Image

പ്രൈമറി തിരഞ്ഞെടുപ്പ് മാർച്ച് 3 ന് - മലയാളി സ്ഥാനാർത്ഥികളുമായി ഹൂസ്റ്റൺ വീണ്ടും ശ്രദ്ധാകേന്ദ്രം

ജീമോൻ റാന്നി Published on 27 February, 2020
പ്രൈമറി തിരഞ്ഞെടുപ്പ് മാർച്ച് 3 ന് - മലയാളി സ്ഥാനാർത്ഥികളുമായി ഹൂസ്റ്റൺ വീണ്ടും ശ്രദ്ധാകേന്ദ്രം
ഹൂസ്റ്റൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് വേദിയിൽ വീണ്ടും മലയാളികൾ മാറ്റുരക്കുന്നു! 2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് ആയി മൽസരിച്ച കെ.പി. ജോർജിനും ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ആയി മൽസരിച്ച ജൂലി മാത്യുവിനും ലഭിച്ച ഉജ്ജ്വല വിജയങ്ങളിൽ  പ്രചോദനവും ആവേശവും ഉൾക്കൊണ്ട് മാർച്ച് 3നു നടക്കുന്ന തിരഞ്ഞെടുപ്പിൽ 4 മലയാളികൾ ഹൂസ്റ്റണിൽ നിന്നും മത്സരിയ്ക്കുന്നു. ജോർജും ജൂലിയും ഡെമോക്രാറ്റിക്‌ പാർട്ടിയെ പ്രധിനിധീകരിച്ചുവെങ്കിൽ ഇപ്രാവശ്യം രണ്ടു പ്രബല പാർട്ടികളിൽ നിന്നുമാണ് സ്ഥാനാർത്ഥികൾ ഉള്ളത്.

 ഫെബ്രുവരി 18നു ആരംഭിച്ച ഏർലി വോട്ടിങ്ങിൽ നൂറു കണക്കിന് മലയാളികളാണ് വോട്ടുകൾ രേഖപെടുത്തിയത്. ഏർലി വോട്ടിംഗ് സൗകര്യം ഫെബ്രുവരി 28 നു വെള്ളിയാഴ്ച സമാപിക്കും. മാർച്ച് 3 നു ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയാണ് തിരഞ്ഞെടുപ്പ്.

 റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് 3 മലയാളി സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

 ഡിസ്ട്രിക്ട് 22 ൽ നിന്ന് യു.എസ് കോൺഗ്രസിലേക്ക് സ്ഥാനാർത്ഥിയായി ഡാൻ മാത്യൂസ് മത്സരിക്കുന്നു. 30 വർഷമായി ഈ ജില്ലയിൽ താമസിക്കുന്ന ഡാൻ ഓയിൽ ആൻഡ് ഗ്യാസ്‌ മേഖലയിൽ പ്രവർത്തിക്കുന്നു. നല്ലൊരു പ്രസംഗകൻ കൂടിയായ ഡാൻ പ്രൈമറിയിൽ കടുത്ത മത്സരമാണ്‌ കാഴ്ച വയ്ക്കുന്നത്. ഈ ജില്ലയിൽ ഫോർട്ട് ബെൻഡ് കൗണ്ടി, ബ്രസോറിയ, ഹാരിസ് കൗണ്ടിയുടെ ഭാഗം എന്നിവ ഉൾപ്പെടുന്നു. ഡാൻ പ്രൈമറിയിൽ ജയിച്ച്‌ നവംബറിലും ജയിച്ചു വന്നാൽ അത് ഒരു ചരിത്ര സംഭവമായി മാറും.  
 
ഫോർട്ട്ബെൻഡ് റിപ്പബ്ലിക്കൻ ബാലറ്റിൽ ഡാന്റെ പേര് 4 നമ്പറിലും ബ്രസോറിയ കൗണ്ടി ബാലറ്റിൽ 7 ഉം ഹാരിസ് കൗണ്ടിയിൽ ഡാന്റെ പേര് 14 ഉം ആണ്.  

ടോം വിരിപ്പൻ ടെക്സാസ് സ്റ്റേറ്റ് ഡിസ്ട്രിക്ട്  27 ൽ നിന്ന് മത്സരിക്കുന്നു. സ്റ്റാഫ്‌ഫോർഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോർട്ബെൻഡ് ഏരിയ) എന്നിവ ഈ സീറ്റിലുണ്ട്. ടോം ഒരു നല്ല എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ്. ടോമിന് ഒരു എതിരാളി മാത്രമേയുള്ളൂ, അതും ഒരു ഇന്ത്യക്കാരൻ തന്നെ. ജയസാധ്യതയിൽ ടോമിനു നല്ല പ്രതീക്ഷയുണ്ട്. 

ജെയ്സൺ ജോസഫ് വിജയ പ്രതീക്ഷയുമായി ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസ്സർ കളക്ടർ ( Tax Assessor Collector) സ്ഥാനത്തിനായി മത്സരിക്കുന്നു. അദ്ദേഹം ഐടി  കോർപ്പറേറ്റ് മേഖലയിൽ വ്യത്യസ്ത സ്ഥാനങ്ങൾ വഹിക്കുന്നു

 ഡെമോക്രാറ്റിക്‌ പാർട്ടി പ്രതിനിധിയായി ഫോർട്ട് ബെൻഡ് കൗണ്ടി 505 ജുഡീഷ്യൽ ഡിസ്ട്രിക്‌ട് കോർട്ട് ജഡ്ജ് ആയി മത്സരിക്കുന്ന സുരേന്ദ്രൻ.കെ.പട്ടേൽ വലിയ വിജയപ്രതീക്ഷയിലാണ്.

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന സുരേന്ദ്രൻ പ്രചാരണത്തിൽ വലിയ മുന്നേറ്റമാണ് ഇതുവരെ നടത്തിയുള്ളത്. ഇന്ത്യയിലെ സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരേന്ദ്രൻ ഇപ്പോൾ ഫോര്‍ട്ബെൻഡ് കൗണ്ടിയിൽ അറ്റോർണിയായി പ്രാക്ടീസ് ചെയ്തു വരുന്നു. ഇന്ത്യയിലും അമേരിക്കയിലുമുള്ള ദീർഘനാളത്തെ അനുഭവ പരിചയം  ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തേക്ക് ഒരു മുതൽക്കൂട്ടാണെന്നു സുരേന്ദ്രൻ പറഞ്ഞു.          

 പ്രൈമറിയിൽ ഈ സ്ഥാനാർത്ഥികളെ സഹായിക്കുന്ന മികച്ച ടീമുകൾ  രണ്ടു പാർട്ടിയിലും പ്രവർത്തിച്ചു വരുന്നു. എല്ലാ മലയാളികളും ഈ സ്ഥാനാര്ഥികൾക്ക് മികച്ച പിന്തുണ നൽകി വരുന്നു.
 
റിപ്പോർട്ട് : ജീമോൻ റാന്നി
പ്രൈമറി തിരഞ്ഞെടുപ്പ് മാർച്ച് 3 ന് - മലയാളി സ്ഥാനാർത്ഥികളുമായി ഹൂസ്റ്റൺ വീണ്ടും ശ്രദ്ധാകേന്ദ്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക