Image

അതിവേഗ റെയില്‍പാത; അലൈന്‍മെന്റ് ഉടന്‍ പൂര്‍ത്തിയാകും

Published on 27 February, 2020
അതിവേഗ റെയില്‍പാത; അലൈന്‍മെന്റ് ഉടന്‍ പൂര്‍ത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ 'സില്‍വര്‍ ലൈന്‍' അതിവേഗ റെയില്‍പാതാ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് മാര്‍ച്ചില്‍ തയ്യാറാകും. നിര്‍ദിഷ്ട പാതയുടെ അലൈന്‍മെന്റ് ഉടന്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം-എറണാകുളം അലൈന്‍മെന്റ് പൂര്‍ത്തിയായി. 531.45 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാസര്‍കോടുമുതല്‍ തിരുവനന്തപുരം കൊച്ചുവേളിവരെ തീര്‍ക്കുന്ന പാതയ്ക്കായി ഡിസംബറില്‍ നടത്തിയ ആകാശ സര്‍വേ വിവരങ്ങള്‍ ഉപയോഗിച്ചാണ് അലൈന്‍മെന്റ് തയ്യാറാക്കുന്നത്. മാര്‍ച്ച്‌ അവസാനം വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാകുമെന്ന് കെ- റെയില്‍ എംഡി വി അജിത്കുമാര്‍ പറഞ്ഞു.


ആകാശ സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി വീടുകള്‍ ഒഴിവാക്കാന്‍ പ്രാഥമിക രൂപരേഖയില്‍ ചെറിയ മാറ്റം വരുത്തിയാണ് അലൈന്‍മെന്റ് ഉണ്ടാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോയാണ് രൂപരേഖ തയ്യാറാക്കുന്നത്. പ്രാഥമിക രൂപരേഖയിലെ വീടുകളും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കി. എറണാകുളം-കാസര്‍കോട് സര്‍വേ വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. അലൈന്‍മെന്റ് പൂര്‍ണമാകുന്നതോടെ ഏറ്റെടുക്കേണ്ട സ്ഥലവിവരങ്ങള്‍ അറിയാം. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി ഉള്ളതിനാല്‍ സ്ഥലമേറ്റെടുപ്പ് ഉടന്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


കേന്ദ്ര റെയില്‍മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ് അതിവേഗ റെയില്‍പാത. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയിലൂടെ ഏകദേശം 7500 വാഹനത്തെ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍നിന്ന് മാറ്റാനാകും. പ്രതിദിനം റോഡുപയോഗിക്കുന്ന 46,100 പേരും ട്രെയിനില്‍ സഞ്ചരിക്കുന്ന 11,500 പേരും സില്‍വര്‍ ലൈനിലേക്ക് മാറും. നിര്‍മാണകാലയളവില്‍ പ്രതിവര്‍ഷം അരലക്ഷം തൊഴിലവസരങ്ങള്‍ ലഭിക്കും. ചെലവ് 66,079 കോടി രൂപയാണ്. ഇതിന്റെ ഗണ്യമായ ഭാഗം അന്താരാഷ്ര്ട ധനസഹായ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയിലൂടെ സംസ്ഥാനം കണ്ടെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക