമായി ഏറ്റെടുത്തതോടെ കേസിന്‍റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പുണെ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

എന്‍പിആര്‍

മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോവാനുള്ള ഉദ്ധവ് താക്കറയുടെ തീരുമാനവും സഖ്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ നടപ്പാക്കേണ്ടെന്ന നിര്‍ദേശം പാര്‍ട്ടി ദേശീയ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ അവഗണിച്ചാണ് ഉദ്ധവ് എന്‍പിആര്‍ നടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.


മെയ് ഒന്ന് മുതല്‍

മറ്റു സംസ്ഥാനങ്ങളെപ്പോലെ ഏറ്റവും വേഗത്തില്‍ എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ധവ് താക്കറെ തീരുമാനിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അദേഹം വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ എന്‍പിആര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്‍റ പ്രതീക്ഷ.

എംഎന്‍എസിന്‍റെ നീക്കം

നേരത്തെ എന്‍പിആറിന് പ്രതികൂലമായ നിലപാടായിരുന്നു ശിവസേനയും സ്വീകരിച്ചിരുന്നത്. എന്നാല്‍ സഹോദരനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവുമായ രാജ് താക്കറെ എന്‍പിആറിനെ അനുകൂലിച്ച്‌ കൂറ്റന്‍ റാലി നടത്തിയതാണ് ശിവസേനയുടെ നിലപാട് മാറ്റിത്തിന് പിന്നിലെ പ്രധാന കാരണം. എംഎന്‍എസ് കടുത്ത ഹിന്ദുത്വ നിലപാടും മറാത്താ അനുകൂല നടപടികളും സ്വീകരിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ശിവസേന വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക