Image

ഒന്‍പത് വയസുകാരിക്ക് ഒപ്പം ചേരാന്‍ ഒരമ്മയുടെ കാത്തിരിപ്പ് തുടരുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 February, 2020
ഒന്‍പത് വയസുകാരിക്ക് ഒപ്പം ചേരാന്‍ ഒരമ്മയുടെ കാത്തിരിപ്പ് തുടരുന്നു (ഏബ്രഹാം തോമസ്)
ഒമ്പത് വയസു മാത്രം പ്രായമുളള അഡലെയ്ഡ ആരോടും അധികം സംസാരിക്കുകയില്ല. തനിക്ക് ചുറ്റും ഉള്ളവരെപോലും അവള്‍ക്ക് വിശ്വാസമില്ല. ഏറ്റവും അടുത്ത കൂട്ടുകാരി ആഷ്‌ലി നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പറഞ്ഞു: 'അവര്‍ ഞങ്ങളെ വേര്‍പ്പെടുത്തി.' ഈ വാക്കുകളാണ് അവള്‍ ഇംഗ്ലീഷില്‍ ആദ്യമായി പഠിച്ചത്. അഡലെയ്ഡയും അവളുടെ അമ്മയും അടങ്ങുന്ന കുടുംബവുമാണ് 2017 ജൂലൈ 31ന് ട്രമ്പ് ഭരണകൂടം നടപ്പാക്കിയ കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കല്‍ നടപടികളിലെ ആദ്യ ഇരകളില്‍പ്പെട്ടവര്‍. മാതാപിതാക്കളെയും കുട്ടികളെയും അതിര്‍ത്തിയില്‍ വേര്‍പിരിച്ചതായി ഗവണ്‍മെന്റ് സമ്മതിച്ചതിന് വളരെ മുമ്പായിരുന്നു സംഭവം. അതിന് ശേഷം അഡലെയ്ഡയും അവളുടെ അമ്മ മരിയയും തമ്മില്‍ കണ്ടിട്ടില്ല.

സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയിലെ ഒരു സ്‌ക്കൂളില്‍ മൂന്നാം ഗ്രേഡ്് വിദ്യാര്‍ത്ഥിനിയായ അഡലെയ്ഡ പഠനത്തില്‍ മിടുക്കിയാണ്. മുഖ്യധാര അമേരിക്കക്കാര്‍ക്ക് സ്വീകാര്യമായ ഇംഗ്ലീഷും പറയുന്നു. ഒരു പര്‍പ്പിള്‍ ബാക്ക് പാക്കില്‍ എപ്പോഴും ഒരു ഡിക്ഷണറിയും മറ്റ് പുസ്തകങ്ങള്‍ക്കൊപ്പം കൊണ്ട് നടക്കുന്നു.

31കാരിയായ മരിയയെ ഒറ്റയ്ക്ക് 2017 ജൂലൈ 31ന് തന്നെ സ്വന്തം നാടായ ഗ്വാട്ടിമാലയിലേയ്ക്ക് തിരിച്ചയച്ചിരുന്നു. അവര്‍ അഭിഭാഷകരെയും പുരോഹിതരെയും മനുഷ്യക്കടത്തുകാരെയും സമീപിച്ച് സഹായം തേടിയെങ്കിലും മകള്‍ക്കൊപ്പം ചേരാന്‍ സഹായിക്കുവാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. നിയമയുദ്ധങ്ങളും പ്രതിഷേധ സമരങ്ങളും നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ വേര്‍പിരിക്കപ്പെട്ട കുടുംബങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് കഴിയുന്നത്. വേര്‍പിരിക്കപ്പെട്ട 3000ത്തോളം കുട്ടികള്‍ യു.എസില്‍ താമസിച്ച് ഇപ്പോള്‍ ഇംഗ്ലീഷില്‍ തന്നെ തങ്ങളുടെ അവസ്ഥ വിവരിക്കുവാന്‍ പ്രാവീണ്യം നേടിക്കഴിഞ്ഞിട്ടുണ്ട്. അവരുടെ മാതാപിതാക്കള്‍ മദ്ധ്യ അമേരിക്കയിലാണ്. തങ്ങളുടെ മക്കള്‍ വളര്‍ന്ന് വലുതാകുന്നത് വിഡിയോ കോളുകളില്‍ തെളിയുന്ന വ്യക്തമല്ലാത്ത ചിത്രങ്ങളിലൂടെ അവര്‍ മനസ്സിലാക്കുന്നു.

കഴിഞ്ഞമാസം അത്തരം ഒരു കോള്‍ ഗ്വാട്ടിമാലയിലെ സക്കാപുലാസില്‍ നിന്ന്  ഫോര്‍ട്ട് മയേഴ്‌സ് ഫ്‌ളോറിഡയിലുള്ള അഡലെയ്ഡയെ തേടിയെത്തി. ആഹ്ലാദചിത്തയായി അവള്‍ സ്‌ക്കൂള്‍ ബസില്‍ നിന്ന് ചാടിയിറങ്ങി തന്റെ സ്‌ക്കൂള്‍ റിപ്പോര്‍ട്ട് അമ്മയെ കാണിച്ചു. തനിക്ക് നൂറും തൊണ്ണൂറ്റിരണ്ടും ഡബിള്‍എയും കിട്ടിയത് അവള്‍ വിവരിച്ചു. അമ്മയുടെ അഭിനന്ദനങ്ങള്‍ക്ക് ശേഷം പെട്ടെന്ന് മൂകത പരന്നു. അമ്മയും മകളും തങ്ങളുടെ ഫോണുകളില്‍ നോക്കിയിരുന്നു.

ഒരു ടൂ ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റില്‍ മറ്റ് 11 പേര്‍ക്കൊപ്പമാണ് അഡലെയ്ഡ കഴിയുന്നത്. ഇവരില്‍ രണ്ട് ആന്റിമാരും ഒരു അങ്കിളും ഉണ്ട്. സ്‌ക്കൂളില്‍ സഹപാഠികള്‍ തങ്ങളുടെ അമ്മമാരെക്കുറിച്ച് പറയുമ്പോഴോ അവളുടെ ആന്റി സ്വന്തം മകളെ ഉമ്മ വയ്ക്കുന്നത് കാണുമ്പോഴോ അഡലെയ്ഡയ്ക്ക് അരിശവും സങ്കടവും വരും. 'അമ്മ എന്നോടൊപ്പം ഉണ്ടാവണം, അവള്‍ അമ്മയോട് എപ്പോഴും ആവശ്യപ്പെടും.' ഞാന്‍ ശ്രമിക്കുന്നുണ്ട്. എന്നാണ് മരിയയുടെ സ്ഥിരം മറുപടി. അഡലെയ്ഡ ഫോണ്‍ കട്ട് ചെയ്തിട്ട് കരയും.
2018 ല്‍ ട്രമ്പ് ഭരണകൂടം പറഞ്ഞത് 3,000 ത്തോളം കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് അതിര്‍ത്തിയില്‍ വേര്‍പെടുത്തപ്പെട്ടിട്ടുണ്ട് എന്നാണ്. മാതാപിതാക്കളെ ഡീറ്റെയിന്‍ ചെയ്യുകയോ തിരിച്ചയയ്ക്കുകയോ ചെയ്തു. കുട്ടികളെ  യു.എസിലുള്ള ഫോസ്റ്റര്‍ കെയറിലേയ്‌ക്കോ ബന്ധുക്കളുടെ അടുക്കലേയ്‌ക്കോ അയച്ചു.
മരിയ ഡിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം രണ്ടു തവണ യു.എസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. രണ്ടു തവണയും പിടിക്കപ്പെടുകയും ചെയ്തു. യു.എസിലുള്ള തന്റെ മകള്‍ക്കൊപ്പം ചേരാന്‍ അനുവദിക്കണമെന്ന് ഒരു തര്‍ജ്ജമക്കാരന്റെ സഹായത്തോടെ അപേക്ഷിച്ചെങ്കിലും അനുവദാം ലഭിച്ചില്ല. മരിയയെ പോലെ പരശതം അമ്മമാരും കാത്തിരിപ്പ് തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക