Image

സാബു (കഥ: ശ്രീപ്രസാദ് വടക്കേപ്പാട്ട്)

Published on 19 February, 2020
സാബു (കഥ: ശ്രീപ്രസാദ് വടക്കേപ്പാട്ട്)
ശരീരം മുഴുവന്‍ ഒടിഞ്ഞു നുറുങ്ങുന്നതു പോലെ വേദന . ശക്തമായ കുത്തൊഴുക്കാണ്. കല്ലും മണ്ണും വേരുകളും മുള്‍ച്ചെടികളും ഒഴുക്കിന്റെ വേദന കൂട്ടുന്നുമുണ്ട്. ചുറ്റും ഒഴുകുന്ന മലവെള്ളപ്പാച്ചിലിനുള്ളില്‍പ്പെട്ട  കൂരാക്കൂരിരുട്ടുമാത്രം.  കണ്ണുകളെ കുത്തൊഴുക്കില്‍ നിന്നു രക്ഷിക്കാന്‍ തല പതുക്കെ ചുരുട്ടി മടക്കി വച്ചിരിക്കുകയാണ്. കണ്ണുകളടക്കാനുള്ള സംവിധാനം പോലും ദൈവം തന്നിട്ടില്ലല്ലോ! ഒരുവിധത്തിലാണ് ചാഞ്ഞു കിടന്ന ആ മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാനായത്. എന്തൊരൊഴുക്കായിരുന്നു!

    നല്ല മഴ തുടങ്ങുന്നതിനും രണ്ടു ദിവസം മുന്‍പാണ് ഒരു പെരുത്ത മുയലിനെ ശാപ്പിട്ടത്. പിന്നെ നല്ല ഉറക്കം തന്നെയായിരുന്നു. സാധാരണ അവസ്ഥയില്‍ പിന്നൊരാഴ്ച ഉണരേണ്ടതില്ല. ഭയാനകമായ ശബ്ദവും എടുത്തെറിയപ്പെട്ടപോലെ മണ്ണും ചെളിയും കലര്‍ന്ന വെള്ളത്തിലേക്ക് വീണതുമാത്രമാണ് ഓര്‍മ്മയുള്ളത്. പിന്നീടങ്ങോട്ട്  ഒരു ഒഴുക്കായിരുന്നു. എന്തൊക്കെയോ മുട്ടിയുരുമ്മിയുള്ള ഒഴുക്ക്. പല പല ശബ്ദങ്ങളും ഹുങ്കാരങ്ങളും.... എല്ലാം നടന്നത് ഏതോ  ഭൂതകാലത്തിലെന്നപോലെ.

    എത്രനേരം ആ കുത്തൊഴുക്കില്‍ മരക്കൊമ്പില്‍ ചുറ്റിക്കിടന്നെന്നറിഞ്ഞില്ല. അര്‍ദ്ധമയക്കത്തിലും ചുറ്റിപ്പിടി വിട്ടുപോകാത്തത് ഭാഗ്യമായി!

    വെള്ളത്തിന്റെ നില കുറയുന്നപോലെ. മരക്കൊമ്പിന്റെ ആയലിനു കുറവുണ്ട്. കൂരിരുട്ടിന് പകരം അരണ്ട വെളിച്ചമുണ്ട്. ചുരുട്ടിവച്ച തല പതുക്കെ പുറത്തെടുത്തു. ഇപ്പോഴെല്ലാം ഏതാണ്ട്   വ്യക്തമായി കാണാം. താഴെ മണ്ണും ചെളിയും കലര്‍ന്നൊഴുകുന്ന പുഴ. പലതും ഒഴുകുന്നുണ്ട്. അത്യാവശ്യം വലിയ ഒരു മരത്തിന്റെ കൊമ്പിലാണ് ചുറ്റിയിരിക്കുന്നത്. അത് ഭാഗ്യമായി. അല്ലെങ്കില്‍ ഒരുപക്ഷേ  ഈ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലായിരുന്നു.

    നേരം  അസ്തമനത്തോടടുക്കാറായിക്കാണുമെന്ന്  തോന്നുന്നു. ഏതാണ്ടൊരു പകലും രാത്രിയും  ഒഴുക്കുവെള്ളത്തില്‍, ഈ മരക്കൊമ്പില്‍ ചുറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു! കരയില്‍നിന്നും ഞാഞ്ഞു കിടക്കുന്ന ഒരു കൊമ്പിലാണ് കിടപ്പ്. പതുക്കെ തടിയിലൂടെ നിലത്തേക്ക് ഊര്‍ന്നിറങ്ങി. ശരീരമാകെ ഒടിയുന്ന വേദന.  ചാറ്റല്‍  മഴയുടെ ചെറിയ ഇരപ്പുമാത്രം കേള്‍ക്കാനുണ്ട്. നനഞ്ഞുപുതഞ്ഞു കിടക്കുന്ന മണ്ണും ചെളിയും പുല്ലും ചെടികളും താണ്ടി എത്ര ഇഴഞ്ഞുവെന്നറിയില്ല. വിശപ്പില്ലെങ്കിലും വല്ലാത്ത ക്ഷീണം! എങ്ങിനെയും കുറച്ചൊന്നുറങ്ങണം. കുറെ കുറ്റിച്ചെടികളുടെയും പൂച്ചട്ടികളുടടെയും ഇടയിലാണെത്തിയത്. നീണ്ടുനിവര്‍ന്നു കിടന്നതേയുളളൂ. നിമിഷങ്ങള്‍കൊണ്ട് ഗാഢ നിദ്രയിലേക്കാഴ്ന്നിറങ്ങി.

"ഉമ്മാ... മിറ്റത്ത് ദാ വണ്ണത്തിലൊരു പാമ്പ് കെടക്ക് ണ് ....ഓടിവായോ "
ശബ്ദം കേട്ടുണര്‍ന്നപ്പോഴേക്കും ഒരു രാത്രി കഴിഞ്ഞിരുന്നു. ആരൊക്കെയോ ഓടിവരുന്നുണ്ട്. "ജമീലാത്താ യെന്തൊര് വണ്ണാ അയിന് ...ന്റ ള്ളോ "
"ഷെമീറേ, എടാ ചെക്കാ അങ്ങട് മാറി നിക്കഡാ. ആ ജന്തു അന്നെ ഇപ്പോ പുടിച്ച് മുണുംങ്ങും"
ആകെ ഒച്ചപ്പാടും ബഹളവും. കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട്. അഭിപ്രായങ്ങളുടെയും.
"ഇതാ നെലമ്പൂര് കാട്ടീന്ന് മലവെള്ളത്തില് ഒഴുകി വന്നതാ. ഉറപ്പാ."
"പഹയന്റെ കിടപ്പ് കണ്ടില്ലേ!"
"കൂട്ടിലങ്ങാടി പൊഴേല് ക്കൂടെ ഒഴുകി വന്ന് ഇവടെ അടിഞ്ഞതാവും."
    ആരോ ഒരാള്‍ ഒരു വടിയെടുത്ത് കുത്തിയതാണ്. നല്ല വേദന. പിന്നെയും ആരൊക്കെയോ  തൊണ്ടുന്നും അടിക്കുന്നുമൊക്കെയുണ്ട്. മറ്റുചിലരാണെങ്കില്‍ കല്ലുകള്‍ പെറുക്കി എറിയുന്നു. നല്ല വേദന. ആവുന്ന ശക്തിയെടുത്ത് കുറെ മുന്നോട്ടിഴഞ്ഞു. മുന്നില്‍ മുഴുവന്‍ പുല്ലും നനഞ്ഞ   ചപ്പുചവറുകളുമാണ്. അതിലേക്കാഴ്ന്നു കിടന്നു.

"ലതിക ടീച്ചറേ ..ങ്ങള്‌ടെ തൊടീല്‍ക്കതാ  പാമ്പ് കേറി." ജനാരവവും  പിന്നാലെയെത്തി. ചാറ്റല്‍ മഴയും നിന്നു. ഇപ്പോള്‍ കേള്‍ക്കുന്ന ഇരമ്പല്‍ ജനക്കൂട്ടത്തിന്റേതു  മാത്രം. കാറിത്തുപ്പുന്നതിന്റെയും അഭിപ്രായങ്ങളുടെയും ഇരമ്പല്‍.

"ഷംസൂനെ വിളിക്കടാ. ഓനേതു മൂര്‍ഖനും ഓലപ്പാമ്പല്ലേ!" ആരൊക്കെയോ മൊബൈല്‍ ഫോണെടുത്ത് വിളിക്കാനൊരുങ്ങുന്നു. 

ഷംസുവെത്താനധികനേരം വേണ്ടിവന്നില്ല. അയാള്‍ നാലുപാടും നടന്നൊന്നു നോക്കി. എല്ലാവരുടെയും കണ്ണുകള്‍ ഷംസുവിലായി. നിസ്സഹായത കൊണ്ടാണെന്നു തോന്നുന്നു  അയാളുടെയും മുഖം   ചെറുതായി ചുളിഞ്ഞു.

" മൂര്‍ക്കനേം വെമ്പാലേനീം ഒക്കെ ഞമ്മള് ദാ ന്ന് പറയണ പോലെ പുടിക്കും. ഇമ്മാതിരി വണ്ണള്ള ഒര്ത്തനെ കാണണതന്നെ പസ്റ്റ് ടൈമാ. ഔ,  ഒര് മുപ്പത് കിലോ ണ്ടാവും!"

ഒരു ചെറിയ കമ്പെടുത്ത് പല്ലിനിട കുത്തിക്കൊണ്ട് ഷംസു നിലത്ത് കുന്തിച്ചിരുന്നു. നിന്നു കാലുകഴച്ച പലരും അയാളുടെ മുന്നില്‍   കുന്തിച്ചിരുന്ന് ഇനിയെന്തെന്ന് ചിന്തിക്കാന്‍തുടങ്ങി.

"തലേംമെ ഒരു കുടുക്ക് ഇട്ട് പിടിച്ചിട്ട് ഓന്റെ വാല് തൊട്ട് കൊറേശ്ശേ ഒരു  ചാക്കിന്റെ ഉള്ളില്‍ക്ക് അംഗഡ്  കേറ്റ. തല ചാക്കിന്റെ ഉള്ളില്‍ക്ക് ഇടലും കുടുക്കഴിക്കലും ചാക്കിന്റെ വായ കെട്ടലും ഡുംന്ന് വേണം. അല്ലെങ്കി ഓന്‍ ചാടും. ഒന്ന് നോക്യാലോ മനോജേ?" തോറ്റുകൊടുക്കാന്‍ ഷംസുവിനൊരു മടി. വന്നെത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ പിടിക്കേണ്ടവനെപ്പോലെതന്നെ ഗുണ്ടുമണിയായ മനോജിനെ നോക്കി ഷംസു ചോദിച്ചു.

വട്ടത്തില്‍ കുന്തിച്ചിരുന്ന് ചിന്തിച്ച പ്രവര്‍ത്തകര്‍ക്കെല്ലാം ആ സജഷന്‍ ബോധിച്ചു. തീരുമാനം ഉറപ്പിച്ചതും  രണ്ട് വലിയ മില്‍മ കാലിത്തീറ്റ ചാക്കുകള്‍ ശട ശടേന്ന് വന്നെത്തി. ആരോ ഒരാള്‍ ഒരു ചുരുള്‍ വേലിക്കമ്പിയും കൊണ്ടുവന്നു. ഷംസു അതുകൊണ്ട് ഒരു കുരുക്കുണ്ടാക്കി. മനോജ്, ദാസന്‍, വീരാന്‍കുട്ടി, സോമന്‍, ബഷീര്‍......സന്നദ്ധപ്രവര്‍ത്തകര്‍ എന്തിനും റെഡിയായി എഴുന്നേറ്റു. കുരുക്ക് കൈയ്യില്‍ റെഡിയാക്കി പിടിച്ചുകൊണ്ട് ഷംസു കര്‍മ്മനിരതനായി. ഒരു നല്ല സാഹസം കാണാനായി നാട്ടുകാരും കുറച്ചിട നിശ്ശബ്ദരായി.

"വീരാന്‍കുട്ടീ ഓനെ ആ വടീീ  കൊണ്ട് ഒന്ന് കുത്തിതോണ്ട് "  തോണ്ട്  കിട്ടിയതും തലയൊന്നു ചെറുതായി പൊക്കി ഇഴയാന്‍ തുടങ്ങി. ഷംസുവിന് ഒട്ടും ഉന്നം തെറ്റിയില്ല കുരുക്ക് കൃത്യമായി കുടുങ്ങി. എന്നാലും ഒരു ചെറിയ  ചാട്ടം ചാടാനൊത്തു. അടുത്തുനിന്നിരുന്ന രണ്ടിഞ്ച്  വണ്ണമുള്ള പേരക്കാമരത്തിലാണ് ചാടി ചുറ്റിപ്പിടിക്കാനായത്. ആ ചെടി  വളഞ്ഞു നമസ്ക്കരിച്ചു.

"ബഷീറേ ഇത് വലിച്ചു പിടിച്ചോ "അലറിക്കൊണ്ട്  ഷംസു കുരുക്കിട്ട വേലിക്കമ്പിയുടെ മറ്റേ അറ്റം ബഷീറിനുകൊടുത്ത് ചാക്കെടുക്കാനോടി. ശരീരം മുഴുവനായും പേരക്കമരത്തില്‍ ചുറ്റാനായില്ല. കുറെ ഭാഗം വെറുതെ തറയിലാണ്.
"മനോജേ വാലുംമ്മേ പിടി." ഒന്ന് പുളച്ചു. വാലനക്കാന്‍ പറ്റുന്നില്ല. അതുപോലെ പിടുത്തമാണ് ഗുണ്ടുമണി മനോജ് പിടിച്ചത്. അയാളത് പതുക്കെ ഷംസു തുറന്നുപിടിച്ച ചാക്കിലേക്ക് മടക്കിക്കയറ്റാന്‍ തുടങ്ങി. എല്ലുകള്‍ ഒടിയുന്ന പോലെ വേദന. ആരോ ചവിട്ടിപ്പിടിച്ചിട്ടുണ്ട്.

 "ഞമ്മടെ സാബൂന്റെ മേല് പോലെത്തന്നെ! പിടിക്കുമ്പോ പതപതാന്ന്  നല്ല സുഗം." വീരാന്‍കുട്ടി രണ്ടുകൈ കൊണ്ടും അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഷംസുവിനെ നോക്കി.

 "ന്നാ ഇതിനെ നമ്മക്ക്  സാബൂന്നന്നെ വിളിക്കാം ! "

"കേറടാ സാബൂ ചാക്കില്‍ക്ക്. ഇന്നന്റെ ടേസ്റ്റ് ഒന്നറിയണം." മനോജിന്റെ വായില്‍നിന്നും വന്ന ശബ്ദം നടുക്കിക്കളഞ്ഞു. ഇവരുടെ വയറ്റിലെത്താനാണോ ഒരു ദിവസം മുഴുവന്‍ ആ കുത്തൊഴുക്കില്‍ ചുറ്റിപ്പിടിച്ചു കിടന്ന് നരകയാതന അനുഭവിച്ചത്? ആ മലവെള്ളപ്പാച്ചിലില്‍ ജീവന്‍ പോയാല്‍ മതിയായിരുന്നു.

"ആ മരത്തിന്റെ അടി മുറിക്കടാ സോമാ. ന്ന്ട്  ആ ചുറ്റഴിക്ക് "
ബലം പിടിച്ച് നോക്കിയെങ്കിലും സാധിക്കുന്നില്ല. ചുറ്റ് വലിച്ചഴിച്ച് ചാക്കിലേക്ക് കയറ്റുകയാണ്. ജീവന്‍ പോകുന്ന വേദന. ശരീരത്തില്‍ പലയിടത്തും മുറിയുന്നുണ്ടെന്നു തോന്നുന്നു .

    ഇപ്പോള്‍  തല മാത്രമാണ് പുറത്ത്, ബാക്കിയെല്ലാം ചാക്കിനുള്ളിലായി. ചാക്കുകൂട്ടിയുള്ള അമര്‍ത്തിപിടുത്തം തലക്കുതാഴെയുള്ള ഭാഗത്തെ ഞെരിക്കുന്നു. ഇതൊരു കൊല്ലാതെ കൊല്ലലല്ലേ! ഒന്ന് പിടക്കാന്‍ പോലുമാകുന്നില്ല. ഒരുപാട് കാലുകളുടെ സമ്മര്‍ദ്ദത്തിലാണ് ചാക്ക്.
"ഓയ് ....ഹൂയ്......"ഒരാര്‍പ്പുവിളി . കുരുക്കഴിക്കലും തല ചാക്കിലേക്കു തള്ളലും ചാക്കിന്റെ വായ് മൂടിക്കെട്ടലും ഠപ്പേന്ന് കഴിഞ്ഞു. ആ കൈവേഗത്തിന് ഷംസുവിനെ നമിക്കണം. ചവിട്ടിയും ഞെരുക്കിയുമുള്ള പീഡനം ചാക്കിനുള്ളിലെ പ്ലാസ്റ്റിക്കിന്റെയും കാലിത്തീറ്റയുടെയും മിശ്രിത മണത്തിനു വഴിമാറി.

    പലരും ചാക്ക് തൂക്കിയെടുത്ത് കനം നോക്കുന്നു.  ഭാരത്തിന്റെ കാര്യത്തില്‍ പല അഭിപ്രായമാണ്. തൂക്കം നോക്കി താഴേക്കുള്ള ഇടലാണ് സഹിക്കാത്തത് . എല്ലുകള്‍ ഒടിയുന്ന വേദന. അല്ലെങ്കിലും ചെറിയ കാര്യത്തിനുപോലും ഒരാള്‍ക്ക് മറ്റൊരാളെ വിശ്വാസമില്ലാത്തതിനാലല്ലേ പലരും വന്ന് തൂക്കിപ്പിടിച്ച് കനം നോക്കുന്നത്!
"ഇവനെ കറിയാക്കണോ അതോ  പൊരിക്കണോ! ഒരു നൂറാള്‍ക്ക് ശേലായിട്ട് തട്ടാനുള്ള ഇറച്ചിണ്ടാവും."

"ഞമ്മടെ ചോറാണ് പാമ്പ്. ങ്ങള് ഓനെ എന്താക്യാലും നിക്ക് അയില്  പങ്കില്ല"  ഇതും പറഞ്ഞു കൊണ്ട് ഷംസു പോകാനിറങ്ങിയപ്പോഴേക്കും ഒരു പച്ച നിറമുള്ള ജീപ്പ്  ലതികട്ടീച്ചറുടെ വീടിന്റെ ഗേറ്റിനടുത്ത് വന്ന് നിന്നു. ജീപ്പില്‍നിന്നുമിറങ്ങിയ പാന്റും ഷര്‍ട്ടും ധരിച്ച ഒരു സുമുഖ മാന്യന്‍ ലതികട്ടീച്ചറുടെ വീട്ടിലേക്കു വന്നു. ജീപ്പോടിച്ചിരുന്നതും അയാള്‍ തന്നെയായിരുന്നു.

"ആരാ ഈ മോഹനന്‍ മാഷ്?"

ആരോ ഒരാള്‍ മോഹനന്‍ മാഷെ കൈച്ചൂണ്ടി കാണിച്ചു. മാഷ് ഒരു ചോദ്യഭാവത്തോടെ  മാന്യന്റെ അടുത്തേക്കുവന്നു. "ഞാന്‍ ജെയിംസ്. നിങ്ങളാണോ മാഷേ ഒരു മലമ്പാമ്പ് വീട്ടുവളപ്പില്‍ കയറിയെന്നു ഫോറസ്റ്റ്  ഡിപ്പാര്‍ട്‌മെന്റിലേക്ക് ഫോണ്‍ വിളിച്ച് അറിയിച്ചത്?"
"അതേ... അതെ.  ഇവരെല്ലാവരും കൂടി  ഒരുവിധം അതിനെ ആ ചാക്കിലാക്കിയിട്ടുണ്ട്."
"വലിയ എനമാണല്ലോ !" ഷൂസിട്ട കാലുകൊണ്ട് ചാക്കൊന്നു തട്ടിനോക്കി ജെയിംസ് പറഞ്ഞു.

"ങ്ങടെ നാടെവിട്യാ സാറേ" ആ മട്ടും ഭാവവുമൊക്ക കണ്ട് വീരാന്‍കുട്ടിക്ക്  എന്തുകൊണ്ടോ  ഈ ചോദ്യം ചോദിക്കാതിരിക്കാനായില്ല.
"നാടങ്ങ് പാലയിലാ. ഇപ്പം മഞ്ചേരി ഡിവിഷനില്‍ വന്നേച്ച് നാലഞ്ചു വര്‍ഷമായി."

    സോമനും വീരാന്‍കുട്ടിയും ജെയിംസിനെ കുറച്ചങ്ങോട്ട് മാറ്റിനിര്‍ത്തി എന്തൊക്കെയോ കുശുകുശുത്തു. ആ നേരം കൊണ്ട് ഷംസുവും മനോജും ചേര്‍ന്ന് ചാക്ക് ജീപ്പിലെത്തിച്ചു. ലതികട്ടീച്ചറുടെ മക്കളും മറ്റ് കാണികളും ജീപ്പിനുചുറ്റുമായി തിങ്ങി നിന്നു. മാഷും ടീച്ചറും ഗേറ്റിനു പുറത്തിറങ്ങിയില്ല. മാഷിന്റെ മുഖത്ത് എന്തോ ഉറപ്പിച്ച ഭാവം.

 ദാസനും, വീരാന്‍കുട്ടിയും, സോമനും, ബഷീറും, ചാക്കിനെ ചവിട്ടി ഒരു മൂലക്കു മാറ്റി ജീപ്പിന്റെ പിന്നില്‍ കയറി. നല്ലൊരു ചവിട്ടായിരുന്നു  അത്. തല സീറ്റിന്റെ ഒരു മൂലക്കുപോയി ഇടിച്ചു. ജെയിംസും മനോജും മുന്നില്‍ കയറി. ജീപ്പ് മലപ്പുറം വഴി  മഞ്ചേരി റോട്ടിലൂടെ പാഞ്ഞു.

"അധികം ആരും അറിഞ്ഞു കാണുകേല. നമുക്ക് അരീക്കോട് പോയി ഇവനെ തട്ടാം. എനിക്ക് ഒരു ചെറിയ സെറ്റപ്പ് അവിടൊണ്ട് ."
"സാറെ കിലോക്ക് ആയിരം വരെ ആഞ്ഞു പിടിച്ചാല്‍ ഒപ്പിക്കാം" മനോജ് ജെയിംസിനെ എരികേറ്റി.
കാലത്തൊന്നും കഴിക്കാത്തതിനാലാവാം മഞ്ചേരി കഴിഞ്ഞ് ആനക്കയത്തെത്തുമ്പോഴേക്കും എല്ലാവര്‍ക്കും ഒരു വിധം വയറ്  കത്താന്‍  തുടങ്ങിയിരുന്നു.

 "മനോജേ നമ്മടെ പീവീസ്  ഹോട്ടലിന്റെ മൂന്നിലൊന്ന് ചവിട്ടാന്‍ പറ. രണ്ട് പൊറാട്ട അടിച്ചിട്ട് പോവാം. വല്ലാതെ വയറ് വെശക്ക്ണ് " വീരാന്‍കുട്ടി പിന്നില്‍നിന്നും മനോജിനെതോണ്ടി പതിയെ പറഞ്ഞു. പൊറാട്ടയും ചായയും കഴിക്കുമ്പോഴും അടക്കിപ്പിടിച്ച സംസാരം മുഴുവന്‍    ഇറച്ചി  പങ്കിടേണ്ടതിനെക്കുറിച്ചു  മാത്രമായിരുന്നു. ചായക്കാശുകൊടുത്തത് മനോജാണ്. അവിടെ നിന്നും ഇറങ്ങുമ്പോള്‍   ജയിംസിന്റെ മൊബൈലിലൊരു കോളുവന്നു.

"ശരി സാറെ. വരാം. ഒരു  ഒന്നര മണിക്കൂറിനകം അവിടെ എത്താം." സംസാരിക്കുമ്പോള്‍ മുഖത്തൊരു ചെറിയ  നീരസഭാവവുമുണ്ട്.

"ആരാ സാറേ"
"ഓ അത് ഞങ്ങളുടെ ഫോറെസ്റ്ററാ. ഞങ്ങളീ ഗാര്‍ഡുമാര്‍ക്കെല്ലാം മുകളീന്നുള്ളവരെ ഏറാന്‍ മൂളി കേക്കണം. അങ്ങേര് ഇവനേം കൊണ്ട് വഴിക്കടവിനു വരാനാ പറഞ്ഞേ. ഇനി ഒരു പങ്ക് അങ്ങേരു കൊണ്ടുപോകും."

"ഇനി ഇതിനെ വിടാനൊന്നും പറയില്ലല്ലോ?" മനോജിനൊരു ശങ്ക.
"അതൊന്നുമുണ്ടാവില്ലന്നേ. ആ പുള്ളിയെ ഞാനെത്ര കണ്ടതാ."

നിലമ്പൂര്‍ കഴിഞ്ഞുള്ള റോഡ് അത്ര നല്ലതല്ല. പേമാരിയില്‍ എല്ലാ റോഡുകളും മോശമാണെങ്കിലും ഇത് വല്ലാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഓരോ കുലുക്കത്തിലും ശരീരം നുറുങ്ങി ഞെരിയുന്നു. ആ കത്തി ഇപ്പോഴേ കയറ്റിയിരുന്നുവെങ്കില്‍ ഈ വേദന അനുഭവിക്കേണ്ടായിരുന്നു. എടക്കര കഴിഞ്ഞ് മണിമൂളിക്കു മുന്‍പേ റോഡരുകില്‍  ഫോറസ്റ്റര്‍ രവീന്ദ്രന്‍ ബൈക്കില്‍ കാത്തുനിന്നിരുന്നു. പിറകെ വരാന്‍ ആംഗ്യം കാണിച്ച് അയാള്‍ ബൈക്ക് മുന്നോട്ടെടുത്തു. ഒരുവിധം വേഗത്തിലാണ് യാത്ര. നിലമ്പൂരും കഴിഞ്ഞ് അവര്‍ വഴിക്കടവ് റോഡിലേക്ക് കയറി. ആര്‍.ടി.ഒ  ഓഫീസിനും ആനമാറി ജംഗ്ഷനും ഇടക്കുള്ള ഒരു കട്ട റോഡിലേക്ക്  രവീന്ദ്രന്‍ ബൈക്കോടിച്ചു കയറ്റി.

"ഇയാള്‍ക്ക് ഈ ഏരിയയിലും സെറ്റപ്പ് ഒണ്ടോ" ജെയിംസിന് അത്ഭുതമായി.
മൂന്നാല് കിലോമീറ്റര്‍ ആ വഴിയിലൂടെ ഓടി. റോഡിന്റെ വീതി കുറഞ്ഞു വരുന്നു. ഇപ്പോള്‍ ഒരു നടവഴി പോലെയേയുള്ളു. കുറച്ചുകൂടി മുന്നോട്ടു പോയി ഒരു ചരുവില്‍ രവീന്ദ്രന്‍ ബൈക് നിര്‍ത്തി. തൊട്ടുപിന്നിലായി ജീപ്പും. വഴിയുടെ ഒരു വശം മലഞ്ചെരുവും മറുവശം നല്ല താഴ്ചയുമാണ്. തിങ്ങിവളര്‍ന്ന മരങ്ങള്‍ കാരണം ആ ഭാഗം  ആകെ ഇരുണ്ടിരിക്കുന്നു. രവീന്ദ്രന്‍ ബൈക്കില്‍നിന്നുമിറങ്ങി ജീപ്പിനടുത്തേക്കു വന്നു.

"ജെയിംസേ ...നിങ്ങളൊരു മോഹനന്‍ മാഷിന്റെ വളപ്പില്‍ നിന്നല്ലേ ഇതിനെ പിടിച്ചത്?"
"അതെ സാറെ. എന്നാ പറ്റി ?" ജയിംസിന്റെ ചോദ്യത്തിലൊരംകാംക്ഷ.
"നിങ്ങള് പോന്ന ശേഷം ആ മാഷ് റേഞ്ച് ഓഫീസറെ വിളിച്ചു പറഞ്ഞിരുന്നു. ഇതിനെ തട്ടാന്‍ പോവ്വാണ് മാഷിന് ഒരു സംശയം ഉണ്ടായിരുന്നു. റിലീസ് ചെയ്യണേന്റെ വീഡിയോ മൊബൈലില്‍ എടുത്തു കൊണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട്."
"അയ്യേ..വെറുതെ ഒരു ദിവസം കളഞ്ഞു." മനോജിന്റെ ഇച്ഛാഭംഗം എല്ലാവരുടെയും മുഖങ്ങളിലേക്ക് പടര്‍ന്നു.
"ജെയിംസേ... ചാക്കെടുത്ത് പുറത്തിട്."
"ഔ അയ്യോ..." ചക്കിലിട്ടടിച്ചു കൊല്ലുന്നതുപോലെ. പ്രതീക്ഷകളെല്ലാം നശിച്ചതിന്റെ നിരാശ ചാക്ക്  പുറത്തിടുമ്പോള്‍ ജെയിംസ് ശരിക്കും കാണിച്ചു .
"ചാക്കിന്റെ വായ പതുക്കെ തുറന്നു വിട്. എല്ലാം വിഡിയോവില്‍ വരണം. വല്ലാത്തൊരു പഹയനാണ് അയാള്‍."

    പ്ലാസ്റ്റിക്കിന്റെയും കാലിത്തീറ്റയുടെയും ഗന്ധമാര്‍ന്ന അന്ധകാരത്തില്‍നിന്നും പച്ച നിറങ്ങളുടെ വെളിച്ചത്തിലൂടെ ആ ജീവന്‍  വനാന്ധകാരത്തിലേക്ക് പതിയെ ഊളിയിട്ടു. അപ്രതീക്ഷിതമായ ആ അതിജീവനത്തിലേക്കിഴയുമ്പോള്‍ ദൂരെ ഒരു ജീപ്പും ബൈക്കും സ്റ്റാര്‍ട്ട് ചെയ്യുന്നതിന്റെ ശബ്ദവീചികള്‍ ആ വിപിനാന്തരത്തില്‍  പരക്കുന്നുണ്ടായിരുന്നു.

shreeprasadv@gmail.com                                       
9321102327


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക