മരണത്തില്‍
ആരും ഒറ്റയ്ക്കല്ല
ആളും അനുയായികളുമുണ്ട്
കാഴ്ചക്കാരും
സേവകരുമുണ്ട്
ചുടലക്കളം വരെ
മരിച്ച മനസ്സിലപ്പോഴും
പാതിവഴിയില്‍
ഉപേക്ഷിച്ച സ്വപ്നങ്ങളുടെ
ചേതനയറ്റ
നിഴലുകളുണ്ടാവും
പകലിനും രാവിനുമിടയിലെ
നിശ്ശബ്ദതയില്‍
ആയുസ്സളന്നെടുക്കുന്ന
ഘടികാരസൂചിയുടെ
നിലയ്ക്കാത്ത
ചലനങ്ങള്‍ കേള്‍ക്കാം
കൈ കൊടുത്തവരൊക്കെ
ഒറ്റയ്ക്കാക്കി പോയ
യാത്രകളില്‍
അടര്‍ന്നു വീണ
കണ്ണീരിന്റെ
നീര്ച്ചാലുകളുണ്ടാവും
കര്‍മ്മത്തിനും കടപ്പാടിനുമിടയില്
ഉരുകിത്തീര്‍ന്ന യൗവനത്തിന്റെ
ഓടിത്തളര്‍ന്ന വഴികളില്‍
വറ്റാത്ത വിയര്‍പ്പിന്റെ
ഉപ്പുഗന്ധം അറിയാം
ബാല്യത്തിന്റെ
ഹരിത ഭൂവിലേക്ക്
ഏകനായി തിരിച്ചുനടന്ന
കുന്നിന് ചരിവുകളിലെ
പാദമുദ്രകള്‍ കാണാം
ശ്വാസം നിലച്ച നെഞ്ചിലേക്ക്
അവസാന മണ്തരിയും
വീഴുമ്പോള്‍
തിരിച്ചുപോകാന്‍
ധൃതിവയ്ക്കുന്നവരുടെ
മുറുമുറുപ്പുകള്‍ കേള്‍ക്കാം
മരണത്തില്‍ ആരും
ഒറ്റയ്ക്കല്ല
ഒറ്റയ്ക്കായിപോകുന്നത്
ജീവിതത്തിലാണ് ...