Image

എനിക്കീ വിളക്ക് വേണം, നിങ്ങളെനിക്കീ വിളക്ക് തരണം, ഞാനിതങ്ങോട്ട് എടുക്കുവാ: സുരേഷ് ഗോപിയോട് ജോണി ആന്റണി

Published on 01 March, 2020
എനിക്കീ വിളക്ക് വേണം, നിങ്ങളെനിക്കീ വിളക്ക് തരണം, ഞാനിതങ്ങോട്ട് എടുക്കുവാ: സുരേഷ് ഗോപിയോട് ജോണി ആന്റണി

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഓരോ രംഗവും പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും തിരിച്ചെത്തുന്നു എന്നതും സിനിമയെ ശ്രദ്ധേയമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ പേരില്‍ പ്രചരിച്ച ട്രോളുകളും സിനിമയുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ അത്തരമൊരു രംഗം പുറത്തുവിട്ടിരിക്കയാണ് അണിയറക്കാര്‍.


സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ജോണി ആന്റണിയും മേജര്‍ രവിയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് പുറത്തു വന്നിരിക്കുന്നത്. ദുല്‍ഖറിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ചെസ് കളിച്ചുക്കൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെയും സുരേഷ് ഗോപിയുടെയും അടുത്തേക്ക് മേജര്‍ രവിയും ജോണി ആന്റണിയും വരികയാണ്. അവിടെ ഇരിക്കുന്ന ഒരു നിലവിളക്ക് കയ്യിലെടുത്ത്, ജോണി ആന്റണി, ''എനിക്കീ വിളക്ക് വേണം, നിങ്ങളെനിക്കീ വിളക്ക് തരണം, ഞാനിതങ്ങോട്ട് എടുക്കുവാ'' എന്ന് സുരേഷ് ഗോപിയോട് പറയുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്.


പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തൃശൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി ആയിരിക്കെ സുരേഷ് ഗോപിയുടെ പല പ്രസംഗങ്ങളും വൈറലായിരുന്നു. പല പ്രസംഗങ്ങളും ട്രോളന്മാര്‍ക്ക് ചാകരയുമായി. അതിലൊന്നായിരുന്നു 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്നുളള പ്രസംഗം. ഈ വൈറല്‍ പ്രസംഗത്തെ കൊന്ന് കൊലവിളിച്ച്‌ കൊണ്ടുളള വീഡിയോകള്‍ക്കും ട്രോളുകള്‍ക്കും ഇന്നും അവസാനമായിട്ടില്ല.


സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച്‌ അഭിനയിച്ച ചിത്രം കൂടിയാണിത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഹിറ്റ് ജോഡികള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നത്. ശോഭനയും കല്യാണിയും ഒന്നിച്ചുളള മറ്റൊരു രസകരമായ വീഡിയോയും കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക