Image

ആദ്യം നാണംകെട്ടു, 24 മണിക്കൂര്‍ കൊണ്ട് ചീത്തപ്പേര് മാറ്റി ഡല്‍ഹി പോലീസ്

Published on 28 February, 2020
ആദ്യം നാണംകെട്ടു, 24 മണിക്കൂര്‍ കൊണ്ട് ചീത്തപ്പേര് മാറ്റി ഡല്‍ഹി പോലീസ്

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷവും ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിലെ കലാപങ്ങള്‍ അവസാനിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടായില്ല. കലാപങ്ങള്‍ തടയുന്നതില്‍ പോലീസ് സമ്ബൂര്‍ണ്ണ പരാജയമായി. സകലവഴികളിലൂടെയും വിമര്‍ശനം എത്തുകയും ചെയ്തതോടെ സേനയുടെ ആത്മവിശ്വാസവും നഷ്ടമായി. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ഡല്‍ഹി പോലീസ് ആ ചീത്തപ്പേര് കഴുകിക്കളഞ്ഞു.


മേഖലയില്‍ സമാധാനം തിരികെ എത്തിക്കാനുള്ള ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ് നല്‍കിയത്. ഇതോടെ ലോ & ഓര്‍ഡര്‍ ചീഫായി സിആര്‍പിഎഫ് സ്‌പെഷ്യല്‍ ഡിജി എസ് എന്‍ ശ്രീവാസ്തവ നിയോഗിക്കപ്പെട്ടു. ഇതോടെ പുതിയ സംഘം 20 മണിക്കൂര്‍ തുടര്‍ച്ചയായി കലാപമേഖലയില്‍ പണിയെടുത്തു.


പര്യാപ്തമായ തോതില്‍ സേനയെ എല്ലാ മേഖലയിലേക്കും എത്തിക്കാനാണ് ആദ്യം പ്രാമുഖ്യം നല്‍കിയത്. മൂന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍മാര്‍, ആറ് ജോയിന്റ് കമ്മീഷണര്‍മാര്‍, ഒരു അഡീഷണല്‍ കമ്മീഷണര്‍, 22 ഡിസിപി, 20 എസിപി, 60 ഇന്‍സ്‌പെക്ടര്‍, 1200 പുരുഷ, 200 വനിതാ പോലീസുകാര്‍, കൂടാതെ മറ്റ് സേനകളിലെ 60 കമ്ബനികളും പ്രധാന മേഖലകളില്‍ നിയോഗിക്കപ്പെട്ടു. ഓരോ രണ്ട് മണിക്കൂറിലും ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.


ചൊവ്വാഴ്ച രാത്രിക്കും, ബുധനാഴ്ച പുലര്‍ച്ചയ്ക്കും ഇടയില്‍ പോലീസ് നടത്തിയ ഈ മാറ്റം ഫലം കണ്ടു. പുതുതായി സംഘടിക്കുന്ന ജനക്കൂട്ടത്തെ ഉടനടി പിരിച്ചുവിട്ടു. സിഎഎ വിരുദ്ധ പ്രതിഷേധം എന്ന പേരിലാണ് പലരും ഒത്തുകൂടാന്‍ ശ്രമിച്ചത്. ഖുറേജിയില്‍ ഇത്തരത്തില്‍ ഒത്തുകൂടിയ ഒരു സംഘം പിരിഞ്ഞ്‌പോകാന്‍ വിസമ്മതിച്ച്‌ കൂടുതല്‍ ആളെക്കൂട്ടാന്‍ നോക്കിയെങ്കിലും സംഘാടകരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കി.

പുതിയ അക്രമങ്ങള്‍ ഉടലെടുക്കാതെ തടഞ്ഞതോടെ സമാധാന യോഗങ്ങള്‍ വിളിച്ച്‌ ചേര്‍ക്കുകയാണ് ഡല്‍ഹി പോലീസ്. അതിന്റെ മാറ്റം ഡല്‍ഹിയില്‍ കാണാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക