Image

എന്റെ വൈക്കം 10: ചെമ്പില്‍ വലിയ അരയന്‍ (ജയലക്ഷ്മി)

ജയലക്ഷ്മി Published on 19 February, 2020
എന്റെ  വൈക്കം 10: ചെമ്പില്‍ വലിയ അരയന്‍ (ജയലക്ഷ്മി)
സിന്ധുതടസംസ്‌കാരകാലാം മുതലേ അരയര്‍ ഉള്‍പ്പെടുന്ന ധീവര വിഭാഗക്കാരുടെ പ്രാമാണികത്വത്തിന്  പ്രാധാന്യം ഉണ്ട് . തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരുടെ സൈന്യങ്ങളില്‍  ഇവര്‍ ഏറെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. രാജാക്കന്മാരുടെ അകമ്പടിക്കാരായും ഇവര്‍ നിയോഗിക്കപ്പെട്ടിരുന്നു. രാജാക്കന്മാര്‍ പള്ളിയോടങ്ങളില്‍ എഴുന്നള്ളുമ്പോള്‍ ഓടങ്ങള്‍ നയിക്കുവാനും അകമ്പടി സേവിക്കുവാനും നിയോഗിക്കപ്പെട്ടിരുന്ന അരയപ്രമാണിമാരെ 'വലിയഅരയന്‍' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്നു.

തിരുവിതാംകൂര്‍ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ വലിയ അരയന്‍. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാ മേധാവി. ചെമ്പില്‍ അരയന്‍ എന്ന യോദ്ധാവിന്റെ കീഴില്‍ വന്ന അരയന്മാരുടെ പട 1809-ല്‍ മക്കാളെ പ്രഭുവിന്റെ കൊട്ടാരമായ ബോള്‍ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയില്‍ ചെമ്പില്‍ അരയന് പ്രത്യേകം സ്ഥാനം നല്‍കി വരുന്നുണ്ട്. കുഞ്ഞാലിമരയ്ക്കാറിനു മുന്‍പ് സാമൂതിരിയുടെ നാവികപ്പടയുടെ നായകത്വം വഹിച്ചിരുന്നത് ഒരു അരയനായിരുന്നു. നാവികപ്പടയ്ക്ക് പുറമേ കാലാള്‍പ്പടയിലും അരയസമൂഹക്കാര്‍ സേവനം അനുഷ്ടിച്ചിരുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലാള്‍പ്പട നയിച്ചിരുന്നതും അരയന്മാര്‍ ആയിരുന്നു. തിരുവിതാംകൂറിലെയും ദേശിങ്ങനാട്ടിലെയും കരസേനയില്‍ അരയന്മാര്‍ ഏറെയുണ്ടായിരുന്നു, ആറ്റിങ്ങല്‍ റാണിയുടെ സേനാനായകനായിരുന്ന വീരമാര്‍ത്താണ്ഡന്‍ ഒരു അരയനായിരുന്നു

ചെമ്പിലരയന്‍.
പത്തൊന്‍പതാം നൂറ്റാണ്ടില്‍  ബ്രിട്ടിഷ് മേല്‍ക്കോയ്മക്കെതിരെ പോരാടിയ ധീരനായ ദേശാഭിമാനി ആയിരുന്നു ഇദ്ദേഹം,  1741 ഏപ്രില്‍ 13നായിരുന്നു അനന്തപത്മനാഭന്റെ  ജനനം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് 'ചെമ്പില്‍' ആണ് ഇദ്ദേഹത്തിന്റെ  ജന്മ ദേശം.  
ചെമ്പില്‍ അനന്തപദ്മനാഭന്‍ വലിയ അരയന്‍ കന്‍കുമാരന്‍ എന്നാണ് പൂര്‍ണ്ണമായ പേര്.  തിരുവിതാംകൂര്‍ രാജാവായ അവിട്ടം തിരുനാള്‍ ബാലരാമവര്‍മയുടെ നാവികസേനാ മേധാവിയായിരുന്നു . ബ്രിട്ടീഷ് മേല്‍ക്കോയ്മയ്‌ക്കെതിരെ സമരം ചെയ്യുകയും ചെയ്തിട്ടുണ്ട് .

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യ പോരാട്ടത്തിന് നായകത്വം വഹിച്ചവരില്‍ പ്രധാനി ആയ ഒരാള്‍ ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയനായിരുന്നു,
അവസാനത്തെ തിരുവിതാംകൂര്‍ രാജാവായ ശ്രീചിത്തിര തിരുനാള്‍ രാജാവിന്റെ  നാവിക പടത്തലവനായിരുന്നു ചെമ്പില്‍ അനന്തപത്മനാഭന്‍.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ 1808 ഡിസംബര്‍ 29നാണ് യുദ്ധത്തിന് തുടക്കമിട്ടത്.

അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ് മെക്കാളെ പ്രഭുവുമായുള്ള ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറിനെ സംരക്ഷിക്കുന്നതിന് കപ്പം കൊടുത്തിരുന്നു. ആയതോടെ ബ്രിട്ടീഷുകാര്‍ കപ്പം ഉയര്‍ത്തിയതോടെ ജനങ്ങളില്‍ വന്‍ നികുതിഭാരം വന്നുചേര്‍ന്നു. ഇതോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദളവ തീരുമാനിച്ചു. ചെമ്പില്‍ അനന്തപത്മനാഭന്റെ നേതൃത്വത്തിലായിരുന്നു പടയൊരുക്കം.
ഇന്നത്തെ ബോള്‍ഗാട്ടി പാലസായിരുന്നു മെക്കാളെ പ്രഭുവിന്റെ കോട്ട.1808 ഡിസംബര്‍ 29ന് അര്‍ധരാത്രിയില്‍ ഓടി വള്ളത്തിലെത്തിയ വലിയ അരയന്റെ സേന മെക്കാളെ പ്രഭുവിന്റെ കോട്ട വളഞ്ഞു. മെക്കാളെ പ്രഭു പലായനം ചെയ്തു.എന്നാല്‍ പോരാട്ടത്തില്‍ അന്തിമ വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നു.

തുടര്‍ന്ന് നീണ്ട പോരാട്ടത്തില്‍ വലിയ അരയന്‍ രക്തസാക്ഷിയായി.1811 ജനുവരി 13നായിരുന്നു അന്ത്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വഹിച്ച അരയന്റെ  പിന്‍തലമുറക്കാരായിരുന്നു പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന്റെ നാവിക പടത്തലവന്‍മാര്‍.

തൃപ്പൂണിത്തുറ അത്ത ചമയത്തിന് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ ഇന്നും ഈ കുടുംബക്കാരെയാണ് ക്ഷണിക്കുക.ഇവര്‍ക്കൊപ്പം നെട്ടൂര്‍ തങ്ങള്‍മാരും കരിഞ്ഞാചിറ കത്തനാരും ഒപ്പം ചേര്‍ന്നാണ് ഫ്‌ളാഗ് ഓഫ് നടത്തുന്നത്. വൈക്കത്ത് ചെമ്പില്‍ അരയന്‍  സ്മാരക ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

എന്റെ  വൈക്കം 10: ചെമ്പില്‍ വലിയ അരയന്‍ (ജയലക്ഷ്മി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക