Image

വി.എസ്.ശിവകുമാറിന്റെ അടുപ്പമുള്ളവരുടേയും വീടുകളില്‍ റെയ്ഡ്

Published on 21 February, 2020
വി.എസ്.ശിവകുമാറിന്റെ അടുപ്പമുള്ളവരുടേയും  വീടുകളില്‍ റെയ്ഡ്
തിരുവനന്തപുരം : അനധിക!ൃത സ്വത്തു സമ്പാദന കേസില്‍ മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍ എംഎല്‍എ അടക്കം 4 പേരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. ശിവകുമാറിനു പുറമേ അദ്ദേഹവുമായി അടുപ്പമുള്ള ശാന്തിവിള എം.രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍ എന്നിവരുടെ വീടുകളിലാണു വിജിലന്‍സ് ഒരേസമയം പരിശോധന നടത്തിയത്. നാലു പേരെയും  പ്രതിയാക്കി വിജിലന്‍സ് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ശിവകുമാര്‍ മന്ത്രിയായിരിക്കെ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഇവരുടെ ബെനാമി പേരില്‍
സ്വത്തു സമ്പാദിച്ചെന്നാണു വിജിലന്‍സ് വിലയിരുത്തല്‍. ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടില്‍  രാവിലെ എട്ടോടെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. ശിവകുമാറിന്റെ വാഹനങ്ങളും വിശദമായി പരിശോധിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍, സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയാണു സംഘം വിശദമായി പരിശോധിക്കുന്നത്. ശിവകുമാറിന്റെ  സാന്നിധ്യത്തിലായിരുന്നു പരിശോധന. ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ 5 സെന്റ് സ്ഥലവും വീടും,

ശാന്തി വിള എം.രാജേന്ദ്രന്‍ ബേക്കറി ജംക്ഷനില്‍ ഓഫിസ് പണിയാനായി വാങ്ങിയ ഭൂമിയും അന്വേഷണ പരിധിയിലുണ്ട്. കഴിഞ്ഞ ദിവസം ശിവകുമാറിനും പ്രതികള്‍ക്കും അക്കൗണ്ടുകള്‍ ഉള്ള ബാങ്കുകളില്‍ നിന്നും  വസ്തു റജിസ്‌ട്രേഷന്‍ നടത്തിയ റജിസ്‌ട്രേഷന്‍ ഓഫിസുകളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്. 2011– 16 കാലയളവിലെ സ്വത്തു സമ്പാദനമാണ് അന്വേഷിക്കുന്നത്. ശിവകുമാറിന്റെ സ്വത്തില്‍ കാര്യമായ വര്‍ധനയില്ലെങ്കിലും മറ്റു 3 പേരുടെയും ആസ്തിയില്‍ 10 മുതല്‍ 50% വരെ വര്‍ധനയുണ്ടായെന്നും ഇതിനു ശിവകുമാറുമായി ബന്ധമുണ്ടെന്നുമാണു വിജിലന്‍സ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക