Image

ഗോവിന്ദ് പൻസാരെ രക്തസാക്ഷിത്വ വാർഷികം: നവയുഗം അനുസ്മരണസഭ സംഘടിപ്പിച്ചു

Published on 27 February, 2020
 ഗോവിന്ദ് പൻസാരെ രക്തസാക്ഷിത്വ വാർഷികം: നവയുഗം അനുസ്മരണസഭ സംഘടിപ്പിച്ചു
അൽഹസ്സ: സി.പി.ഐ നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പന്സാരെയുടെ രക്തസാക്ഷിത്വത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവയുഗം കേന്ദ്രകമ്മിറ്റി അൽഹസ്സയിൽ വെച്ച് അനുസ്മരണ സഭ സംഘടിപ്പിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി ഗോവിന്ദ് പൻസാരെ അനുസ്മരണ സംഭാഷണം നടത്തി. ആറു ദശാബ്ദത്തിലേറെ കാലം മഹാരാഷ്ട്രയിലെ തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ഗോവിന്ദ് പൻസാരെ, സി.പി.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി, ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. കോൽഹാപൂരിലെ കോൾവിരുദ്ധ സമരത്തിൽ പൻസാരെ വഹിച്ച നേതൃത്വപരമായ പങ്ക് കോർപ്പറേറ്റുകൾക്കിടയിൽ അദ്ദേഹത്തിന് ശത്രുതയുണ്ടാക്കിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച "ആരായിരുന്നു ശിവജി?" എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രീതി നേടിയിരുന്നു. ഈ പുസ്തക രചന കാരണം വർഗ്ഗീയ തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു.  മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ് കാക്കറെ ?’ എന്ന പുസ്തകം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈ എടുത്തതും വർഗീയ തീവ്രവാദികൾക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. 2015 ഫെബ്രുവരി 16 നാണ് നടക്കാനിറങ്ങിയ ഗോവിന്ദ് പന്സാരെയെയും ഭാര്യയെയും അക്രമികൾ വെടിവെച്ചു വീഴ്ത്തിയത്. ഫെബ്രുവരി 20 ന് അദ്ദേഹം ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകർ ആണ് കൊലപാതകം നടത്തിയത് എങ്കിലും അതിനു പിന്നിൽ സംഘപരിവാറിന്റെ കൈകളാണ് ഉള്ളത് എന്നത് പരസ്യമായ രഹസ്യമാണ്.

പൻസാരെയുടെ രക്തസാക്ഷിത്വം വർഗ്ഗീയ ശക്തികളിൽ നിന്നും ഇന്ത്യയെ രക്ഷിയ്ക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ബെൻസി മോഹൻ പറഞ്ഞു.

അനുസ്മരണസഭയിൽ  നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി നേതാക്കളായ ഷിബുകുമാർ, ദാസൻ രാഘവൻ, ഉണ്ണി പൂച്ചെടിയൽ, ഇ.എസ്.റഹീം, ഉണ്ണി മാധവൻ, ഗോപകുമാർ, ബിജു വർക്കി, നിസ്സാം, സുശീൽ കുമാർ, സുബിവർമ്മ, അനീഷ കലാം, അബ്ദുലത്തീഫ് മൈനാഗപ്പള്ളി, അബ്ദുൽ സലാം, നഹാസ്, കലാം, ശരണ്യ ഷിബു, രാജീവ് രാമചന്ദ്രൻ,സിയാദ് എന്നിവർ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക