Image

22,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു

Published on 25 February, 2020
22,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു

ഹൈദരാബാദ്‌: 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഹൈദരാബാദ്‌ ഹൗസിലെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമുള്ള സംയുക്ത പ്രസ്‌താവനയില്‍ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഇക്കാര്യം പ്രഖ്യാപിച്ചു.

 അത്യാധുനിക ഹെലികോപ്‌ടര്‍ അടക്കം കൈമാറാനാണ്‌ കരാര്‍. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ്‌ ഇന്ന്‌ ഒപ്പുവച്ചത്‌. അമേരിക്കയില്‍ നിന്ന്‌ സീഹോക്ക്‌ ഹെലിക്കോപ്‌റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്‌ച അംഗീകാരം നല്‍കിയിരുന്നു

ഇതിന്‌ പുറമേ മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മൂന്ന്‌ മേഖലകളിലെ ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.

വ്യാപാര രംഗത്ത്‌ ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്‌ചയില്‍ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. വാണിജ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്തി വാണിജ്യ ചര്‍ച്ചകള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ മോദി വ്യക്തമാക്കി.

ഭീകരതയെ നേരിടാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പൊരുതുമെന്നും ആഭ്യന്തര സുരക്ഷയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധ സഹകരണം നിര്‍ണായകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാക്‌ മണ്ണില്‍ നിന്ന്‌ ഭീകരവാദം തുടച്ചുനീക്കണമെന്ന്‌ സംയുക്ത പ്രസ്‌താവനയില്‍ ട്രംപ്‌ വ്യക്തമാക്കി. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ്‌ എടുക്കുന്നതെന്നും ട്രംപ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക