Image

ട്രംപിന് രാജകീയ സ്വീകരണമൊരുക്കി ആഗ്ര; 16,000 ചെടികള്‍ നട്ടു, പശുക്കളെ ഗോശാലകളിലേക്ക് മാറ്റി

Published on 23 February, 2020
ട്രംപിന് രാജകീയ സ്വീകരണമൊരുക്കി ആഗ്ര; 16,000 ചെടികള്‍ നട്ടു, പശുക്കളെ ഗോശാലകളിലേക്ക് മാറ്റി
ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനും പ്രഥമ വനിത മെലാനിയ ട്രംപിനും രാജകീയ സ്വീകരണമാണ് ആഗ്രയില്‍ ഒരുക്കുന്നത്. 
വിമാനത്താവളത്തില്‍ നിന്ന് അമര്‍ വിലാസ് കൊട്ടാരത്തിലേക്കുള്ള പത്തുകിലോമീറ്റര്‍ റോഡില്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഹരിതാഭമായ കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. 16,000ത്തോളം ചെടികളാണ് റോഡരികില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വെച്ചത്.

ട്രംപ് കടന്നുപോകുമ്പോള്‍ റോഡിന്റെ ഇരുവശത്തും ഇന്ത്യന്‍-അമേരിക്കന്‍ പതാകകളേന്തി കുട്ടികളും വഴിയരികില്‍ അണിനിരക്കും. റോഡിലെ 21 ഇടത്ത് നൃത്തസംഘങ്ങളും അണിനിരക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നൃത്തരൂപങ്ങളിലൂടെ ഇവര്‍ അവതരിപ്പിക്കും. 8മിനിട്ട് നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ട്രംപിന് ഈ കാഴ്ചകളെല്ലാം ആസ്വദിക്കാം.സന്ദര്‍ശനം ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്.

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെയെല്ലാം ഗോശാലകളിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തില്‍ നിന്ന് തെരുവുനായ്ക്കളെയും മാറ്റി. താജ്മഹല്‍ സന്ദര്‍ശനത്തില്‍ സഞ്ചാരികള്‍ ഏറ്റവുമധികം നേരിടുന്നത് കുരങ്ങന്മാരുടെ ശല്യമാണ്. ഇവരെ തടയുന്നതിന് വേണ്ടി 125 പോലീസ് ഉദ്യോഗസ്ഥരെയാണ് ടെറസില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. കുരങ്ങന്മാരെ ഭയപ്പെടുത്തുന്നതിനായി അഞ്ച് ഹനുമാന്‍ കുരങ്ങുകളെയും വിന്യസിക്കുന്നുണ്ട്. 

താജിന് സമീപം കുരങ്ങന്മാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആകാശത്തേക്ക് വെടിവെച്ചാലും ഇവര്‍ക്ക് ഭയമില്ല. അതിനാല്‍ കുരങ്ങന്മാരെ ഓടിക്കാനായി കവണയുമായാണ് പോലീസ് കറങ്ങുന്നത്. കുരങ്ങന്മാരില്ലാത്ത താജ് മഹല്‍ സന്ദര്‍ശനം ഉറപ്പുവരുത്തുന്നതിന് വേണ്ടി തങ്ങള്‍ പൂര്‍ണസജ്ജരാണെന്നും അധികൃതര്‍ പറയുന്നു.  അഴുക്കുപുരണ്ട വിനോദസഞ്ചാര നഗരമെന്ന് അറിയപ്പെട്ടിരുന്ന ആഗ്ര പതിനഞ്ചുദിവസത്തിനുള്ളില്‍ മുഖംമിനുക്കി പുത്തന്‍ നഗരമായി മാറിയിരിക്കുകയാണ്.

ട്രംപിന്റെയും കുടുംബത്തിന്റെയും സന്ദര്‍ശനത്തെ ഒരു ഉത്സവമാക്കിയിരിക്കുകയാണ് ആഗ്രയെന്ന തോന്നല്‍ ട്രംപില്‍ ഉണ്ടാക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയിരിക്കുന്ന നിര്‍ദേശം.  മലിനമായിരുന്ന യമുനയും മാലിന്യ വിമുക്തമായിക്കഴിഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ 
സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള നവീകരണത്തിനായി എത്ര രൂപ ചെലവഴിച്ചു എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

ട്രംപിനെ സന്തോഷിപ്പിക്കാനായി ആതിഥേയര്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ താജിന് 500 മീറ്റര്‍ അടുത്ത് പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ അനുവദിക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം ട്രംപിനും ബാധകമായിരിക്കും. അതിനാല്‍ 'ബീസ്റ്റി'നെ 500 മീറ്റര്‍ അകലെ നിര്‍ത്തി ഇലക്ട്രിക് ബസിലായിരിക്കും ട്രംപ് താജ് സന്ദര്‍ശിക്കുക. 

Join WhatsApp News
Just in 2020-02-23 15:52:41
വഴിയിൽ തൂറ്റി കൊണ്ടിരുന്ന ഗോമാതാക്കളെ , ദൈവത്തിന്റെ പ്രതിപുരുഷനായ 'തമ്പുരാൻ (ട്രംപ്)' വരുന്നതു പ്രാമാണിച്ച്‌ മോഡി ഓടിച്ചു നാടുകടത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക