Image

കലാപം: വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് പങ്കെന്ന് പോലീസ്

Published on 27 February, 2020
കലാപം: വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് പങ്കെന്ന് പോലീസ്
ന്യൂഡല്‍ഹി: ഏകദേശം 38 പേരുടെ മരണത്തിനിടയാക്കുകയും 200ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപത്തില്‍ എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ് ഫോമായ വാട്‌സാപ്പിനെ പ്രതിക്കൂട്ടിലാക്കി പോലീസ്. കലാപം ആസൂത്രണം ചെയ്യാന്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടാവാമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ക്കാണ് ഇടയാക്കിയത്. അഞ്ച് ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ തോക്കുകളും ഇരുമ്പു ദണ്ഡുകളും വടികളും ആയുധമാക്കി ആളുകള്‍ പോരടിച്ചു.

ഡല്‍ഹി പോലീസിന്റെ നിസംഗത ആക്രമണസംഭവങ്ങളുടെ ആക്കം കൂട്ടിയെന്ന വിമര്‍ശനം വ്യാപകമായുണ്ട്. ആക്രമണത്തിനാഹ്വാനം ചെയ്തുകൊണ്ട് പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് ഡല്‍ഹി ഹൈക്കോടതിയും പോലീസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു.

വലിയ ഗൂഢാലോചന ആക്രമ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ 50ഓളം മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്യാന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ടാവുമെന്നും പോലീസ് ആരോപിക്കുന്നു. നേരത്തെ ഉത്തര്‍പ്രദേശിലുണ്ടായ അക്രമ സംഭവങ്ങളിലും വാട്‌സാപ്പ് പ്രതിക്കൂട്ടിലായിരുന്നു.

അന്വേഷണം ദ്രുതഗതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍, സോഷ്യല്‍മീഡിയാ പോസ്റ്റുകള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയും പോലീസ് പരിശോധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക