Image

ദേവനന്ദയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 28 February, 2020
ദേവനന്ദയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌


കൊല്ലം: ദേവനന്ദയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.  ചെളിയും വെള്ളവും ആന്തരാവയവങ്ങളില്‍ കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ്‌ നിഗമനം. 

മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.

 വ്യാഴാഴ്‌ച കാണാതായ കുട്ടിയെ ഇന്ന്‌ രാവിലെയാണ്‌ വീടിന്‌ സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്‌. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

നെടുമ്‌ബന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്‌ഭവനില്‍ പ്രദീപ്‌കുമാറിന്റെയും ധന്യയുടെയും (അമ്‌ബിളി) മകളാണ്‌ മരിച്ച ദേവനന്ദ (പൊന്നു). 

വാക്കനാട്‌ സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. ഇന്നലെ രാവിലെ പത്തരയോടെയാണ്‌ കുട്ടിയെ കാണാതായത്‌. 

വീട്ടില്‍ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധന്യയുടെ മാതാപിതാക്കള്‍ ഈ സമയം പുറത്തേക്കു പോയിരുന്നു. മകള്‍ ഒറ്റയ്‌ക്ക്‌ മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്‌ത്രങ്ങള്‍ അലക്കാന്‍ പോയി.

കുറച്ചുനേരം കഴിഞ്ഞ്‌ മകളുടെ ഒച്ചയും അനക്കവും കേള്‍ക്കാത്തതിനെ തുടര്‍ന്ന്‌ വന്നുനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. 

വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ധന്യയുടെ നിലവിളി കേട്ട്‌ ഓടിക്കൂടിയ അയല്‍വാസികളും മറ്റും പരിസരത്തും നൂറു മീറ്റര്‍ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല.

 സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തിയും തെരച്ചില്‍ നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക