Image

കോവിഡ്19 വ്യാപനം 47 രാജ്യങ്ങളില്‍, 2800 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published on 27 February, 2020
കോവിഡ്19 വ്യാപനം 47 രാജ്യങ്ങളില്‍, 2800 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്19 വൈറസ് വ്യാപിച്ചത് 47 രാജ്യങ്ങളില്‍. വ്യാഴാഴ്ചവരെ 81,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2800 പേര്‍ മരിച്ചു. ചൈനയില്‍ രോഗവ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലും പശ്ചിമ, മധ്യേഷ്യന്‍ രാജ്യങ്ങളിലും രോഗബാധ കൂടിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ജര്‍മനിയിലും യു.എസിലും വൈറസ് ബാധിതരുമായി ബന്ധപ്പെടാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കാണ് ഈ രാജ്യങ്ങള്‍ നീങ്ങുന്നത്. എവിടെനിന്നാണ് വൈറസ് പുറപ്പെടുന്നതെന്ന് അറിയാന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. പലവഴികളിലൂടെയും വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. യൂറോപ്പില്‍ ഒമ്പതിലധികം രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, നോര്‍വേ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും ആദ്യ വൈറസ് ബാധ കണ്ടെത്തി. ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവ കനത്ത ജാഗ്രതയിലാണ്. ‘ഒരു വലിയ പ്രതിസന്ധിക്കു മുന്നിലാണ് നമ്മള്‍. വലിയൊരു മഹാമാരി വരുന്നു. എന്തുവിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ട്’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യാഴാഴ്ച പറഞ്ഞത്.

വൈറസ് ബാധിതര്‍ കൂടിയതോടെ സ്കൂളുകള്‍ ഒരു മാസത്തേക്ക് അടയ്ക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊ ഉത്തരവിട്ടു. ചൈനയ്ക്കുപുറത്ത് ദേശവ്യാപകമായി സ്കൂളുകള്‍ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. രാജ്യത്ത് 186 പേര്‍ക്കാണ് വൈറസ് ബാധ. നാലുപേര്‍ മരിച്ചു. യോക്കോഹാമയില്‍ തടഞ്ഞിട്ട കപ്പലില്‍ 700ലധികം പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ഇതില്‍ നാലുപേരും മരിച്ചു. ദക്ഷിണകൊറിയയില്‍ രോഗികളുടെ എണ്ണം 1766 ആയി. കഴിഞ്ഞദിവസം 505 പേരില്‍കൂടി വൈറസ് സ്ഥിരീകരിച്ചതായി ദക്ഷിണകൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതില്‍ 115 പേരും തെക്കുകിഴക്കന്‍ നഗരമായ ദേഗുവിലാണ്. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ദേഗുവിലാണ് 1100 കേസും റിപ്പോര്‍ട്ടുചെയ്തത്. രാജ്യത്ത് 13 പേരാണ് ഇതുവരെ മരിച്ചത്. ഇതേത്തുടര്‍ന്ന് യു.എസും ദക്ഷിണകൊറിയയും സംയുക്തമായി നടത്താനിരുന്ന സൈനികാഭ്യാസം റദ്ദാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക