Image

ശരണ്യയുടെ കാമുകന്‍ നിതിന്‍ സ്ഥിരം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ആള്‍: ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന കേസിലും തട്ടിപ്പ് കേസിലും യുവതിയെ അപമാനിച്ച കേസിലും പ്രതി

Published on 28 February, 2020
ശരണ്യയുടെ കാമുകന്‍ നിതിന്‍ സ്ഥിരം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ആള്‍: ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന കേസിലും തട്ടിപ്പ് കേസിലും യുവതിയെ അപമാനിച്ച കേസിലും പ്രതി
കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരന്‍ വിയാനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നിതിന്‍ സ്ഥിരം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടയാളെന്ന് പൊലീസ്. നേരത്തെ ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന കേസിലും തട്ടിപ്പ് കേസിലും ഒരു യുവതിയെ അപമാനിച്ച കേസിലും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.

സ്വന്തം നാട്ടില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനാ പ്രവര്‍ത്തകനായി അറിയപ്പെടുന്ന ഇയാള്‍ മറ്റുള്ള സ്ഥലങ്ങളില്‍ എതിര്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞാണ് രക്ഷപ്പെട്ടിരുന്നത്. പലവട്ടം മോഷണവും സ്ത്രീകളെ ഉപദ്രവിക്കലും കൈയോടെ പിടികൂടി നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് പ്രണവുമായുള്ള ചങ്ങാത്തം ഉപയോഗിച്ചാണ് നിതിന്‍ ശരണ്യയെ പ്രണയ വലയില്‍ വീഴ്ത്തിയത്.

കാമുകിയെ ചൂഷണം ചെയ്ത് പുതിയൊരു ജീവിതം നയിക്കാന്‍ നിതിന്‍ കണ്ടെത്തിയത് ചതിക്കുഴിയുടെ വഴികളാണെന്ന് പൊലീസ് പറയുന്നു. ശരണ്യയോട് അടുപ്പം പുലര്‍ത്തുമ്ബോള്‍ തന്നെ ഇയാള്‍ക്ക് കക്കാട് സ്വദേശിനിയായ ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഇതിനു മുന്‍പിലും ഇയാള്‍ക്ക് പല ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന.

ഒരേസമയം പലരെയും ഉപയോഗിക്കാനും അതില്‍ ചിലരെ ഒഴിവാക്കാനുമുള്ള ക്രിമിനല്‍ ബുദ്ധിയോടെയാണ് നിതിന്‍ പ്രവര്‍ത്തിച്ചിരുന്നത്. പണം പിടുങ്ങലാണ്

ശരണ്യയെ ഉപയോഗിച്ച്‌ തുടക്കം മുതല്‍ ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്. കുഞ്ഞിന്റെ മൃതദേഹം ഇത്രയും വേഗം തിരിച്ചു കിട്ടിയതാണ് ഇരുവര്‍ക്കും വിനയായത്.

അല്ലായിരുന്നെങ്കില്‍ പൊലീസ് കുഞ്ഞിനു പിന്നാലെയും ശരണ്യയുടെ ഭര്‍ത്താവിന്റെ പിന്നാലെയും പോവുമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നതെങ്കില്‍ പുതിയ പഴുതുകള്‍ ഉണ്ടാക്കാനും പദ്ധതിയുണ്ടായിരുന്നു. പ്രണവ് കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന രീതിയില്‍ ശരണ്യ ഇടയ്ക്കിടക്ക് പറഞ്ഞതിനു പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ട്.

ഇതിനെല്ലാം തിരക്കഥ മെനഞ്ഞെടുത്തത് നിതിന്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊലപാതകം നടത്തിയപ്പോള്‍ ശരണ്യ പൊലീസ് പിടിയിലായത് അറിയാതെയാണ് ഇയാള്‍ നിരന്തരം ഫോണ്‍ വിളിച്ചത്. രഹസ്യമായി മറ്റ് പോംവഴികള്‍ പറഞ്ഞു കൊടുക്കാനായിരുന്നു 17 തവണയോളം ശരണ്യയെ വിളിച്ചത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പൊലീസിന്റെ മുന്നില്‍ നിന്ന് ഫോണ്‍ എടുത്ത ശരണ്യയ്ക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

അപ്പോഴൊക്കെ വലിയ സ്വാതന്ത്ര്യത്തോടെ നിതിന്‍ ശരണ്യയെ വഴക്കു പറയുകയായിരുന്നു. ഇതിലൂടെയാണ് ആദ്യ സൂചന പൊലീസിനു ലഭിക്കുന്നതും ഒടുവില്‍ ഇയാള്‍ അറസ്റ്റിലാവുന്നതും. ലൈംഗീകമായും സാമ്ബത്തികമായും ചൂഷണം ചെയ്ത ശേഷം ശരണ്യയെ ഒഴിവാക്കാനായിരുന്നു ഇയാളുടെ പദ്ധതി.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഒരു ഘട്ടത്തിലും ഫോണിലൂടെയോ സന്ദേശങ്ങള്‍ വഴിയോ പറയാതെ നേരിട്ട് മാത്രമായിരുന്നു ഇയാള്‍ ശരണ്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്ര വേഗം കൊലനടത്താന്‍ ശരണ്യ തയ്യാറാവില്ലെന്നാണ് ഇയാള്‍ കരുതിയിരുന്നത്. ഈ സമയം കൊണ്ട് പരമാവധി പണം കൈക്കലാക്കാനും ഇയാള്‍ ശ്രമം നടത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയാലും ഭര്‍ത്താവ് പ്രണവിന്റെ പേര് പറയാന്‍ നിര്‍ദേശിച്ചതിനാല്‍ ഒരു ഘട്ടത്തിലും താന്‍ കുടുങ്ങില്ലെന്നും ഇയാള്‍ കരുതി.

കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ നിതിന്‍ വീട്ടിലെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ശരണ്യയെ കാണാന്‍ പോയിരുന്നുവെന്ന് നിതിന്‍ സമ്മതിച്ചതായാണ് വിവരം. ഇതിന് പുറമെ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ ശരണ്യയെ കൊണ്ട് തന്നെ നിതിന്‍ പണയം വയ്പ്പിച്ചു. ആ പണവുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ രേഖകള്‍ കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക