Image

കുവൈത്ത് ദേശീയ ദിനത്തില്‍ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Published on 27 February, 2020
കുവൈത്ത് ദേശീയ ദിനത്തില്‍ ബിഡികെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ /വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റര്‍ ഫെബ്രുവരി 26 ന് ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലും നിരവധി പ്രവാസികളാണ് അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യവുമായി രക്തദാനവും പ്ലേറ്റ്‌ലറ്റ് ദാനവും നിര്‍വഹിച്ചത്.

കൊറോണ വൈറസ് കേസുകള്‍ കുവൈത്തില്‍ സ്ഥിരീകരിച്ചതുമൂലമുണ്ടായേക്കാവുന്ന രക്തദാതാക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. കൂടാതെ രക്തദാനമെന്നത് സുരക്ഷിതമായ ഒരു പ്രക്രിയയാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതും ബിഡികെ യുടെ ക്യാമ്പുകളുടെ ലക്ഷ്യമാണ്.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സംഘാടകര്‍ സുരക്ഷാ മാസ്‌കുകള്‍ വിതരണം ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ രക്തദാതാക്കളെയെല്ലാം തെര്‍മല്‍ സ്‌കാനിങ് കാമറയുടെ നിരീക്ഷണത്തിലാണ് ബ്ലഡ് ബാങ്കില്‍ പ്രവേശിപ്പിക്കുന്നത്.

പ്രതികൂലസാഹചര്യത്തിലും രക്തദാനത്തിന് മുന്നിട്ടിറങ്ങിയ എല്ലാ രക്തദാതാക്കള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക