Image

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തളര്‍ത്തിയിട്ടിരിക്കുന്നു; സര്‍ക്കാരിനും ഡിജിപിക്കുമെതിരെ രമേശ് ചെന്നിത്തല

Published on 27 February, 2020
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തളര്‍ത്തിയിട്ടിരിക്കുന്നു; സര്‍ക്കാരിനും ഡിജിപിക്കുമെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സിനും പിണറായി സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തളര്‍ത്തിയിട്ടിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ ആരോപണങ്ങള്‍ നേരിടുന്ന ആളാണ് സംസ്ഥാന പൊലീസ് മേധാവി. അദ്ദേഹം തന്നെയാണ് വിജിലന്‍സിലെ നിയമനങ്ങള്‍ നടത്തുന്നതെന്ന് വന്നാല്‍, വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


സിഎജി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ സത്യസന്ധമായ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഈ മൌനം കുറ്റകരമാണ്. 154 കോടിയുടെ പര്‍ചേസാണ് ലോക്നാഥ് ബെഹ്റ നടത്തിയത്. ഇത് മുഴുവനും തീവെട്ടിക്കൊള്ളയാണ്. കേന്ദ്ര ഫണ്ടാണ് പൊലീസ് മോഡേണൈസേഷന് വേണ്ടി അനുവദിച്ചത്. ഇത് വകമാറ്റി ചെലവഴിക്കാന്‍ പാടില്ലാത്തതാണ്. ഇതുപോലെ ധാരാളം വഴിവിട്ട നടപടികള്‍ നടന്നുവെന്ന് സിഎജി കണ്ടെത്തി. വെടിയുണ്ടകള്‍ നഷ്ടപ്പെട്ട കാര്യത്തില്‍ എസ്‌ഐയുടെ അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിയുണ്ട കാണാതായ സംഭവം തച്ചങ്കരി അന്വേഷിക്കുന്നത് കോഴിയെ കണ്ടെത്താന്‍ കുറുക്കന്‍ അന്വേഷണം നടത്തുന്നതു പോലെയെന്നും ചെന്നിത്തല പറഞ്ഞു.


പ്രതിപക്ഷത്തെ നേതാക്കളെ വേട്ടയാടാന്‍ മാത്രമാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെയും വിഎസ് ശിവകുമാറിന്റെയും കാര്യത്തില്‍ ഇതാണ് നടക്കുന്നത്. സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നത്. വിജിലന്‍സ് വകുപ്പില്‍ ഡിജിപി നടപ്പിലാക്കിയ എല്ലാ നിയമനങ്ങളും റദ്ദാക്കണം. വിജിലന്‍സ് ഡയറക്ടര്‍ ആരെന്ന് ആര്‍ക്കും അറിയില്ല. ബെഹ്റ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി പകരം വിജിലന്‍സ് ഡയറക്ടറായ അനില്‍ കാന്ത് പുനര്‍ നിയമനങ്ങള്‍ നടത്തണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക