Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍.- 70: ജയന്‍ വര്‍ഗീസ്)

Published on 20 February, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍.- 70: ജയന്‍ വര്‍ഗീസ്)
നഴ്‌സിംഗ് ഹോമില്‍ വച്ച് ധാരാളം പേരുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു. മെയിന്റനന്‍സ് ചെയ്യുന്നവര്‍ക്ക് ഫെസിലിറ്റിയുടെ ഏതൊരു മുക്കിലും മൂലയിലും കടന്നു ചെല്ലുന്നതിനുള്ള അവകാശം ഉണ്ടായിരുന്നു എന്നതിനാലാണ് ഇത് സാധിച്ചത്. എന്നെ കാണുന്‌പോള്‍ റെസിഡന്റ്‌സ് അവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ എന്നോട് പറയുമായിരുന്നു. ചിലപ്പോള്‍ തങ്ങളുടെ ഒരു ഫാമിലി പിക്ച്ചര്‍ ഭിത്തിയില്‍ തൂക്കാനാവും, അല്ലെങ്കില്‍ ക്‌ളോക്കിലെ സമയം സെറ്റു ചെയ്യാനാവും, മുറിയിലെ തെര്‍മോസ്റ്റാറ്റ് അഡ്ജസ്റ്റൂ ചെയ്യാനാവും, അതുമല്ലെങ്കില്‍ തങ്ങളുടെ പഴയ വച്ച് നിന്ന് പോയത് ശരിയാക്കാനാവും. ഇങ്ങനെ പതിവായി രണ്ടാഴ്ചയോളം എന്നേക്കൊണ്ട് ഒരേ വാച്ചു നന്നാക്കിച്ച ഒരപ്പാപ്പന് അഞ്ചു ഡോളര്‍ മുടക്കി ഒരു പുത്തന്‍ വാച്ചു വാങ്ങിച്ചു കൊടുത്ത് കൊണ്ട് ആ ബാധ്യതയില്‍ നിന്നും ഞാന്‍ രക്ഷപെട്ടു.

പതിവായി ഞാന്‍ സന്ദര്‍ശിക്കുകയും, സംസാരിക്കുകയും ചെയ്തിരുന്ന  ഒരു സുഹൃത്തായിരുന്നു ഇറ്റാലിയന്‍ വംശജനായ ഒരു മിസ്റ്റര്‍ ജെറി. അദ്ദേഹത്തിന് ഒരു സഹോദരി മാത്രമേയുള്ളു. വൃദ്ധയായ ആ സഹോദരി പതിവായി ആങ്ങളയെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു എന്നത് മനുഷ്യ ബന്ധങ്ങള്‍ അതിരുകള്‍ക്കും, ലേബലുകള്‍ക്കും അതീതമാണ് എന്ന പാഠം എന്നെ പഠിപ്പിച്ചു. യഹോവാ സാക്ഷിക്കാരനായ ജെറി തനിക്കു ആഴ്ചതോറും കിട്ടുന്ന ഇരുപത് ഡോളറിന്റെ പോക്കറ്റ് മണി അപ്പോള്‍ത്തന്നെ സഹ റെസിഡന്റ്‌സിനു വീതിച്ചു നല്‍കിയിട്ട് വെറും കൈയോടെയാണ് എന്നും കഴിഞ്ഞിരുന്നത്. ജെറിയുടെ പണം കൊണ്ട് പതിവായി സോഡാ കുടിച്ചിരുന്ന വീരന്മാരും അവിടെയുണ്ടായിരുന്നു.

എന്നെ കാണുന്‌പോള്‍ ബൈബിളിലെ മര്‍മ്മങ്ങള്‍ എനിക്ക് വിശദീകരിച്ചു തരാനാണ് ജെറി എന്നും ശ്രമിച്ചിരുന്നത്. ജെറിയുടെ വിശദീകരണങ്ങള്‍ മറ്റു പലരും വിശദീകരിക്കുന്നതിനേക്കാള്‍ വസ്തു നിഷ്ഠവും, പ്രായോഗികവുമാണെന്ന് എനിക്ക് തോന്നിയിരുന്നു. ലോകാവസാനം എന്നത് ഭൗതിക വസ്തുക്കളുടെ സമൂല നാശമല്ലെന്നും, നന്മക്കെതിരേ വളര്‍ന്നു വരുന്ന തിന്മയുടെയും, അതിന്റെ പ്രയോക്താക്കളുടെയും സന്പൂര്‍ണ്ണ നാശമാണെന്നും ജെറി വിശദീകരിച്ചപ്പോള്‍ അത് കൂടുതല്‍ പ്രായോഗികമാണെന്ന് എനിക്ക് തോന്നി. പുറമെ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും പ്രകടിപ്പിക്കാതിരുന്ന ജെറി ഒരു രാത്രിയിലെ ഉറക്കത്തില്‍ നിന്ന് പിന്നെ ഉണര്‍ന്നില്ല. വൃദ്ധയായ ആ സഹോദരിയുടെ കണ്ണുകളില്‍ നിന്നും ഇട മുറിയാതെ കണ്ണനീര്‍ ഒഴുകിക്കൊണ്ടിരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

തവളക്കാല്‍ വെട്ടിയെടുത്ത താവളയെപ്പോലെ ചലിച്ചിരുന്ന പോര്‍ട്ടോറിക്കാക്കരനായ ഒരു ഡോഡ്‌റിഗൂസ് ആയിരുന്നു എന്റെ മറ്റൊരു സുഹൃത്ത്. രണ്ടു കാലുകളും തുടക്കത്തില്‍ നിന്ന് മൂന്നിഞ്ച് മാത്രം നീളത്തില്‍ മുറിച്ചു മാറ്റപ്പെട്ട ഡോഡ്‌റിഗൂസ് ബെഡില്‍ നിന്ന് വീല്‍ ചെയറിലേക്കു പരസഹായം കൂടാതെ സ്വയം പകരുന്നത് കാണേണ്ട ഒരു കാഴ്ചയായിരുന്നു. രണ്ടു കാലുകളും ഇതുപോലെ നഷ്ടപ്പെട്ടിട്ടും, അമിത വേഗത്തില്‍ വീല്‍ചെയറിലൂടെ പാഞ്ഞു പോവുകയും, ജോലിക്കാരികളായ സ്ത്രീകളുടെ മുന്നില്‍ ഒന്നും സംഭവിക്കാത്തത് പോലെ കിന്നാരം പറയുകയും ചെയ്തിരുന്ന ഡോഡ്രി തനിക്ക് എന്തെങ്കിലും കുറവുള്ളതായി ഒരിക്കലും ഭാവിച്ചിരുന്നില്ല. ഇവിടെ നിന്നിറങ്ങിയാല്‍ ഒത്തു കിട്ടുകയാണെങ്കില്‍ ഒരു ഗേള്‍ ഫ്രണ്ടുമായി ഒത്തു ജീവിക്കണമെന്നാണ്  ഈ അറുപതുകാരന്റെ സ്വപ്നം.

ഇയാളുടെ കാലുകള്‍ നഷ്ടപ്പെട്ട കഥ ഇയാള്‍ എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു പന്തികേട് ദര്‍ശിക്കുവാന്‍ എനിക്ക് സാധിച്ചു. ഇയാള്‍ക്ക് ബൈപാസ്സ് സര്‍ജറി വേണ്ടി വന്നപ്പോള്‍ ഇയാളുടെ രണ്ടു കാലുകളില്‍ നിന്നും മുറിച്ചെടുത്ത രക്തക്കുഴലുകളാണ് അവിടെ പിടിപ്പിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്ന ഇയാളുടെ കാലുകളിലുണ്ടാക്കിയ മുറിവ് ഉണങ്ങാതെ വരികയും, പഴുപ്പ് മുകളിലേക്ക് കയറിക്കയറി വയറിനോട് ചേര്‍ത്തു വച്ച് കാലുകള്‍ മുറിച്ചു കളയേണ്ടി വരികയും ആണുണ്ടായത്. ഇത് ഡോക്ടര്‍മാര്‍ക്ക് പറ്റിയ ഒരു പിഴവാണെന്ന് ഞാന്‍ വിലയിരുത്തി. ഡയബറ്റിക് ബോഡിയില്‍ മുറിവുണ്ടാക്കുന്‌പോള്‍ ഈ അപകടം അവര്‍ മുന്‍കൂര്‍ കാണേണ്ടതായിരുന്നു എന്ന എന്റെ വാദം ഡോഡ്രിയും അംഗീകരിച്ചു. മെഡിക്കല്‍ മാള്‍ പ്രാക്ടീസിന് ഒരു ലോസ്യൂട്ട് ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനു വേണ്ട സഹായം ചെയ്തു തരണമെന്ന് അയാള്‍ എന്നോട് യാചിച്ചു.

അങ്ങനെ മെഡിക്കല്‍ മാള്‍ പ്രാക്ടീസ് കേസുകളില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു ലോയരുടെ ഫോണ്‍ നന്പര്‍ യെല്ലോ ബുക്കില്‍ നിന്ന് തപ്പിയെടുത്ത് ഞാനദ്ദേഹത്തെ വിളിക്കുകയും, ഡോഡ്രിഗൂസിന്റെ കഥ വിശദീകരിക്കുകയും ചെയ്തപ്പോള്‍ ഒരു ഇര കിട്ടിയ സന്തോഷത്തോടെ ലോയര്‍ നഴ്‌സിംഗ് ഹോമില്‍ പാഞ്ഞെത്തി. ഇത് നല്ല സ്‌കോപ്പുള്ള കേസാണെന്ന് പറഞ്ഞുകൊണ്ട് ലോയര്‍ ഡോഡ്രിയില്‍ നിന്ന് കുറെ പേപ്പറുകള്‍ ഒപ്പിട്ടു വാങ്ങി. എത്രയാണ് നഷ്ട പരിഹാരം വേണ്ടത് എന്ന ലോയറുടെ ചോദ്യത്തിന്, ഒരു കാലിന് പത്തു മില്യണ്‍ വച്ച് രണ്ടു കാലിനും കൂടി ഇരുപതു മില്യണ്‍ തന്നെ വേണമെന്ന് കക്ഷി തറപ്പിച്ചു പറഞ്ഞു. അത് ശരിയാക്കാം എന്ന് വാക്കു കൊടുത്ത് കൊണ്ട് ലോയര്‍ പടിയിറങ്ങി.

ലോയര്‍ പോയിക്കഴിഞ്ഞപ്പോള്‍ ' നിന്റെ കാര്‍ ഏതു കന്പനിയാണെ ' ന്ന് ഡോഡ്രി എന്നോടൊരു ചോദ്യം. മിത്!സുബിഷി ഗാലാന്റ് ആണെന്ന് എന്റെ മറുപടി. ' അത് കളഞ്ഞേര് ' എന്ന് ഡോഡ്രി. ' അത് കളഞ്ഞാല്‍ പിന്നെ ഞാനെങ്ങനെ ജോലിക്കു വരും? ' എന്ന എന്റെ ആശങ്കയെ അസ്ഥാനത്താക്കിക്കൊണ്ട് ഡോഡ്രിഗൂസ് ഉറക്കെ പ്രഖ്യാപിച്ചു. " ഈ കേസില്‍ നിന്ന് പണം കിട്ടിയാല്‍ ആദ്യം ഞാന്‍ ചെയ്യുന്നത് നിനക്കൊരു പുതു പുത്തന്‍ ലക്ഷ്വറി കാര്‍ വാങ്ങിച്ച് തരികയായിരിക്കും. അത് മെഴ്‌സിഡന്‍സ് ആണോ, ബി. എം. ഡബ്ലിയു. ആണോ എന്ന് നീ തീരുമാനിച്ചാല്‍ മതി. " ഡോഡ്രിയുടെ വാക്കുകള്‍ക്ക് താങ്ക്‌സ് പറഞ്ഞ് ഞാനിറങ്ങി.

കുറച്ചു കാലം കൂടി കഴിഞ്ഞു. വക്കീല്‍ ഡോഡ്രിഗൂസിനെ അറിയിക്കുന്ന കാര്യങ്ങള്‍ ആവേശത്തോടെ അയാള്‍ എന്നോട് പങ്കു വച്ചിരുന്നു. കേസിന്റെ വിധി ഉടന്‍ ഉണ്ടാവുമെന്നും, വിധിക്കു മുന്‍പ് കോംപ്രമൈസ് ചെയ്യുന്നതിന് എതിര്‍ കക്ഷികള്‍ തയാറായിട്ടുണ്ടെന്നും, ഇരുപതു മില്യണില്‍ ഒരു പൈസ കുറഞ്ഞാല്‍ താന്‍ സമ്മതിക്കാന്‍ പോകുന്നില്ലെന്നും ഒക്കെ ആവേശത്തോടെ എന്നോട് പറഞ്ഞു. ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ ലോയര്‍ ഡോഡ്രിയുടെ സംരക്ഷണം ഏറ്റെടുത്തു. ഹൈലന്‍ ബുള്‍ വാഡിലുള്ള ഒരു ലക്ഷ്വറി അപ്പാര്‍ട്ടു മെന്റിലേക്ക് ലോയര്‍ അയാളെ മാറ്റി. ഒരു ഹോം നഴ്‌സ് കം കുക്കിനെ ലോയര്‍ തന്നെ ഏര്‍പ്പാട് ചെയ്തു കൊടുത്തു. സ്വന്തം സെല്‍ഫോണ്‍ നന്പര്‍ എനിക്ക് തന്നിട്ടാണ് ഡോഡ്രി പോയത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍  ഒരു ലാര്‍ജ് പൈ പിസ്സായും  വാങ്ങിക്കൊണ്ട് ഞാന്‍ ഡോഡ്രിയെ കാണാന്‍ ചെന്നു. അയാളുടെ കസിന്‍സും, ബന്ധുക്കളും ഒക്കെയായി അഞ്ചാറു പേര്‍ അവിടെയുണ്ട്. വളരെ സ്‌നേഹത്തോടെ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് : ഇതെന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും, ഈ കേസിന്റെ ക്രെഡിറ്റ് മുഴുവന്‍ ഈ ഫ്രെണ്ടിനാണെന്നും ' ഒക്കെ  ബന്ധുക്കളോട് അയാള്‍ പറയുന്നുണ്ടായിരുന്നെങ്കിലും അവരാരും അതൊന്നും ശ്രദ്ധിക്കുന്നതായേ തോന്നിയില്ല. എല്ലാവരും കൂടി പിസ്സാ പങ്കിട്ടു കഴിച്ചു. എല്ലാ സഹായങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഡോഡ്രിഗൂസ് എന്നെ തിരിച്ചയച്ചു. പിന്നെ അയാളെ ഞാന്‍ വിളിച്ചിട്ടില്ല, അയാള്‍ എന്നെയും.

ഒരാശുപത്രിയുടെ ഒട്ടു മിക്ക പ്രവര്‍ത്തനങ്ങളും ഒരു നഴ്‌സിംഗ് ഹോമിലും ഉണ്ടാവും. അഡ്മിനിസ്‌ട്രേഷന്‍, നഴ്‌സിംഗ്, സോഷ്യല്‍ സര്‍വീസ്, റീഹാബിലേഷന്‍, ആക്ടിവിറ്റീസ്, മെഡിക്കല്‍ റിക്കോര്‍ഡ്‌സ്, ഹാവ്‌സ് കീപ്പിംഗ്, കിച്ചന്‍, മെയിന്റനന്‍സ് മുതലായ ഡിപ്പാര്‍ട്ടുമെന്റുകളുടെ ഏകോപിപ്പിക്കപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ഒരു റെസിഡന്റിനു പരമാവധി സുഖവും, സുരക്ഷയും നല്‍കുക എന്നതാണ് ഒരുനഴ്‌സിങ് ഹോമിന്റെ പ്രവര്‍ത്തന ലക്ഷ്യം. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചില നഴ്‌സിംഗ് ഹോമുകളില്‍ എങ്കിലും ജോലിക്കാര്‍ ക്രൂരമായിട്ടാണ് റെസിഡന്റ്‌സിനോട് പെരുമാറുന്നത് എന്നൊരു ചീത്തപ്പേര് നിലവില്‍ ഉണ്ടെങ്കിലും ഞങ്ങളുടെ നഴ്‌സിംഗ് ഹോമിലെ അഡ്മിനിസ്‌ട്രേഷനും, വിവിധങ്ങളായ ഡിപ്പാര്‍ട്ട് മെന്റുകളും വളരെ സ്‌നേഹത്തോടെയും, സൗഹൃദത്തോടെയും  താമസക്കാരോട്  ഇടപെട്ടിരുന്നതായിട്ടാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.

മെയിന്റനന്‍സില്‍ ജോലി ചെയ്‌യുന്ന ഒരാള്‍ എന്ന നിലക്ക് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വരുന്ന അത്യാവശ്യ റിപ്പയറുകള്‍ക്ക് പോകുന്‌പോള്‍ ആ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡയറക്ടര്‍മാരുമായി ഒരു അടുപ്പം കാത്തു സൂക്ഷിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഈ അടുപ്പം ഉപയോഗപ്പെടുത്തിക്കൊണ്ട് ഒത്തിരി മലയാളികള്‍ക്ക് മാത്രമല്ലാ, തമിഴ്, ശ്രീലങ്കന്‍ ,സ്പാനിഷ് ഭാഷകള്‍ സംസാരിക്കുന്ന ചില ആളുകള്‍കക്കു കൂടി ചെറിയ ചെറിയ ജോലികള്‍  കണ്ടെത്തിക്കൊടുക്കുവാന്‍ എനിക്ക് സാധിച്ചു. ഓരോ നാട്ടില്‍ നിന്നും അമേരിക്കാ എന്ന് കേട്ട് ചാടിപ്പുറപ്പെടുന്നവര്‍ക്ക് ഇവിടെ എത്തുന്‌പോള്‍ ഭാഷ ഒരു പ്രശ്‌നമാവുകയും, തങ്ങള്‍ പഠിച്ചു വച്ചിട്ടുള്ള ഇംഗ്ലീഷ് കൊണ്ട് ഇവിടെ ഒരു ഇന്റര്‍വ്യൂവിന് ചെല്ലുന്‌പോള്‍ ' പൂവര്‍ കമ്യൂണിക്കേഷന്‍ സ്കില്‍സ് ' എന്ന വിലയിരുത്തലോടെ തിരസ്ക്കരിക്കപ്പെടുകയുമാണ് സാധാരണ സംഭവിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ ഒരു പരിചയക്കാരന്റെ സപ്പോര്‍ട്ട് കൂടാതെ ആര്‍ക്കും ഒരു ജോലിയിലും കയറിപ്പയറ്റാനാവില്ല. മാത്രമല്ലാ, എവിടെയൊക്കെ ഏതൊക്കെ ഒഴിവുകളാണ് ഉള്ളതെന്ന് മണത്തറിയുക കൂടി ചെയ്തു കൊണ്ടാണ് ഞാന്‍ ആളുകളെ സഹായിച്ചിരുന്നത്.

സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്ററില്‍ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു വര്‍ഷങ്ങള്‍ ആവുന്നു. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേര്‍ മാത്രമുള്ള ചെറിയ ഡിപാര്‍ട്ട്ടുമെന്റില്‍ പരസ്പരം സഹായിച്ചും, കരുതിയുമാണ് ജോലിക്കാര്‍ വര്‍ത്തിച്ചിരുന്നത്. ഒരാള്‍ ചെയ്യുന്ന ജോലിയില്‍ ഒരു ഹെല്‍പ്പ് ആവശ്യമുണ്ടെങ്കില്‍ അതറിഞ്ഞ് അവിടെ ഓടിയത്തുവാന്‍ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റര്‍ ആയിരുന്ന ലൈനര്‍ ആയിരുന്നു കൂട്ടത്തിലെ മസില്‍മാന്‍. മുടങ്ങാതെ ജിംനേഷ്യത്തില്‍ പോകുന്ന ലൈനര്‍ ഒഴിവു കിട്ടുന്ന സമയങ്ങളില്‍ ജോലി സ്ഥലത്തു വച്ചും എക്‌സര്‍സൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായ കരുത്തും ഉണ്ടായിരുന്ന ലൈനര്‍ മിക്ക ജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടു പെരുമാറുന്ന ഒരാളായിരുന്നില്ലാ അയാള്‍.

പത്തുമണിക്ക് പതിനഞ്ചു മിനിറ്റ് കോഫി ബ്രെക്കും, ഉച്ചക്ക് ഒരു മണിക്കൂര്‍ ലഞ്ച് ബ്രെക്കും എടുക്കാമായിരുന്നത് കൊണ്ട് ആ സമയത്തായിരുന്നു ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍. ദാരിദ്ര്യത്തിന്റെയും, "അന്ധ വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യ എന്നാണ് ഇവരെല്ലാവരും ധരിച്ചു വച്ചിരുന്നത്. പശുവോ, പാന്‌പോ, ഏതാണ് എന്റെ ദൈവം എന്ന് അവര്‍ എന്നോട് ചോദിച്ചു. ഇതിനടിസ്ഥാനമായി അവര്‍ കണ്ട ചില ടി. വി. ഷോകളെയാണ് അവര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്നത്. ഇത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും കഥയല്ലെന്നും, കേവലം ഒരു ന്യൂന പക്ഷം മാത്രമാണ് ഇതൊക്കെ കൊണ്ട് നടക്കുന്നത് എന്നും അവരെ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് വളരെക്കാലം വേണ്ടി വന്നു.

ഒരു ദിവസം പത്തു മണിക്ക് ഞങ്ങള്‍ ലഞ്ച് ബ്രെക്കിലാണ്. തൊട്ടടുത്തുള്ള കിച്ചനില്‍ നിന്ന് മുട്ട പുഴുങ്ങിയതോ, ഹാഷ്ബ്രൗണ്‍ മുതലായ ചെറിയ പലഹാരങ്ങളോ ഒക്കെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. കാപ്പിയോ, ചായയോ എടുക്കുവാനുള്ള സൗകര്യം ലഞ്ച് റൂമില്‍ ഉണ്ട് താനും. കിച്ചനില്‍ നിന്ന് ലൈനര്‍ കൊണ്ട് വന്ന പുഴുങ്ങിയ മുട്ടയോടൊപ്പം ഞങ്ങള്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. ബൊനീജയെ കാണുന്നില്ല. ബൊനീജയെവിടെ എന്ന് എല്ലാവരും സന്ദേഹിക്കുന്നതിനിടയില്‍ അയാള്‍ വന്നു. ' താന്‍  ടി.വി.കാണുകയായിരുന്നെന്നും, വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ബില്‍ഡിങ്ങുകളില്‍ ഒന്നില്‍ ഏതോ വിമാനമിടിച്ചു ' എന്നതാണ് പ്രധാന വാര്‍ത്തയെന്നും ബൊനീജാ പറഞ്ഞു.

പെട്ടെന്നാര്‍ക്കും ഇത് വിശ്വസിക്കാനായില്ല. രാവിലെയുള്ള റൂഫ് ചെക്കിങ്ങ് എനിക്കായിരുന്നതിനാല്‍ രാവിലെയും ഞാന്‍ റൂഫില്‍ പോയതാണ്. അവിടെ നിന്നുള്ള വീക്ഷണത്തില്‍ വെള്ളി മേഘങ്ങളെ ഉമ്മ വച്ച് നില്‍ക്കുന്ന ഇരട്ട ടവറുകള്‍ കണ്ടതുമാണ്.  കിച്ചണ്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഉണ്ടാവുന്ന അശുദ്ധ വായുവിനെ പുറം തള്ളുന്നതിനുള്ള എക്‌സോസ്റ്റ് ഫാനുകള്‍ പിടിപ്പിച്ചിട്ടുള്ളത് നിരപ്പായ ഈ റൂഫിലാണ്. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഫാനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് മെയിന്റനന്‍സ് ജോലിക്കാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള ഈ ഏരിയയിലെ റൂഫ് ചെക്കിങ്ങ്. ( വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന )  ചില ഫാനുകള്‍ ശബ്ദമുണ്ടാക്കുകയോ നിന്ന് പോവുകയോ  ഒക്കെ ചെയ്താല്‍ ആ വിവരം മില്‍ട്ടനെ അറിയിക്കണം  അതിനാണ് ഓരോ ദിവസവും രാവിലെയുമുള്ള റൂഫ് ചെക്കിങ്.  

ഞങ്ങള്‍ റൂഫിലേക്കോടി. ന്യൂ യോര്‍ക്ക് സിറ്റിയുടെ ഹൃദയത്തിലൂടെ ഒഴുകുന്ന ഹഡ്‌സണ്‍ നദിയുടെ ഇങ്ങേക്കരയിലുള്ള ഒരുയര്‍ന്ന കുന്നിന്‍ പുറത്താണ് ഞങ്ങളുടെ നഴ്‌സിംഗ് ഹോം തലയുയര്‍ത്തി നില്‍ക്കുന്നത് എന്നതിനാല്‍, അവിടെ നിന്ന് നോക്കിയാല്‍ അങ്ങേക്കരയിലുള്ള അംബര ചുംബികളെ വ്യക്തമായിക്കാണാം. കടല് പോലെ വിശാലവും, കവിത പോലെ കമനീയവുമായ ഹഡ്‌സണ്‍ നദിയുടെ ഓളപ്പരപ്പുകള്‍ അലഞൊറിഞ്ഞ് അതിര്‍ വരയ്ക്കുന്ന രണ്ടു ബോറോകള്‍ (സ്റ്റാറ്റന്‍ ഐസ്ലന്‍ഡും, മന്‍ഹാട്ടനും ) മുഖത്തോടു മുഖം നോക്കി നില്‍ക്കുകയാണിവിടെ. മന്‍ഹാട്ടന്‍, ബ്രൂക്‌ലിന്‍, ജേഴ്‌സി  സിറ്റി എന്നിവടങ്ങളിലെ സ്‌കൈ സ്ക്രാപ്പ്പറുകള്‍ വളരെ വ്യക്തമായി കാണാവുന്ന അപൂര്‍വമായ ഒരു വാച്ചിങ് പിറ്റ് ആണ്  ഞങ്ങളുടെ റൂഫ് ഫ്‌ലോര്‍.

ഞങ്ങള്‍ നോക്കുന്‌പോള്‍ ഇരട്ട ടവറുകളില്‍ ഒന്നിന്റെ മുകള്‍ നടുഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. അവിടെ വിമാനം ഇടിച്ചു കയറുകയായിരുന്നെന്ന് അപ്പോള്‍ വന്ന ജെയ്മി ടി. വി.യില്‍ നിന്ന് കേട്ടതായി പറഞ്ഞു.  ന്യൂ യോര്‍ക്കില്‍ എത്തിയ ആദ്യ കാലത്തു തന്നെ വേള്‍ഡ് ട്രേഡ് സെന്റര്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ മനസിലേക്ക് ഓടിവന്നു. അത്യന്നതമായ ആസ്വാദന  സാഹചര്യങ്ങളില്‍ അടിച്ചു പൊളിച്ചു ജീവിതം ആഘോഷിക്കുന്ന  എത്രയെത്ര മനുഷ്യരെയാണ് അന്ന് കണ്ടു മുട്ടിയത് എന്ന് ഓര്‍ത്തെടുത്തു. മനുഷ്യ ജീവിതത്തോന്റെ അനിശ്ചിതത്വം ആരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അവരൊക്കെ തീയിലും, പുകയിലും വീര്‍പ്പു മുട്ടുകയാവുമല്ലോ ഇപ്പോള്‍ എന്നോര്‍ത്തപ്പോള്‍ വേദന തോന്നി.

എന്നെ ഏറെ ആകുലപ്പെടുത്തിയ മറ്റൊരു കാര്യം എന്റെ മകന്‍ ജോലി ചെയ്‌യുന്നതും മന്‍ഹാട്ടനിലാണ് എന്നതായിരുന്നു. രാവിലെ അവനെ ഫെറി ടെര്‍മിനലില്‍ ഇറക്കി വിട്ടിട്ടാണ് ഞാന്‍ ജോലിക്ക് വന്നിട്ടുള്ളത്. താഴെ ഓടിയെത്തി വീട്ടിലേക്കു വിളിച്ചു. ഫെറി ടെര്‍മിനലില്‍ നിന്ന് അവന്‍ വീട്ടിലേക്കു വിളിച്ചിരുന്നെന്നും, മന്‍ഹാട്ടനില്‍ സംഭവിച്ച അത്യാഹിതത്തെ തുടര്‍ന്ന് ഫെറി സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്നും, അവന്‍ വീട്ടിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു. ( അവന്‍ സാധാരണ പോകാറുള്ള ബോട്ടില്‍ വലിയ തിരക്കായിരുന്നത് കൊണ്ട് അടുത്ത ബോട്ടില്‍ പോകാനായി കാത്തു നില്‍ക്കുകയായിരുന്നെന്നും, അത് കൊണ്ടാണ് ആ മേഖലയില്‍ അകപ്പെടാതെ തിരിച്ചു പോരാന്‍ സാധിച്ചതെന്നും പിന്നീടറിഞ്ഞു. )

ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞപ്പോള്‍ വീണ്ടും റൂഫിലെത്തി. അപ്പോഴും ഞങ്ങളുടെ കാഴ്ചയിലെ വലതു ടവര്‍ കൂടുതല്‍ തീയും പുകയും വമിപ്പിച്ചു കൊണ്ട് നില്‍ക്കുകയാണ്. ഞങ്ങള്‍ നോക്കി നില്‍ക്കുന്‌പോള്‍ ഒരു വലിയ വിമാനം വേഗത്തില്‍ പറന്നു വന്ന് ഞങ്ങളുടെ കാഴ്ചയില്‍  വലതു ടവറിനെ ചുറ്റി ഇടതു വശത്തേക്ക് വന്നിട്ട്  വലത്തോട്ടു തിരിഞ്ഞ് ഇടതു ടവറിന്റെ ഇടതു വശത്തേക്ക് ഇടിച്ചു കയറി. ഈ ഇടിയേറ്റത് ഇടതു ടവറിന്റെ മുകള്‍ ഭാഗത്ത് ആയിരുന്നത് കൊണ്ടും കൂടുതല്‍ ശക്തമായിരുന്നത് കൊണ്ടുമാവാം, വലതു ടവറിനേക്കാള്‍ കൂടുതല്‍ തീയും പുകയും വമിപ്പിച്ചു കൊണ്ടാണ് ഇടതു ടവര്‍ നിന്നിരുന്നത്.

പിന്നെ അധികം വൈകിയില്ല ആദ്യം ഇടതു ടവറും, രണ്ടാമത് വലതു ടവറും എന്ന ക്രമത്തില്‍ ഒരു പീച്ചാം കുഴലിലേക്ക് വെള്ളം വലിച്ചെടുക്കുന്നത് പോലെ പുകച്ചുരുളുകളുടെ ഒരു വലിയ പര്‍വതം തന്നെ സൃഷ്ടിച്ചു കൊണ്ട് അകത്തേക്ക് ഉള്‍വലിഞ്ഞു നിപതിക്കുന്ന അത്യപൂര്‍വമായ ആ കാഴ്ച ഒരു നിയോഗം പോലെ എനിക്ക് നോക്കി നില്‍ക്കേണ്ടി വന്നപ്പോള്‍,  മനുഷ്യ വിജ്ഞാന മഹാ നിര്‍മ്മിതികളില്‍ ഒന്നായിരുന്ന ടൈറ്റാനിക് യാനപാത്രം അന്ന് അറ്റ് ലാന്റിക്കിന്റെ  അഗാധമായ ആഴങ്ങളില്‍ ആണ്ടു പോയ അതി ദയനീയ ചിത്രം പുനഃ സൃഷ്ടിച്ചെടുക്കുന്ന തിരക്കിലായിരുന്നു എന്റെ മനസ്സ്.

പിന്നെ ഒന്നും കാണുവാന്‍ ഉണ്ടായിരുന്നില്ല. വന്പന്‍ പുകച്ചുരുളുകള്‍ തീര്‍ത്ത വലിയ പര്‍വതങ്ങള്‍ ആ പ്രദേശമാകെ മൂടിയിരുന്നു. മില്‍ട്ടനോട് അവധി ചോദിച്ച് അന്ന് വീട്ടിലേക്കു പൊന്നു. വീട്ടിലെത്തിയപ്പോള്‍ എന്റെ മകന്‍ എന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ മഹാ ദുരന്തത്തില്‍ നേരിട്ട് അകപ്പെടാതിരുന്നിട്ടും, പുക ശ്വസിച്ചതിന്റെ പേരില്‍ പില്‍ക്കാലത്ത് മഹാ രോഗങ്ങള്‍ക്കകപ്പെട്ട മനുഷ്യരുടെ ദുരന്ത കഥകള്‍ അറിയുന്‌പോള്‍, ' തിരക്ക് എന്ന സാഹചര്യം' സൃഷ്ടിക്കപ്പെട്ടതിനാല്‍ ആ ദുരന്ത തീരത്ത് നിന്ന് ഓടിയകലുവാന്‍ സാധിച്ച എന്റെ മകന്റെ രക്ഷപ്പെടല്‍ ' യാദൃശ്ചികം ' എന്ന് വിലയിരുത്തുന്നവരുണ്ടാകാം. എന്നെ സംബന്ധിച്ചിടത്തോളം, സാഹചര്യങ്ങളുടെ ആസ്വാദനം ആണ് ജീവിതമെന്നും, ഈ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ മനുഷ്യന്റെ പങ്ക് വളരെ പരിമിതമാണെന്നും ഉള്ള അനുഭവ ജ്ഞാനത്തിന്റെ അടിസ്ഥാസനത്തില്‍ ' ദൈവീകമായ ഒരു കരുതല്‍ ആണ് ഇവിടെ സംഭവിച്ചത് എന്ന് വിശ്വസിക്കുവാനാണ് കൂടുതല്‍ ഇഷ്ടം.

Join WhatsApp News
Joe 2020-02-28 00:33:00
Hello, Links for articles 33 to 49 are missing. Also links to articles 21,30,31 and 32 are available on this site. What about the missing links?
Varghese Avalumthadathil 2020-03-02 08:07:19
The easiest way to find the articles on the site is to do a search for ജയന്‍ വര്‍ഗീസ് on the main search. The search result will bring you to all the articles I have written. Thanks.
Joe 2020-03-02 09:49:25
Mr Jayan Varghese, Yes I did search with ജയന്‍ വര്‍ഗീസ് . It is STILL not showing all articles.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക