Image

സ്വകാര്യതകളുടെ നഷ്ടം( കവിത: ഡോ.എസ്.രമ )

ഡോ.എസ്.രമ Published on 19 February, 2020
 സ്വകാര്യതകളുടെ നഷ്ടം( കവിത:  ഡോ.എസ്.രമ )
അക്കങ്ങളുടെ ആധികാരികതയിലാണ്
ഇന്നുകള്‍ നിങ്ങളെ
അടയാളപ്പെടുത്തുന്നത്..
നിങ്ങളുടെ സ്വകാര്യതകളത്രയും
കൂട്ടിക്കെട്ടിയ അക്കങ്ങള്‍..
ജീവിച്ചിരിക്കുന്നതിന്റെ
തെളിവെന്നതിലുപരി
വേരുകള്‍ തിരയാനുള്ള
വഴി കൂടിയാണത്.
അഥവാ മരണപ്പെട്ടാല്‍..
ഭൂതകാലത്തില്‍ നിങ്ങളവശേഷിപ്പിച്ച
കാല്‍പ്പാടുകളത് ചൂണ്ടിക്കാട്ടും..

കാലം ചിരിക്കുന്നുണ്ട്..
ശബ്ദമില്ലാതെ...
സുഖലോലുപതയുടെ
അപ്പകഷ്ണങ്ങള്‍ നീട്ടിയാ
സ്വകാര്യതകളത്രയും സ്വന്തമാക്കിയതിന്റെ
യഹങ്കാരം നിറഞ്ഞ ചിരിയാണത്...

വര്‍ത്തമാനകാലം
വിരല്‍ത്തുമ്പിലൊരു
ദൃശ്യവിസ്മയം തീര്‍ക്കുമ്പോള്‍
വിടാതെ പിന്തുടരുന്ന ക്യാമറ
ക്കണ്ണുകളെ ഭയക്കണം...

വിശാല വീഥികളില്‍..
വസ്ത്രവ്യാപാരശാലകളുടെ തണുപ്പില്‍..
വാതായനങ്ങള്‍ തഴുതിട്ടാല്‍
തീര്‍ത്തും സുരക്ഷിതമെന്നു
കരുതുന്ന ഒരു മുറിയില്‍...
നിങ്ങളെയവ  പകര്‍ത്തിവെയ്ക്കും.

അലക്ഷ്യമായ ചേഷ്ടകള്‍..
മുഖംമൂടികള്‍ നഷ്ടപ്പെടുന്ന
മുഖങ്ങളില്‍ നിങ്ങളുടേത്
 മാത്രമായ സ്വകാര്യതകള്‍..
ഇനിയതൊന്നും ഒളിച്ചുവക്കാനാവില്ല...
നിഷേധിക്കാനാവില്ല..

തെളിവുകള്‍ കൊണ്ടവ
നിങ്ങളെ തൂക്കിലേറ്റും..
ഇരുളില്‍  നിഴലുകള്‍
നഷ്ടമാകുന്നില്ല...
പകരം വിടാതെ പിന്‍തുടരും...

 സ്വകാര്യതകളുടെ നഷ്ടം( കവിത:  ഡോ.എസ്.രമ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക