Image

താമസമില്ലാത്ത വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണം: മുഖ്യമന്ത്രി

Published on 21 February, 2020
താമസമില്ലാത്ത വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുന്നവര്‍ക്ക് ജീവനോപാധിക്കുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനുള്ള അവസരവും ചര്‍ച്ചയായി. പാര്‍ട്ട് ടൈം ജോലി നയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ നമ്മുടെ മിക്ക വിദ്യാലയങ്ങളിലും പഠനം രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. എന്നാല്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ പഠന സമയമുള്ള ചില വിദ്യാലയങ്ങളുമുണ്ട്. അങ്ങനെയാകുമ്ബോള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനൊപ്പം പാര്‍ട്ട് ടൈം ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സാധിക്കും. പഠന സമയക്രമം ഈ വിധത്തിലാക്കുന്നത് സമൂഹം ചര്‍ച്ച ചെയ്യട്ടേയെന്ന് അദ്ദേഹം വ്യക്തമാക്കി .


ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കണം. തദ്ദേശസ്ഥാപനങ്ങളിലെ ആയിരം പേര്‍ക്ക് അഞ്ച് തൊഴില്‍ എന്ന പുതിയ പദ്ധതി ഏപ്രില്‍ മുതല്‍ ആരംഭിക്കുകയാണ്. ഇതില്‍ ലൈഫ് പദ്ധതിയിലുള്ളവരെ ഉള്‍പ്പെടുത്തി തൊഴില്‍ നല്‍കാനാവും. വിവിധ വകുപ്പുകള്‍ നേരത്തെ മുതല്‍ വീടുകള്‍ വച്ച്‌ നല്‍കിയിരുന്നു. ഈ പദ്ധതികളെല്ലാം ഒന്നാക്കിയാണ് ലൈഫ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ കേന്ദ്ര സഹായവും പ്രയോജനപ്പെടുത്തി. വീട് നിര്‍മാണത്തില്‍ നാട് മുഴുവന്‍ ഭാഗമായി മാറണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം ഒരുമയും കൂടിച്ചേരലും നമ്മുടെ സമൂഹത്തില്‍ മുന്‍പുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അത് നഷ്ടപ്പെട്ടു. ലൈഫ് പദ്ധതിയില്‍ ഈ കൂട്ടായ്മ വീണ്ടും ഉണ്ടായി.


ലൈഫ് പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെടാതിരുന്ന അര്‍ഹരായവരെ ചേര്‍ത്ത് അടുത്ത ഘട്ടത്തില്‍ പുതിയ ലിസ്റ്റ് തയ്യാറാക്കും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതിക്കായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എല്ലാവര്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക