Image

ഈ പോരാട്ടം നമ്മള്‍ തന്നെ ജയിക്കും (സന്ദീപ് ദാസ്)

Published on 08 March, 2020
ഈ പോരാട്ടം നമ്മള്‍ തന്നെ ജയിക്കും (സന്ദീപ് ദാസ്)
ശൈലജ ടീച്ചറെക്കുറിച്ച് ആലോചിക്കുമ്പോള്‍ സങ്കടമാണ് തോന്നുന്നത്. അസാമാന്യ മികവുള്ള ഭരണാധികാരിയാണ് അവര്‍. കൊവിഡ്-19 എന്ന വിപത്തിനെ പിടിച്ചുകെട്ടാന്‍ ടീച്ചറും ആരോഗ്യവകുപ്പും പരമാവധി പരിശ്രമിക്കുന്നുണ്ട്. പക്ഷേ ഈ നാട്ടിലെ ചില മനുഷ്യര്‍ അവരോട് നീതി കാണിക്കുന്നില്ല.

പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ ഈ സമൂഹത്തോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ഇറ്റലിയില്‍നിന്ന് വന്നതാണ് എന്ന വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. രോഗവുമായി നാടുനീളെ കറങ്ങിനടന്നു. മൂവായിരത്തോളം ആളുകളുമായി രോഗികള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാവാം എന്നാണ് വിലയിരുത്തല്‍. അവരെ മുഴുവന്‍ കണ്ടെത്തുക എന്ന ഭീകര ദൗത്യമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുമ്പിലുള്ളത് !

പത്രസമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ മനസ്സിലുള്ള നിരാശയും അമര്‍ഷവും ശൈലജ ടീച്ചര്‍ മറച്ചുവെച്ചില്ല. നാടിനുവേണ്ടി ഇത്രയൊക്കെ പ്രയത്‌നിച്ച തന്നെ പിന്നില്‍ നിന്ന് കുത്തിയതുപോലെ
അവര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവണം!

കേരളം ആദ്യമായി കൊറോണ ഭീഷണിയിലായപ്പോള്‍ ശൈലജ ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം മാതൃകാപരമായിരുന്നു. കൊറോണയ്ക്ക് പരിഹാരമായി ചാണകവും ഗോമൂത്രവും നിര്‍ദ്ദേശിക്കുന്ന വിഡ്ഢിത്തമല്ല ടീച്ചറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേരള മോഡലിനെ ബി.ബി.സി വരെ അഭിനന്ദിക്കുകയുണ്ടായി. മറ്റു സര്‍ക്കാരുകള്‍ കൊറോണയെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.

ചെറിയ കുട്ടികളെ പാഠം പഠിപ്പിക്കുന്നത് പോലെയാണ് ശൈലജ ടീച്ചര്‍ സംസാരിച്ചിരുന്നത്. കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും അങ്ങേയറ്റം തെളിമയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു. രോഗങ്ങളെയും ആശുപത്രികളെയും ഭയക്കുന്നവര്‍ പോലും ടീച്ചറിന്റെ സംസാരം കേട്ടാല്‍ ആരോഗ്യവകുപ്പുമായി സഹകരിക്കുമായിരുന്നു. എന്നിട്ടാണ് ഇറ്റലിയില്‍ നിന്ന് വന്ന മനുഷ്യര്‍ ഇത്രയും വലിയൊരു ദ്രോഹം ചെയ്തത് !

ഏതൊരു സാധാരണ മനുഷ്യന്റെയും സമചിത്തത തെറ്റിപ്പോകുന്ന സന്ദര്‍ഭം. പക്ഷേ ശൈലജ ടീച്ചര്‍ ഇപ്പോഴും ശാന്തത കൈവിട്ടിട്ടില്ല. ''ദയവായി എല്ലാവരും സഹകരിക്കണം'' എന്ന് അഭ്യര്‍ത്ഥിക്കുകയാണ് അവര്‍. രോഗം സംശയിക്കുന്നവരുടെ അയല്‍ക്കാര്‍ക്കും സര്‍ക്കാരിനെ വിവരം അറിയിക്കാമെന്ന് ടീച്ചര്‍ പറയുന്നു. എന്തൊരു ഗതികേടാണെന്ന് നോക്കൂ ! ഇത്രയേറെ കര്‍മ്മനിരതയായ ആരോഗ്യമന്ത്രിയ്‌ക്കൊപ്പം നില്‍ക്കാന്‍ ഇവിടത്തെ ജനത തയ്യാറല്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം.

ഇത്തരമൊരു സാഹര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല നിരോധിക്കുന്നതാണ് ഏറ്റവും എളുപ്പം. പക്ഷേ ജാതിയും മതവും വിശ്വാസങ്ങളും മുറുകെപ്പിടിച്ച് ജീവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനുള്ള മാനസികവളര്‍ച്ചയില്ല. പൊങ്കാലയില്‍ തൊട്ടാല്‍ 'ഹിന്ദുവിനെ കൊല്ലുന്നേ' എന്ന വിലാപം ആരംഭിക്കും. സുവര്‍ണ്ണാവസരം കാത്തിരിക്കുന്ന ജീവികള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങും. അവര്‍ ഈ നാട് കത്തിക്കും ! സ്വാഭാവികമായും ശൈലജ ടീച്ചറുടെ തലവേദന കൂടി. മുന്‍കരുതലുകളോടെ പൊങ്കാല നടത്തേണ്ട സ്ഥിതിയായി.

പൊങ്കാലയ്ക്കുശേഷം അശുഭകരമായ വാര്‍ത്തകളൊന്നും കേള്‍ക്കില്ല എന്ന് വിശ്വസിക്കാം. അതല്ലാതെ യാതൊരു വഴിയുമില്ല. മറിച്ച് സംഭവിച്ചാല്‍ അതിനും പഴികേള്‍ക്കുന്നത് ടീച്ചര്‍ തന്നെയാകും. ഈ നികൃഷ്ടജീവികള്‍ കാരണം മനുഷ്യര്‍ക്ക് മനഃസമാധാനത്തോടെയുള്ള ജീവിതം അസാദ്ധ്യമായിരിക്കുന്നു.

കൊവിഡ്-19 ലോകരാജ്യങ്ങളെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൈനയില്‍ ആ രോഗം വിതച്ച നാശം നാം കണ്ടതാണ്. ഇറ്റലിയില്‍ ആളുകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. കേരളത്തില്‍ അതുപോലൊരു അവസ്ഥ വരില്ല എന്ന് യാതൊരു ഉറപ്പും ഇല്ല. ശൈലജ ടീച്ചറുടെ കൈവശം രോഗം തടയാനുള്ള മാന്ത്രികവടിയൊന്നുമില്ല. പക്ഷേ അങ്ങേയറ്റം കാര്യക്ഷമമായ ആരോഗ്യവകുപ്പ് ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരോട് സഹകരിക്കാനുള്ള മര്യാദയെങ്കിലും നാം കാണിക്കണം.

ടീച്ചറുടെ സൈന്യത്തോടൊപ്പം വെറുതെ ഒന്ന് നിന്നുകൊടുത്താല്‍ മതി. ഈ പോരാട്ടം നമ്മള്‍ തന്നെ ജയിക്കും. അതെങ്കിലും കഴിയില്ലേ നമുക്ക്? അതെങ്കിലും കഴിയേണ്ടതല്ലേ നമുക്ക്....!?
Join WhatsApp News
Jose 2020-03-09 09:31:49
SHILAJA TEACHER. What a shining STAR!. Excellent example for politicians all over the world. A deserving candidate for the Nobel Peace Prize. Keep up the good work!
JACOB 2020-03-09 12:30:09
Shailaja Teacher is a shining star not only in Kerala, but all of India. Please keep up the good work. Thanks!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക