Image

ഡല്‍ഹി സംഘര്‍ഷം: മരണം 19

Published on 26 February, 2020
ഡല്‍ഹി സംഘര്‍ഷം: മരണം 19


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

സംഘര്‍ഷത്തില്‍ ഇതുവരെ 48 പോലീസുകാരടക്കം 200ഓളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

സമാധാനത്തിനായുള്ള ഭരണകൂടത്തിന്‍റെ അഭ്യര്‍ത്ഥനകള്‍ അവഗണിച്ചാണ്‌ ആക്രമികള്‍ തെരുവില്‍ അഴിഞ്ഞാട്ടം തുടരുന്നത്‌. വടക്കുകിഴക്കന്‍ ഡല്‍ഹി ഇപ്പോഴും അശാന്തമാണ്‌. ജാഫ്രാബാദ്‌, മൗജ്‌പൂര്‍, ചന്ദ്‌ബാഗ്‌, ഭജന്‍പുര പ്രദേശങ്ങളില്‍ ആക്രമികള്‍ പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ട്‌ ഉണ്ട്‌.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍നിന്നും ഗാസിയാബാദിലേക്ക്‌ പോകുന്ന എല്ലാ റോഡുകളും ഡല്‍ഹി പോലീസ്‌ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ അടച്ചു. 

അക്രമബാധിത വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്‌ച അവധിയായിരിക്കുമെന്ന്‌ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ അറിയിച്ചു.

ചൊവ്വാഴ്‌ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവല്‍ ഡല്‍ഹിയിലെ പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ സമുദായ നേതാക്കളുമായി സംസാരിക്കുകയും ചെയ്‌തിരുന്നു.

 ഇന്ന്‌ അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട്‌ സ്ഥിതിഗതികളെക്കുറിച്ച്‌ വിവരണം നല്‍കുമെന്നാണ്‌ സൂചന.

അധാര്‍മ്മികത അനുവദിക്കില്ല എന്ന്‌ അജിത്‌ ഡോവല്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക