Image

ട്രംപിന്റെ സന്ദര്‍ശനം; റോഡിലെ പശുക്കളെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌ ആഗ്ര ഭരണകൂടം

Published on 24 February, 2020
ട്രംപിന്റെ സന്ദര്‍ശനം; റോഡിലെ പശുക്കളെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌ ആഗ്ര ഭരണകൂടം

അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ നഗരത്തിലും പരിസരത്തും അലയുന്ന തെരുവ്‌ മൃഗങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌ ആഗ്ര ഭരണകൂടം. 

തെരുവില്‍ അലയുന്ന മൃഗങ്ങളെ ട്രംപ്‌ കാണാതിരിക്കാനും സുരക്ഷിത പാതയൊരുക്കാനുമാണ്‌ ആഗ്ര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ധൃതിപിടിച്ച്‌ നീക്കം തുടങ്ങിയത്‌. 

ഖേരിയ വ്യോമതാവളത്തില്‍ നിന്ന്‌ താജ്‌മഹലിലേക്കുള്ള പാതയിലെ കന്നുകാലി ഉടമകള്‍ക്ക്‌ ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌. കന്നുകാലികളെ റോഡിലേക്ക്‌ ഇറക്കരുതെന്നാണ്‌ നിര്‍ദേശം.

ഇതിന്‌ പുറമെയാണ്‌ കഴിഞ്ഞ 48 മണിക്കൂറിനിടെ 200 ഓളം പശുക്കളെയും കാളകളെയും ഇഡ്‌ഗ, മാള്‍, ഫത്തേഹാബാദ്‌ റോഡ്‌, താജ്‌മഹലിന്‌ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഓടിച്ചിട്ട്‌ പിടികൂടി വിവിധ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയിട്ടുള്ളത്‌.

കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിയോഗിച്ച സംഘം താജ്‌മഹലിന്‌ ചുറ്റുമുള്ള തെരുവ്‌ നായ്‌ക്കളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. 

ഒരു ദിവസം കൊണ്ട്‌ 40 ഓളം നായ്‌ക്കളെയാണ്‌ പിടികൂടിയത്‌. 'പശുക്കളെ അശ്രദ്ധമായി അഴിച്ചുവിടരുതെന്ന്‌ ഞങ്ങള്‍ കന്നുകാലി ഉടമകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 

വി.വി.ഐ.പി പാതയില്‍ നിന്നും മിക്കവാറും എല്ലാ കന്നുകാലികളെയും ഇതിനോടകം നീക്കം ചെയ്‌തു കഴിഞ്ഞു. താജ്‌ മഹലിന്‌ സമീപം കന്നുകാലികളെ പിടികൂടാന്‍ രണ്ടുപേരെ സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്‌. 

തെരുവ്‌ നായ്‌ക്കളെ പിടിക്കാന്‍ മൂന്ന്‌ ടീമുകളെ ചുമതലപ്പെടുത്തി. താജ്‌മഹലിന്‌ സമീപത്തു നിന്ന്‌ 40 ഓളം നായ്‌ക്കളെ പിടികൂടിയിട്ടുണ്ട്‌.' - ചീഫ്‌ വെറ്റിനറി ഓഫീസര്‍ യോഗേഷ്‌ ശര്‍മ പറഞ്ഞു.

പൊലീസും എ.എം.സി അധികൃതരും തങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയിട്ടുണ്ടെന്ന്‌ കന്നുകാലി ഉടമ മഹേന്ദ്ര വര്‍മ്മ പറഞ്ഞു. 'റോഡിലേക്ക്‌ പശുക്കളെ ഇറക്കരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ അധികൃതര്‍ ഇവിടെ എത്തിയിരുന്നു.

 ഏതെങ്കിലും കന്നുകാലികളെ റോഡില്‍ കണ്ടാല്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ്‌ അവര്‍ പറഞ്ഞിരിക്കുന്നത്‌. കൂടാതെ, കനത്ത പിഴയും ഈടാക്കും. അതുകൊണ്ട്‌ കുറച്ച്‌ ദിവസങ്ങളായി ഞങ്ങളുടെ പശുക്കളെ വീട്ടില്‍ തന്നെ കെട്ടിയിട്ടിരിക്കുകയാണ്‌.' - മഹേന്ദ്ര വര്‍മ്മ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക