Image

'കലാപം കൊണ്ടു ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്നത് ഫാസിസ്റ്റുകളുടെ മൗഢ്യ വ്യാമോഹം'

Published on 27 February, 2020
'കലാപം കൊണ്ടു ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്നത് ഫാസിസ്റ്റുകളുടെ മൗഢ്യ വ്യാമോഹം'
ജുബൈല്‍, ദമാം: ഡല്‍ഹിയില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ അഴിഞ്ഞാടി ജനങ്ങളെ പേരു നോക്കി ആക്രമിക്കുകയും വീടുകളും കടകളും പള്ളികളും വാഹനങ്ങളും തിരഞ്ഞുപിടിച്ചു തീയിട്ടു നശിപ്പിക്കുകയും ചെയ്തതിനെ ജുബൈല്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ശക്തമായി അപലപിച്ചു.

സംഘ പരിവാര്‍ നേതാവിന്റെ ആഹ്വാനമനുസരിച്ച് ജയ് ശ്രീരാം വിളിച്ചു കൊണ്ട് ആസുത്രിതമായി ഫാസിസ്റ്റ് ഭീകരര്‍ നടത്തിയ കലാപം ഇന്ത്യാ രാജ്യത്തിന് തീരാകളങ്കമാണ്. നിയമ പാലകര്‍ കലാപകാരികള്‍ക്കൊപ്പം ചേര്‍ന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ അദ്ഭുതപ്പെടുത്തിയെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശ സംരക്ഷണത്തിനുവേണ്ടി ജാതി മത ഭേദമന്യേ ഇന്ത്യന്‍ ജനങ്ങള്‍ മുഴുവന്‍ നടത്തി വരുന്ന സമാധാനപരമായ സമരങ്ങളെ ഭീകരതാണ്ഡവമാടി ഇല്ലാതാക്കാമെന്നത് കേന്ദ്ര സര്‍ക്കാറിന്റെ കേവലം മൗഢ്യ വ്യാമോഹം മാത്രമാണെന്നും സെന്റര്‍ പ്രസിഡന്റ് അര്‍ശദ് ബിന്‍ ഹംസ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി, ട്രഷറര്‍ ആസാദ് വളപ്പട്ടണം, മൊയ്തീന്‍ കുട്ടി, ഇബ്രാഹിം പൊട്ടേങ്ങല്‍, അന്‍വര്‍ അബൂബക്കര്‍ ,യൂസുഫ് ശരീഫ് തുടങ്ങിയ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നടന്ന ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചയായ കലാപത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെട്ടിട്ടും ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത് ആശ്ചര്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക