Image

ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പതിമൂന്നാമത് ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 9 ന്

Published on 27 February, 2020
ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പതിമൂന്നാമത് ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 9 ന്
ലണ്ടന്‍: ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി പൊങ്കാല അര്‍പ്പിക്കപ്പെട്ട ചരിത്രം പതിമൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.

മാര്‍ച്ച് 9 നു (തിങ്കള്‍) രാവിലെ ഒന്പതിന് പൊങ്കാലക്കായുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാംസ്‌കാരിക സംഘടനയാണ് ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യു കെ യിലുള്ള ദേവീ ഭക്തര്‍ക്ക് അനുഗ്രഹ വേദി ഈ വര്‍ഷവും ഒരുക്കുന്നത്

പ്രാര്‍ഥനയുടെയും,വിശ്വാസത്തിന്റേയും ദേവീ കടാക്ഷത്തിന്റേയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്ന് പോവുവാന്‍ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ.ഓമന ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.

വിശിഷ്ഠ വ്യക്തികള്‍ പങ്കെടുക്കുന്ന പൊങ്കാലയില്‍, കമ്യൂണിറ്റി നേതാക്കള്‍, മെംബര്‍മാര്‍, ഈസ്റ്റ്ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാര്‍, സ്വയം പ്രോപ്പര്‍ട്ടീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്‌സ്‌ചേഞ്ച്, തട്ടുകട റസ്റ്ററന്റ് , ആനന്ദപുരം റസ്റ്ററന്റ്, സീലാന്‍സ് സൂപ്പര്‍‌സ്റ്റോര്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കിന്റെ ആരോഗ്യ-സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നിലുണ്ട്.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് കാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

വിവരങ്ങള്‍ക്ക്: ഡോ. ഓമന ഗംഗാധരന്‍ 07766822360, ശ്രീ മുരുകന്‍ ടെന്പിള്‍ 02084788433

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക