വനിതാ ദിനത്തോടനുബന്ധിച്ച് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്ക്വെച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായി എത്തിയ വ്യക്തിക് ചുട്ട മറുപടി നല്കി ടൊവിനോ. തന്നെ ഏറ്റവും സ്വാധീനിച്ച വനിതയെന്ന ഹാഷ്ടാഗില് ഭാര്യ ലിഡിയയുടെയും ഒപ്പം മകളുടെയും ഫോട്ടോ പങ്ക്വെച്ച ടൊവിനോയുടെ ചിത്രത്തിന്റെ ചുവട്ടിലാണ് ഒരു ആരാധകന് അമ്മയെ ഓര്‍മ്മിപ്പിച്ചുള്ള കമന്റുമായി രംഗത്ത് എത്തിയത്.
താങ്കളുടെ അമ്മയ്ക്ക് താങ്കളുടെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലേ എന്നും ഭാര്യ മാത്രമാണോ ജീവതമെന്നും അയാള്‍ കമന്റില്‍ ചോദിച്ചു. നടനെ വളര്‍ത്തിയ രീതിയെയും അയാള്‍ വിമര്‍ശിച്ചു. ഈ കമന്റിനാണ് ടൊവിനോ മറുപടി നല്‍കിയത്. താന്‍ അമ്മയെ ആണ് ആദ്യം ആശംസകള്‍ അറിയിച്ചതെന്ന് നടന് മറുപടി പറഞ്ഞു.
എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ല. നേരിട്ട് ഞാന്‍ വിഷ് ചെയ്തിരുന്നു. രാവിലെ എണീറ്റ് ആദ്യം ചെയ്തത് അതാണ്. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, എനിക്ക് സോഷ്യല്‍മീഡയയ്ക്ക് അപ്പുറത്ത് ഒരു ജീവിതമുണ്ട്. അത് നിങ്ങളും ഒന്ന് പരീക്ഷിക്കേണ്ടതുണ്ട്. അടിപൊളിയാണത്. എന്നായിരുന്നു ടൊവിനോയുടെ മറുപടി.