Image

ആത്മഹത്യയ്ക്ക് ഒരവതാരിക (കവിത: കെ പി റഷീദ്)

കെ. പി. റഷീദ് Published on 20 February, 2020
 ആത്മഹത്യയ്ക്ക് ഒരവതാരിക (കവിത:   കെ പി റഷീദ്)
'ഈ ഭാഷയുണ്ടല്ലോ,  
കള്ളത്തരമുണ്ടാക്കാനുള്ള ഒരു യന്ത്രമാണത്
അണ്ടര്‍ ദ് നെറ്റ്
ഐറിസ് മര്‍ഡോക്ക്

'അത്രമേല്‍
ജീവിതത്തെ
സ്‌നേഹിക്കുന്നതിനാല്‍'

സുറുമക്കണ്ണിന്റെ ചിത്രമുള്ള
കരിനീലക്കുപ്പിയിലെ
ബാക്കി വിഷം
മൂന്നാമത്തെ പെഗിലേക്ക് കമിഴ്ത്തി
ചിയേഴ്‌സ് പറയുന്ന ഈണത്തില്‍
അയാള്‍ വിളിച്ചു പറഞ്ഞു.

'പുളു! '

മേശയ്ക്കരികെ
വാന്‍ ഗോഗിന്റെ മുറി പോലെ
പല ചായം തേച്ച
കമ്പിക്കൂടിനുള്ളില്‍ നിന്ന്യ്
കഴുത്തിത്തിരി പുറത്തേക്കിട്ട്
റോസ് എന്നു വിളിപ്പേരുള്ള
പച്ചത്തത്ത
പുച്ഛച്ചിരിയോടെ പറഞ്ഞു.

' ഫ! പട്ടീ, ചാവാനുള്ളതാ'
അയാള്‍ക്കിത്തിരി കലിപ്പ് വന്നു.

'അത് കറക്റ്റ്,
പക്ഷേ ആദ്യം പറഞ്ഞത്
വെറും പുളു'
തത്ത പിന്നെയും കൊഞ്ഞനം കുത്തി.

'എടീ പുല്ലേ,
അതെങ്ങനെ പുളുവാകും'

ഫെമിനിസ്റ്റ് കൂടിയായ
അയാള്‍ക്കിപ്പോ
റോസെന്ന തത്തയെ
ഒറ്റത്തൊഴിക്ക് തീര്‍ക്കാന്‍ തോന്നി.
തത്തയ്ക്ക് അയാളെയും:

'അല്ലേലും ചാവുമ്പോഴും
നിങ്ങളൊക്കെ
നിങ്ങടെ സിനിമ പോലാ,
ഡയലോഗോട് ഡയലോഗ്.
ഡയലോഗ് തീരാതെ
കൊല്ലില്ല, ചാവില്ല
ഇണചേരില്ല'

തത്ത നിര്‍ത്തിയില്ല

'നിങ്ങള്‍ക്കാകെ
നിങ്ങടെ ഭാഷയേ ഉള്ളൂ
അതിലാണേ
ഇത്തിരിപ്പോരം വാക്കും,
എല്ലാര്‍ക്കും പറയാന്‍
ഒരേ വാക്കും ചൊറിച്ചിലും'

പലവട്ടം ചത്തുജീവിച്ചതിന്റെ
പക്വതയോടെ
തത്ത നിന്നു കത്തി.

വിട്ടുകൊടുത്തില്ലയാള്‍.
പാനീയം ഒരു കവിള്‍ കൊണ്ട ശേഷം
അതേ ശ്വാസത്തില്‍
അയാളും കത്തി

'ഞങ്ങള്‍ക്കീ ഭാഷയെങ്കിലുമുണ്ട്
നിനക്കോ?
തത്തമ്മേ പൂച്ച, പൂച്ച!'

'എടാ മണ്ടാ
നീയെന്തറിഞ്ഞു,
നിങ്ങളെ പറ്റിക്കാനുള്ള
പ്രാചീനകവിതയാ അത്.
ഒന്നനങ്ങിയാ പത്തര്‍ത്ഥമാ ഞങ്ങക്ക്,
വാക്കുകൊണ്ട്
ചോറും കൂട്ടാനും വെക്കും ഞങ്ങള്‍'

തത്തമ്മ അതും പറഞ്ഞ്
ഒന്ന് ഞെളിഞ്ഞു.
പിന്നെ ചോദിച്ചു:

അത് പോട്ടെ,
സത്യത്തില്‍ നീ പറഞ്ഞത്
പുളുവല്ലേ?'.

'അല്ല.
അത്രേം ജീവിതത്തെ സ്‌നേഹിക്കുന്നു ഞാന്‍,
അതോണ്ട് ആത്മഹത്യ ചെയ്യുന്നു
അത്രേ ഉള്ളൂ,
അതിലെന്ത് പുളു?'

പാനീയം ഒന്നുകൂടി നുണഞ്ഞ്
അയാള്‍ നയം വിശദമാക്കി

തത്ത ചിരിച്ചു
എന്നിട്ട് തുടങ്ങി:

'എടോ മറ്റവനേ,
നിനക്ക് ചാവണം,
അതിനൊരു ന്യായം വേണം;
അതല്ലാതെ മറ്റെന്താണത്'

തത്ത പച്ചയ്ക്ക് പറഞ്ഞു:

'നിനക്ക്
ജീവിക്കാന്‍ പേടിയാ.
റിസ്‌കെടുക്കാന്‍ പേടിയാ
ഒന്നാഞ്ഞു തുമ്മാന്‍ പോലും പേടിയാ
ചുമ്മാ പറച്ചിലാ നിന്റേത്'

'ജീവിതത്തെ സ്‌നേഹിച്ചിട്ടല്ല
നീ വെഷം വാങ്ങിയത്,
അതിനെ പേടിച്ചിട്ടാ,
അതീന്ന് ഒളിച്ചോടാനാ,
ചുളൂല് മരം വീണ് പുലി ചാവാന്‍
നീ ശിക്കാരി ശംഭുവല്ല'

'ച്ഛീ, നിര്‍ത്തെടീ...
ഇനി മിണ്ടിയാല്‍ ...'

നടുറോഡില്‍ ഉടുമുണ്ട് വീണ
വെപ്രാളത്തോടെ അയാള്‍ കുരച്ചു ചാടി

തത്ത നിര്‍ത്താതെ ചിരിച്ചു.

' അളിയോ,
അതേയ്,
ഓരോരുത്തരും ഓരോന്നാ.
ഓരോന്നാ വികാരം.
ഓരോന്നാ സുഖം.
ഓരോന്നാ ദു:ഖം.
പക്ഷേ എല്ലാം പറയാന്‍ നിങ്ങള്‍ക്കാകെ
ഒന്നേയുള്ളൂ ഭാഷ,
അതിനനുസരിച്ച്
വികാരങ്ങള്‍ക്ക് പേരിടലാണ്
നിങ്ങള്‍ക്ക് ജീവിതം.
മറ്റാരോ പറഞ്ഞ വാക്ക്
മറ്റാരോ എയ്തിട്ട പ്രയോഗം
ആരെയോ ആഞ്ഞു തുപ്പിയ തെറി

കാലാകാലം കത്തിയെറിയാന്‍
ഒരേ വാക്കിന്റെ ഉറയൂരാതെ
മറ്റെന്ത് വഴിയുണ്ട് മനുഷ്യാ?'.

'ഭാഷാശാസ്ത്രം
ഞാനും കൊറേ പഠിച്ചതാ'

അയാള്‍ കൗണ്ടറിട്ടു.

'എടാ കോപ്പിലെ തത്തമ്മേ,
ഞങ്ങള്‍ക്ക് ഭാഷയെന്നാല്‍
അമ്മയാണ്,
എത്ര കാലം പോയാലും
അമ്മ അമ്മ തന്ന്യാ.
ആദികവി മുതല്‍ പറഞ്ഞതേ
എനിക്കും പറയാനുള്ളൂ,
ചതി
കൊതി
കണ്ണില്‍ക്കടി.
ഒറ്റയപ്പം കൊണ്ട് നൂറാളെ  ഊട്ടിയ കര്‍ത്താവാണേ
നിന്നെ ഞാന്‍ തിന്നിരിക്കും'

'ഫ!
തത്ത രണ്ട് തെറി.

അയാളാണേല്‍
പിന്നേം വിഷം
പിന്നേം ഐസ് ക്യൂബ്
പിന്നേം  പെഗ്.

അവസാന തുള്ളി വിഷവും തീര്‍ന്നു.

ഇപ്പോള്‍ അയാളിരിക്കുന്നു.
തത്ത നില്‍ക്കുന്നു.

'നിങ്ങടെ ജീവിതം മൊത്തം
മിമിക്രിയാ അളിയാ'

തത്ത നിര്‍ത്തിയില്ല:

' ആരേലും ജീവിച്ച ജീവിതത്തിന്റെ
ഈച്ചക്കോപ്പി.
ആരുടേലും പ്രണയം
ആരുടേലും രതി
ആരേലും കരയും പോലെ കരഞ്ഞും
ആരേലും ആനന്ദിക്കും പോലെ ആനന്ദിച്ചും.
എന്ത് ബോറാ മനുഷ്യാ,
പിന്നാര്‍ക്കാ ചാവാന്‍ തോന്നാത്തത്?'

അതൊരൊന്നൊന്നര ചോദ്യം.
അയാള്‍ തത്തയെ നോക്കി.

ശേഷം,
നേരത്തെ എഴുതിവെച്ച
ആത്മഹത്യാകുറിപ്പ് വെട്ടി,
'പണ്ടാരടങ്ങട്ടെ
ലോകമേ'
എന്നു മാറ്റിയ ശേഷം
തത്തേടെ കൂടു തുറന്നു.

 ആത്മഹത്യയ്ക്ക് ഒരവതാരിക (കവിത:   കെ പി റഷീദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക