Image

കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാകാന്‍ കാരണം എംഎസ്‌ മണി; തിരുവഞ്ചൂര്‍

Published on 21 February, 2020
കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാകാന്‍ കാരണം എംഎസ്‌ മണി; തിരുവഞ്ചൂര്‍


കോട്ടയം: പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകനും കലാകൗമുദി ചീഫ്‌ എഡിറ്ററുമായിരുന്ന എംഎസ്‌ മണിക്ക്‌ കോട്ടയത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ സ്‌മരണാഞ്‌ജലി അര്‍പ്പിച്ചു. പ്രസ്‌ ക്ലബ്ബില്‍ ചേര്‍ന്ന അനുശോചന യോഗം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.

 കേരളകൗമുദി പത്രത്തില്‍ എം എസ്‌ മണി എഴുതിയ പരമ്‌ബരയായ 'കാട്ടു കള്ളന്മാര്‍' പ്രസിദ്ധീകരിച്ചതിനു ശേഷമാണ്‌ കേരളത്തിലെ കോണ്‍ഗ്രസില്‍ ചേരിപ്പോര്‌ തുടങ്ങിയതെന്ന്‌ തിരുവഞ്ചൂര്‍ പറഞ്ഞു. 

എംഎസ്‌ മണിക്കെതിരെ ഈ പരമ്‌ബരയുടെ പേരില്‍ കേസ്‌ നല്‍കണമെന്ന ആവശ്യത്തെച്ചൊല്ലിയായിരുന്നു ആ കലാപം. കെപിസിസിയില്‍ ഒരു വിഭാഗം കേസ്‌ നല്‍കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ താനടക്കമുള്ള മറുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതോടെയാണ്‌ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ യുഗം ആരംഭിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നിര്‍ഭയനായ പത്രാധിപരായിരുന്നു എം എസ്‌ മണിയെന്ന്‌ മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ്‌ ജേക്കബ്‌ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. കാട്ടു കള്ളന്മാര്‍ എന്ന ലേഖനം പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സര്‍ക്കാര്‍ മണിയെയും കൂട്ടരെയും കൗമുദിയില്‍ നിന്ന്‌ പുറത്താക്കാന്‍ വലിയ സമ്മര്‍ദ്ദം ചെലുത്തി. 

എം എസ്‌ മണി, എന്‍ ആര്‍ എസ്‌ ബാബു, എസ്‌ ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക്‌ അങ്ങനെ കൗമുദിയില്‍ നിന്ന്‌ പുറത്തു പോകേണ്ടി വന്നു. ഇത്‌ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു എഡിറ്റര്‍ക്ക്‌ രാജ്യത്ത്‌ നേരിടേണ്ടി വന്ന അപൂര്‍വ്വ സംഭവമാണ്‌. 

പിന്നീടവര്‍ ആരംഭിച്ച കലാകൗമുദി ആഴ്‌ചപ്പതിപ്പ്‌ മലയാളത്തിലെ വേറിട്ട പ്രസിദ്ധീകരണമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ്‌ സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക