Image

ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച- അരശതാബ്ദത്തിലൂടെ (കോര ചെറിയാന്‍)

Published on 05 March, 2020
ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച- അരശതാബ്ദത്തിലൂടെ (കോര ചെറിയാന്‍)
1962 മുതല്‍ പിന്നിട്ട 58 വര്‍ഷത്തെ ബാഹ്യകേരള വാസത്തിലൂടെ വ്യക്തിപരമായി വീക്ഷിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച ആരുടെയും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

വിഭാവനയില്‍നിന്നും വിപുലമായി വിദൂരതയിലേയ്ക്ക്, ചക്രവാളസീമയെ ഛേദിച്ച് പടര്‍ന്നു പന്തലിച്ച വി. സഭയുടെ വളര്‍ച്ച വരുംതലമുറകള്‍ക്ക് ആത്മീയ ആവേശവും പ്രബുദ്ധതയും പകരാന്‍ തീര്‍ച്ചയായും പര്യാപ്തമായിരിക്കും.

60 വര്‍ഷങ്ങള്‍ക്കുമുമ്പ് ഓള്‍ഡ് ദില്ലിയിലുള്ള പ്രൊട്ടസ്റ്റന്റ് സഭക്കാരുടെ സെന്റ് ജയിംസ് ദേവാലയം ഏതാനും മണിക്കൂര്‍ സമയത്തേക്ക് ഞായറാഴ്ച രാവിലെ വാടകയ്ക്ക് എടുത്ത് കാലം ചെയ്ത മക്കാറിയോസ് തിരുമേനി - അന്നത്തെ കെ. സി. തോമസ് അച്ചന്‍ - വി. കുര്‍ബാന അര്‍പ്പിച്ച കാലഘട്ടം തികച്ചും അവിസ്മരണീയമായി അവശേഷിക്കുന്നു. തലസ്ഥാന നഗരിയിലുള്ള ഏക ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലംചെയ്ത മാത്യൂസ് പ്രഥമന്‍ ബാവാ ഒരിക്കല്‍ ഇടവക സന്ദര്‍ശിച്ച വേളയില്‍ സ്വന്തമായി ഒരു ഇടവകദേവാലയം ഉണ്ടാകണമെന്ന ആവശ്യകതയെ അനുസ്മരിച്ചുകൊണ്ട് ചില സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ മെട്രോപോലീറ്റന്‍ ഡല്‍ഹിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി പത്തിലധികം പള്ളികളും ഭദ്രാസന ആസ്ഥാനവുമായി. സഭയുടെ ഈ അത്ഭുതവളര്‍ച്ച ഇന്ത്യയിലെ എല്ലാ മുഖ്യനഗരങ്ങളിലും പല വിദേശ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്.

1970-75 കാലഘട്ടങ്ങളില്‍ അമേരിക്കയില്‍ കഷ്ടിച്ച് നാലോ അഞ്ചോ വാടകയ്ക്ക് എടുത്ത് ആരാധന നടത്തിയിരുന്ന ദേവാലയങ്ങള്‍ മാത്രമായിരുന്നു, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉണ്ടായിരുന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രണ്ട് ഭദ്രാസനങ്ങളും നൂറിലധികം പള്ളികളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി ഉണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വന്തമായി പള്ളികളും, ഭദ്രാസനവും സ്ഥാപിതമായി.

ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓര്‍ത്തഡോക്‌സ് സഭ കൈവരിച്ച നേട്ടങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. സഭയുടെ ഈ വളര്‍ച്ചയുടെ പിന്നില്‍ കാലാനുസരണമുള്ള
ജനപ്പെരുപ്പം മാത്രമായി വീക്ഷിക്കരുത്. വളര്‍ന്നുവന്ന തലമുറയ്ക്ക് ആത്മീയ പ്രബുദ്ധതയും പ്രചോദനവും പ്രദാനം ചെയ്യുവാന്‍ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും അതിലുപരിയായി നിസ്സീമമായ നിസ്വാര്‍ത്ഥതയും, അതോടൊപ്പം ജനങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്ന അനേകം വൈദീകര്‍ക്കും വൈദീക ശ്രേഷ്ഠര്‍ക്കും പരിശുദ്ധസഭ ജന്മം നല്‍കി പാശ്ചാത്യ
സഭകളിലുള്ള പലദേവാലയങ്ങളിലും വിശ്വാസ സമൂഹത്തിന്റെ അഭാവം കഠിനമായ് നേരിടുകയും പലപള്ളികളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്ത കിരാതകാലഘട്ടമാണ് നാം പിന്നിട്ടത്. ഓര്‍ത്തഡോക്‌സ് സഭ കൈവരിച്ച ഈ നേട്ടങ്ങള്‍ നിരുപാധികം നിലനിര്‍ത്തുവാന്‍ കാലത്തിന്റെ ചലനങ്ങള്‍ക്കനുസൃതമായി വ്യതിയാനങ്ങള്‍ ജനങ്ങളിലും വൈദീകരിലും മേല്‍പ്പട്ടക്കാരിലും ഉണ്ടാകണം.

കാലത്തിനൊത്ത പുരോഗതി കൈവരിക്കുവാന്‍ മുഖ്യധാരയില്‍ ജനങ്ങളും, ജനങ്ങളുമായി ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന പുരോഹിതരും ഒരു ഘടകമായി നിലകൊള്ളണം. പലരേയും പള്ളികളില്‍നിന്നും അകറ്റുന്നത് വൈദീകരും ജനങ്ങളുമായിട്ടുള്ള സംസര്‍ഗ്ഗത്തിന്റെ അഭാവവും പരസ്പര തെറ്റിദ്ധാരണകളുമാണ്.

ജനങ്ങളെ നയിക്കുവാനും ഉത്തമമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുവാനും പ്രാപ്തരായ വൈദീകര്‍ക്ക് മാത്രം വികാരി പദവി നല്‍കുക. വൈദീകര്‍ക്ക് കൂടുതല്‍ പരിശീലനവും ഭദ്രാസന സഭാതലത്തില്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുക. ഭദ്രാസനമെത്രാപ്പോലീത്ത പ്രശ്‌നങ്ങള്‍ ഉള്ള ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രഹസ്യമായും പരസ്യമായും ശ്രവിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക. വ്യക്തിബന്ധവും സാഹസിക സഹതാപവും കൈവെടിഞ്ഞ് ദേവാലയത്തിന്റെ ഉന്നമനത്തിനും, സഭയുടെ വളര്‍ച്ചയ്ക്കും ഉതകുന്ന നപടികള്‍ കൈക്കൊള്ളുക. കൂടുതല്‍ യുവാക്കളായ വൈദീകരെ വികാരിയായോ, അസിസ്റ്റന്റ് വികാരിയായോ പള്ളികളില്‍ നിയമിക്കുക.

അടുത്തനാളുകളായി അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ പല പള്ളികളിലും രണ്ടാംതലമുറക്കാരായ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പുരോഹിതരെ നിയമിച്ചത് അമേരിക്കയിലെ സഭയുടെ ഭാവിയെ സംബന്ധിച്ച് അത്യധികം പ്രതീക്ഷ നല്‍കുന്നതാണ്. ചില നേരിയ പൊട്ടിത്തെറികളും തന്മൂലം അനുഭവപ്പെടുന്നുണ്ട്.

അമേരിക്കയിലേക്ക് കുടിയേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ആവശ്യാനുസരണം, ഭദ്രാസന മെത്രാപ്പോലീത്ത ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികളുടെ ഭാഷാശൈലിയുള്ള, ഈ ദേശത്തുതന്നെ ജനിച്ചുവളര്‍ന്ന യുവപുരോഹിതനെ നിയമിച്ചുകൊണ്ടുള്ള കല്‍പ്പന ഇടവകയിലേക്ക് അയച്ചു. വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ മദ്ബഹായിലെ കത്തിജ്വലിക്കുന്ന മെഴുകുതിരിയേയും ഏതാണ്ട് 300 ലധികം ഭക്തജനങ്ങളേയും സാക്ഷി നിര്‍ത്തി ആ കല്‍പ്പന വെറുപ്പോടെയും വിദ്വേഷത്തോടെയും വാര്‍ദ്ധക്യത്തിലെത്തിയ വികാരി വായിച്ചത് ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കി. അടക്കാനാവാത്ത അരിശത്തോടെ ഏതാനും നിമിഷം ദീര്‍ഘനിശ്വാസം എടുത്തശേഷം ശക്തി സംഭരിച്ച് പുതിയതായി നിയമിച്ച വൈദീകനെ നീചവും ശോചനീയവുമായ ഭാഷയിലാണ് പരാമര്‍ശിച്ചത്. തുടര്‍ന്ന് അട്ടഹാസരൂപേണ ആരാധനാലയത്തിന്റെ ആത്മീയ ശുദ്ധിയെ അതിലംഘിച്ച് ഇടവകജനങ്ങളെ പരസ്യമായി പ്രാകുകയും പഴിക്കുകയും ചെയ്തത് തികച്ചും ചിന്തോദ്യോതകമാണ്. പരിശുദ്ധിയുടെ പരിവേഷമായ അംശവസ്ത്രങ്ങളണിഞ്ഞ് അതി വിശുദ്ധമായ മദ്ബഹായുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് ആരാധനയുടെ അവസാനഭാഗത്ത് അലറി അരുളിയ ഈ വചനങ്ങള്‍ ആരാണ് സഹിക്കുക?

കല്‍പ്പന എഴുതിയ ഭദ്രാസനമെത്രാപ്പോലീത്തയോടുള്ള ആദരവോ തനിക്കുലഭിച്ച പൗരോഹിത്യപദവിയാണ് പരദേശമായ, ഏറ്റവും വലിയ സാമ്പത്തിക ശക്തിയുള്ള നാട്ടില്‍ പാര്‍പ്പിടം നല്‍കിയെന്ന ചിന്താഗതിയോ ഇല്ലാതെ മനസ്സിനേയും മനഃസാക്ഷിയേയും മനഃപൂര്‍വ്വം വഞ്ചിച്ച് അതിവിശുദ്ധ സ്ഥലത്ത് നിന്നുകൊണ്ട് ഈ താണ്ഡവനൃത്തം അരങ്ങേറിയത്.

ഓരോ വിശ്വാസിയുടെയും സന്തതികളെ സഭാമക്കളായി സന്മാര്‍ഗ്ഗനിഷ്ടയോടും സാമൂഹ്യബോധത്തോടെയും സമൂഹത്തിലെ ഉത്തമപൗരന്മാരാക്കി ഉയര്‍ത്താനുള്ള ആഗ്രഹത്തേയും, സ്വപ്നങ്ങളേയും നിരുപാധികം നിഷ്‌ക്കാസനം ചെയ്യുന്ന ചെയ്തികള്‍ ആത്മീയ നേതൃത്വത്തില്‍ നിന്നും നിശ്ശേഷം നീക്കുവാന്‍ സഭാനേതൃത്വം തന്നെ ശക്തമായ നിലപാട് സ്വീകരിക്കണം. ഈവക ചെയ്തികള്‍ സാധാരണക്കാരായ വിശ്വാസികള്‍ ദേവാലയത്തില്‍ പോകുവാനും ആരാധനയില്‍ പങ്കുകൊള്ളുവാനുമുള്ള ആവേശത്തെ അഥവാ ആഗ്രഹത്തെ ശക്തമായി ഹനിക്കുമെന്നത് നിത്യസത്യമാണ്.

സഭയുടെ ഭാവി ഭാസുരമാക്കുവാന്‍ സഭാമക്കള്‍ക്ക് സ്വഭാവശുദ്ധിയും അര്‍പ്പണബോധവുമുള്ള വൈദികരെയാണ് ഇന്ന് ആവശ്യം. വൈദികരെ നിയമിക്കുന്നതോടൊപ്പം നിയന്ത്രിക്കുവാനും നിഷ്ഠയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നിരുപാധികം നിഷ്‌ക്കാസനം ചെയ്യുവാനും ഭദ്രാസനാധിപര്‍ സന്നദ്ധരാകണം.

ശക്തമായ ഭരണകൂടങ്ങള്‍ ഇല്ലാത്ത പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ അധഃപതിക്കുന്നതുപോലെ ഓര്‍ത്തഡോക്‌സ് സഭ ബലവത്തല്ലാത്ത ഭരണംമൂലം നശിക്കുവാന്‍ ആരും അനുവദിക്കരുത്.

കോര ചെറിയാന്‍ 
ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച- അരശതാബ്ദത്തിലൂടെ (കോര ചെറിയാന്‍)
Join WhatsApp News
Vayanakkaran 2020-03-05 19:25:50
ഇവിടെ സഭയ്ക്കു ഭാവി ഉണ്ടാകണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഓരോ അച്ചന്മാർ സ്ഥിരമായി നാട്ടുരാജാവ് പോലെ വാണരുളുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കണം. അച്ചന്മാരെ മൂന്നു വർഷത്തെ സേവനത്തിനു ശേഷം നിർബന്ധമായും സ്ഥലം മാറ്റിയിരിക്കണം. സ്ഥാനം മാറ്റുമ്പോൾ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതാണ് സ്ഥലം മാറ്റാതിരിക്കുന്നതിന്റെ ന്യായീകരണം. അത് അർഥശൂന്യമായ വാദഗതിയാണ്. കാരണം ന്യൂയോർക്കിലുള്ള ഒരച്ചനെ ഫ്ലോറിഡാക്കോ ടെക്സസിനോ മാറ്റാനല്ല പറയുന്നത്. അഞ്ചോ പത്തോ മൈലിനകത്തുള്ള മറ്റു പള്ളികളിലേക്ക് മാറ്റിയാൽ മതി. എല്ലാവരും ഡ്രൈവ് ചെയ്യുന്നവരാണ്. അപ്പോൾ കുറച്ചു ദൂരം ഞായറാഴ്ച രാവിലെ വണ്ടി ഓടിക്കാൻ ആർക്കാണ് വയ്യാത്തത്? വേണ്ടി വന്നാൽ അവർക്കു ട്രാവലിംഗ് അലവൻസ് കൊടുക്കണം. അതല്ല വിഷയം. ട്രാൻസ്ഫർ വിഷയം ഭദ്രാസനാധിപനും പ്രിയമില്ല. കാരണം അച്ചന്മാരെ സ്ഥലം മാറ്റണമെന്ന് പറഞ്ഞാൽ തിരുമേനിമാരെയും മാറ്റണമെന്ന് വാദിച്ചാലോ? അച്ചന്മാരെ സ്ഥലം മാറ്റണമെന്ന് ഭദ്രാസനത്തിലെ തൊണ്ണൂറു ശതമാനം ജനങ്ങളും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷെ നേതൃത്വം അതനുവദിക്കയില്ല. മറ്റൊരുകാര്യം ചില പള്ളികളിൽ കുടുംബ വാഴ്ചയാണ്. വലിയച്ഛന് പ്രായമായാൽ മകൻ അച്ഛനെ അസിസ്റ്റന്റ് പദവി അനൗദ്യോഗികമായി നൽകി അതേ പള്ളിയിൽ നിർത്തുക എന്നതാണ്. സ്വന്തം ഇടവകയിൽ കൊച്ചച്ചന് വികാരിയായി തിരുമേനി കൊടുക്കാത്തതിനാൽ അപ്പനച്ചന്റെ ഞുറിയിൽ തൂങ്ങി അതേ പള്ളിയിൽ നിൽക്കുക എന്നതാണ് ഈ മകൻ അച്ചൻ ചെയ്യുക. സഭാനേതൃത്വത്തെ അനുസരിച്ചു ദൈവവേല ചെയ്യുക എന്നതല്ലല്ലോ, അപ്പന്റെ സ്വന്തം കോർപറേഷൻ ആയ ദേവാലയത്തിന്റെ അന്തരാവകാശി ആകുക എന്നതാണല്ലോ! ഇവിടെ ജനിച്ചുവളർന്ന നല്ല കഴിവുള്ള അച്ഛന്മാരായ ഇവർ ഇളം തലമുറയ്ക്ക് മാർഗദർശികളാകുന്നതിനു പകരം ഇങ്ങനെയുള്ള പിടിവാശിയിൽ കുരുങ്ങിക്കിടക്കുന്നതു കാണുമ്പോൾ സഹതപിക്കുവാനെ കഴിയൂ. ഇത് ആത്യന്തികമായി അവർക്കോ സഭക്കോ ഗുണം ചെയ്യില്ലെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല. ഇതിനു കർശനമായ നിയമം കൊണ്ടുവന്നേ മതിയാകൂ!
ചതിയൻ സഭ 2020-03-06 11:21:59
ഈ ലേഖനത്തിൽ പറഞ്ഞപോലെ ഓർത്തോഡോക്സ് സഭയുടെ വളർച്ച അപാരം തന്നെ! ഇതിനെല്ലാം തുടക്കമിട്ടത് വട്ടശേരി എന്ന യാക്കോബാ സഭയിൽ നിന്ന് പുറത്തുവിട്ട ഒരു വ്യാജ മെത്രാനായിരുന്നു. അഴിമതി വീരനായ അയാളെ സഭയിൽനിന്നു പുറത്താക്കിയിരുന്നു. അന്ത്യോക്കാ പാത്രിയാക്കീസിനെ കാട്ടറബിയെന്നു അയാൾ വിളിച്ചിരുന്നു. പുറത്താക്കിയിട്ടും വീണ്ടും മെത്രാന്റെ കുപ്പായമിട്ട് കഴിഞ്ഞിരുന്നു. സഭയ്‌ക്കെതിരെ കൊടുത്ത കേസുകളിലെല്ലാം അയാൾ പരാജയപ്പെട്ടു. അപ്പോഴാണ് വട്ടിപ്പണ കേസുണ്ടായത്. പണത്തിനുവേണ്ടി ചാകുന്ന ഈ ഷൈലോക്ക് ഉടൻ തന്നെ അന്ത്യോഖ്യ പാത്രീയാക്കീസിനെ കാണാൻ കപ്പൽ കയറി. അന്ത്യോക്കായിൽ പോയി പാത്രിയർക്കീസ് ബിഷപ്പിന്റെ കാലിൽ വീണ് മാപ്പു പറഞ്ഞു. അയാൾക്കുണ്ടായിരുന്ന മുടക്ക് പാത്രിയർക്കീസ് എടുത്തു മാറ്റി. വട്ടിപ്പണം കൈക്കലാക്കി കഴിഞ്ഞപ്പോൾ വീണ്ടും അയാൾ സഭയ്ക്കിട്ടു വേല വെക്കാൻ തുടങ്ങി. പണത്തിനു വേണ്ടി എന്തു ചെറ്റത്തരവും ചെയ്യുന്ന മനുഷ്യനായിരുന്നയാൾ. സഭയുടെ ഭരണഘടന കള്ളത്തരങ്ങൾ ചേർത്ത് മാറ്റിയെഴുതിക്കൊണ്ടിരുന്നു. കോടതിയെ കബളിപ്പിച്ചുകൊണ്ടുള്ള സഭാ സ്വത്തു സംബന്ധമായ നിയമങ്ങൾ എഴുതിയുണ്ടാക്കി. അയാളുടെ വേലത്തരങ്ങൾ കാലം കഴിഞ്ഞപ്പോൾ സുപ്രീം കോടതിയെ വരെ തെറ്റി ധരിപ്പിച്ചു. ഇയാളുടെ കൃത്രിമമായ എവിടുന്നോ കോപ്പിയടിച്ച ഭരണഘടന മാറ്റത്തിന്റെ വെളിച്ചത്തിൽ ഓർത്തോഡോക്സ് ചതിയ സഭ കേസുകൾ വിജയിച്ചുകൊണ്ടിരുന്നു. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കുരുട്ടു ബുദ്ധിക്കാരനായിരുന്നു ഈ വട്ടശേരി. അയാളുടെ കുരുട്ടുബുദ്ധി കാരണം സുപ്രീം കോടതിയിലും യാക്കോബായക്കാർക്ക് പരാജയങ്ങളുണ്ടായി. പിന്നീട് വന്ന മെത്രാൻകക്ഷി മെത്രാന്മാർ സഭാ ചരിത്രം പല പ്രാവിശ്യം മാറ്റിയെഴുതി. 1934-ലെ ഡേറ്റിൽ എഴുതുന്ന വ്യാജരേഖകൾ മനോരമ അച്ചടിച്ചുകൊണ്ടിരുന്നു. രജിസ്റ്റർ ചെയ്യാത്ത വ്യാജ രേഖകൾ വെച്ച് യാക്കോബായ സഭയുടെ ശതകോടികൾ സ്വത്തുക്കൾ തട്ടിയെടുത്തു. ഇപ്പോൾ ഇവന്മാരുടെ ശാത്താൻ സഭ വളർന്നുപോലും. സുപ്രീം കോടതിയെ കബളിപ്പിച്ച ഇവരുടെ കൈവശമുള്ള രേഖകകൾ മുഴുവൻ വ്യാജ രേഖകളാണ്. സ്വന്തം പള്ളിയിൽ പോകാൻ ആളില്ല. എന്നിട്ടും ഇവന്മാർക്ക് പള്ളി പിടിക്കണം. ഇവന്മാരുടെ പാത്രിയർക്കീസ് എന്നാൽ അർത്ഥം പള്ളിപ്പിടുത്തക്കാരനെന്നാണ്. പള്ളി പിടിച്ചുകൊണ്ട് ആളെ കൂട്ടാൻ നോക്കുകയാണ് ഇവർ.
Rowdy in Mallappally 2020-03-06 12:53:39
He was a Mallapally rowdy. I still remember his nephew walking around in the junction while we were waiting for the bus to school.
ORTHODOX VISWASI 2020-03-06 14:11:43
21 ആം നൂറ്റാണ്ടിലും അടിമകളായി കഴിയാൻ വിധിക്കപ്പെട്ട അന്ത്യോക്യൻ അടിമകളോട് സഹതാപം മാത്രം.മലങ്കര നസ്രാണികളെ അന്ത്യോക്യൻ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചത് പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയാണ്. അദ്ദേഹത്തിന്റെ നാമം ഉച്ചരിക്കുന്നതിനു പോലും അന്ത്യോക്യൻ അടിമകൾക്ക്‌ അർഹത ഇല്ല. കാരണം അവർ അടിമത്വത്തിൽ ജനിച്ചു അടിമത്വത്തിൽ വളർന്നു അടിമത്വത്തിൽ തന്നെ ഇല്ലാതാകാൻ വിധിക്കപ്പെട്ടവരാണ് .എന്നാൽ വട്ടശ്ശേരിൽ തിരുമേനി അങ്ങനെ അല്ല. അദ്ദേഹം അടിമത്വം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തെ സഭക്ക് നൽകിയത് ദൈവം തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വധിക്കാൻ കൊട്ടെഷൻ കിട്ടിയവർക്കു പോലും ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. മൂന്നാം ക്ലാസ്സുകാരന് മെത്രാൻ ആകാൻ വേണ്ടിയാണ് സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കിയത്.ഗുണ്ടായിസത്തിലൂടെ കൈവശപ്പെടുത്തിയ പള്ളികൾ എല്ലാം നിയമത്തിന്റെ പിൻബലത്തോടെ തിരിച്ചെടുക്കുക തന്നെ ചെയ്യും.അതിനു കരഞ്ഞിട്ട് കാര്യമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക