Image

വയനാടിനെ ആത്മഹത്യയിലേക്ക് തള്ളരുത് (ഷുക്കൂര്‍ ഉഗ്രപുരം)

Published on 09 March, 2020
വയനാടിനെ ആത്മഹത്യയിലേക്ക് തള്ളരുത് (ഷുക്കൂര്‍ ഉഗ്രപുരം)
സമൂഹത്തിലെ ആത്മഹത്യകളെ  കുറിച്ച് വളരെ ഗഹനമായ പഠനം നടത്തിയ ഫ്രഞ്ച്  സാമൂഹിക ശാസ്ത്രജ്ഞനാണ് എമിലി ദുര്‍ഖീം (1858  1917) . ഓരോ ആത്മഹത്യകളിലും സമൂഹത്തിന് പങ്കുണ്ടെന്നാണ് അദ്ദേഹം സൈദ്ധാന്തികമായി പറഞ്ഞു വെച്ചത് . സാമ്പത്തിക ഞെരുക്കം  കാരണം ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിനെ  Anomic Suicide എന്നാണ് അദ്ദേഹം പേരിട്ട് വിളിച്ചത്. ഭൂമിശാസ്ത്ര പരമായി കേരളത്തില്‍  ഏറെ പ്രത്യേകതയുള്ള ജില്ലയാണ് വയനാട്. കഴിഞ്ഞ രണ്ട് മഹാ പ്രളയങ്ങളും അതി തീവ്രമായി ബാധിച്ച ജില്ലയാണിത്. പ്രളയത്തിന്റെ പ്രത്യാകാതം ഇപ്പോള്‍ വയനാട് ജില്ലയെ പിടിച്ചുലക്കുകയാണ്. കാര്‍ഷിക സമ്പത് വ്യവസ്ഥയെ കൂടുതല്‍ ആശ്രയിക്കുന്ന വയനാടിന്റെ സാമ്പത്തിക നിലനില്‍പ്പ് ഇപ്പോള്‍ അപകടകരമായ രീതിയിലേക്ക് കൂപ്പുകുത്തുകയാണ്.  സാമ്പത്തിക മാന്ദ്യം പൊതുവെ സംസ്ഥാനത്തിന്‍റെ നടുവൊടിക്കുമ്പോള്‍ വയനാടിനെ അത് തീവ്രമായി ബാധിച്ചുകഴിഞ്ഞു.
                 
അടിസ്ഥാന ജനവര്‍ഗ്ഗം മുഴുവന്‍ കടുത്ത  നിരാശയിലാണ്. കര്‍ഷകരും സാധാരണ കച്ചവടക്കാരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്കൊന്നും ഒട്ടും വില ലഭിക്കുന്നില്ല . ഇവരുടെ ഒരു ഉല്പന്നത്തിനും അടിസ്ഥാന വില നിലനില്‍ക്കുകയോ ലഭിക്കുകയോ ചെയ്യുന്നില്ലെന്ന പരിഭവം വയനാട്ടിലെ കര്‍ഷകര്‍  പങ്കുവെക്കുന്നു. പ്രളയകാലത്ത് പോലും വായനാടനുഭവിച്ച തീവ്ര നാശ നഷ്ടത്തെ  ജനങ്ങളിലെത്തിക്കാന്‍ മീഡിയകള്‍ പോലും അമ്പേ പരാജയപ്പെടുകയാണുണ്ടായത് എന്ന പരിഭവം ജനങ്ങള്‍ക്കുണ്ട്. പ്രളയ കാലത്തെ  പ്രത്യേക സാഹചര്യത്താല്‍ ഭൂമിശാസ്ത്രപരമായി എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളിലുള്ള കൃഷിസ്ഥലങ്ങളെല്ലാം ഒഴുകിപ്പോയതിന്‍റെ ചിത്രങ്ങള്‍ ഒരു മീഡിയക്കും പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. കര്‍ഷകന്‍റെ ജീവിതവും ഭാവി സ്വപ്നങ്ങളുമാണ് പ്രളയത്തിന്റെ കൂടെ ഒലിച്ചുപോയത്. ദീര്‍ഘ കാല വിള നല്‍കിയിരുന്ന തെങ്ങും കവുങ്ങും കുരുമുളകും കാപ്പിയും തേയിലയും തുടര്‍ച്ചയായ രണ്ട് പ്രളയങ്ങളിലുമായി സമ്പൂര്‍ണ്ണാമായി നശിച്ചുപോയി !! അവ കൃഷി ചെയ്ത് വിളവ് ലഭിക്കണമെങ്കില്‍ എത്രയോ  വര്‍ഷവും അധ്വാനവും യാതൊരുറപ്പുമില്ലാതെ അവര്‍ ചിലവഴിക്കേണ്ടി വരും.
               
ഹൃസ്വകാല വിളയില്‍ വയനാട്ടിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വാഴകൃഷിയാണ്. എത്രയാണ് ഏത്തപ്പഴത്തിന്റെ മാര്‍ക്കറ്റ് വിലയിപ്പോള്‍ ?! കര്ഷകന് അഞ്ചുരൂപ പോലും ഒരു കിലോക്ക് ലഭിക്കുന്നില്ല എന്നത് ഏറെ അപകടകരവും അങ്ങേയറ്റം അനീതി നിറഞ്ഞതുമാണ്‍! പ്രളയതിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി കടം വാങ്ങിയും ലോണെടുത്തും സ്വര്‍ണ്ണം പണയപ്പെടുത്തിയും കൃഷിക്കായി പണം കണ്ടെത്തിയ ഒരു സമൂഹത്തിന്‍റെ കണ്ണുനീരിനെ കാണാതിരിക്കാന്‍ ഒരു പ്രബുദ്ധ സമൂഹത്തിനും സാധിക്കില്ല. പണം ഏത് രീതിയില്‍ സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത വിതാനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്ന് പ്രമുഖ ജര്‍മന്‍ സാമൂഹിക സാമ്പത്തിക  ശാസ്ത്രജ്ഞനായ കാള്‍ മാക്‌സ് കൃത്യമായി വരച്ചുകാണിച്ചതാണ്. മാക്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പണോല്‍പ്പാദനത്തിന്റെ ഡയലറ്റിക്‌സായ കൃഷിഭൂമി തന്നെ ഒലിച്ചുപോവുകയും ബാക്കി വന്ന ഭൂമിയില്‍ വിളവ് തീരെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ സമൂഹത്തിന്‍റെ ഗമനം  അഭിനവ അടിമത്വത്തിലേക്കും വലിയ സാമൂഹിക കെടുതിയിലേക്കും അന്യതാ ബോധത്തിലേക്കും  ആത്മഹത്യയ്ക്കുമാണ്.  ഓരോ സാമൂഹിക ബന്ധങ്ങളേയും നിര്‍ണ്ണയിക്കുന്നത് പണമാണ് എന്നും മാക്‌സ് പറഞ്ഞുവെച്ചിട്ടുണ്ട്. ഈയിടെ വയനാട്ടില്‍ നടന്ന രണ്ട് ആത്മഹത്യകളാണ് സനലിന്റെയും , മങ്ങാംപ്പറ രാജന്റെയും ആത്മഹത്യകള്‍ . രണ്ടിലും പ്രതി പണവും ബാങ്കുമാണ്. രാജന്‍ ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി കാനറാ ബാങ്കില്‍ നിന്നുമെടുത്ത വിദ്യാഭ്യാസ വായ്പ്പയുടെ റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നു . ഇതാണ് അദ്ദേഹത്തെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചത് . ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബാങ്കും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും  മറ്റു സംവിധാനങ്ങളും മനുഷ്യരെ കുരുതിക്ക് കൊടുക്കരുത്. ജനങ്ങളെ ഇട്ട് വട്ടം കറക്കി പ്രയാസപ്പെടുത്തുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ പ്രമുഖ ജര്‍മ്മന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ മാക്‌സ് വെബര്‍ (1864 1920 ) വിളിച്ചത് അയണ്‍ കേജ് ബ്യൂറോക്രസി എന്നാണ് . കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദത്തെ അയണ്‍ കേജ് ബ്യൂറോക്രസിയാവാതെ നോക്കാനുള്ള ബാധ്യത കേരളത്തിലെ ഭരണ  പ്രതിപക്ഷ കക്ഷികള്‍ക്കുണ്ടെന്നതിനെ വിസ്മരിക്കരുത്.  സാമ്പത്തിക കെടുതികളും വരുമാനവും തീക്ഷ്ണമാവുന്ന ഒരു സമൂഹത്തില്‍ പ്രതീക്ഷയണഞ്ഞ സമൂഹമാണ് നില നില്‍ക്കുക. അത്തരം സമൂഹങ്ങളില്‍ തീവ്ര തീക്ഷ്ണ ചിന്താ ധാരകള്‍ക്ക് പിടിമുറുക്കാന്‍ എളുപ്പമാവുമെന്ന  വസ്തുതയെ സമൂഹവും സര്‍ക്കാരും കാണാതിരിക്കരുത് .   
              
കുടുംബശ്രീയും തൊഴിലുറപ്പുമുള്ളത് കൊണ്ട് ആത്മഹത്യ നടക്കുന്നില്ല എന്ന് മാത്രം. യുവാക്കളും കര്‍ഷകരുമെല്ലാം നിലവിലെ സാഹചര്യത്തില്‍ കടുത്ത നിരാശരും പ്രതീക്ഷ നശിച്ചവരുമായി മാറുന്നു . സാധാരണ രീതിയില്‍ ഇവിടെ  ഇരുപതിനായിരം രൂപക്ക് കച്ചവടം നടന്നിരുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ ആറായിരവും ഏഴായിരവും രൂപയുടെ കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നത് . പല തുണിക്കടകളും ഹോട്ടലുകളും കൂള്‍ബാറുകളും ഇവിടങ്ങളില്‍ അടച്ചുപൂട്ടിപ്പോയി. നിലവിലുള്ള പല പ്രമുഖ തുണിക്കടകളില്‍ പോലും ''ഫൂട് പാത്തിലെ'' വസ്തുക്കള്‍ വിലക്കുറവില്‍ കച്ചവടം ചെയ്യുകയാണ്. സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി എത്ര മോശമായെന്ന് മനസ്സിലാക്കാന്‍ ഇവയെല്ലാം ധാരാളം. കുറഞ്ഞ കാശിന് കൂടുതല്‍ കപ്പ ലഭിക്കുന്നതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍    ഇപ്പോഴിവിടെ കപ്പയെയാണ് ഭക്ഷ്യാവശ്യത്തിന് കൂടുതല്‍ ആശ്രയിക്കുന്നത്.  തൊഴിലില്ലായ്മ മറ്റേതൊരു ജില്ലയിലുള്ളതിനേക്കാളും ഇപ്പോള്‍ ഇവിടെ രൂക്ഷമാണ് . സാധാരണ കൂലിത്തൊഴിലാളികള്‍ക്കൊന്നും വേലയില്ല. റിസോര്‍ട്ടുമായി ബന്ധപ്പെട്ട തൊഴിലല്ലാതെ വേറെയൊന്നും കാര്യമായി ഇപ്പോഴവിടെ നടക്കുന്നുമില്ല .എത്രയോ എസ്റ്റേറ്റുകള്‍ ഇപ്പോഴും അനിശ്ചിതമായി  പൂട്ടിക്കിടക്കുകയാണ്. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണം കടം ചോദിച്ചാല്‍ ഇവിടെ ആര്‍ക്കും നല്‍കാന്‍ കഴിയു ന്നില്ലെന്ന് മാത്രമല്ല കല്ല്യാണം പോലുള്ള കാര്യങ്ങള്‍ക്കും ആളുകള്‍ നല്‍കുന്ന സഹായ ധനത്തിന്റെ തോത് വളരെ കുറവാണെന്ന് ഇവിടുത്തെ ഗ്രാമീണര്‍ പറയുന്നു. .
              
 സ്‌കോട്ടിഷ്  സാമ്പത്തിക ശാസ്ത്രജ്ഞാനായ  ആഡംസ്മിത് (1723 1790) പറഞ്ഞത് ഭൂമി (കൃഷി) യാണ്  സമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ്, ഉല്‍പ്പാദനമോ ക്രയ വിക്രയമോ നടക്കാത്ത ഈ സാഹചര്യത്തില്‍ ഈ സമൂഹം നേരിടുന്ന സാമ്പത്തിക വെല്ലുവിളി എത്രയായിരിക്കുമെന്ന് നമുക്കൂഹിക്കാന്‍ കഴിയും . അടിയന്തിര പരിഹാരമാണ് നമുക്കാവശ്യം .  ടൈഗ്രീസ് നദീ  തീരത്ത്  ഒരാട്ടിന്‍ കുട്ടി വിശന്ന് കരഞ്ഞാല്‍ പോലും സര്‍വ്വേശ്വരന്റെ മുന്‍പില്‍ ഭരണാധികാരിയായ ഞാന്‍ നാളെ  കണക്ക് പറയേണ്ടിവരുമെന്ന് പറഞ്ഞത് ഖലീഫ ഉമറാണ്. തന്‍റെ  പ്രജകളുടെ  സ്ഥിതിയറിയാന്‍ വേഷം മാറി രാജ്യത്തെ തെരുവായ തെരുവുകളിലൂടെയൊക്കെ ഭരണത്തിന്‍റെ കാര്യക്ഷമതയെ കുറിച്ച് ജനങ്ങളില്‍ നിന്നുമറിയാന്‍ നടന്ന് ചരിത്രത്തിന്‍റെ ഭാഗമായതും അദ്ദേഹം തന്നെയാണ് . നിലവില്‍ നമ്മുടെ സംസ്ഥാനത്തിലെ ജനങ്ങളുടെ സ്ഥിതി ഭരണകൂടത്തെ അറിയിക്കാനും നയ നിര്‍മ്മാണ ഘട്ടങ്ങളില്‍ പുതിയ പോളിസികളെ നിര്‍മ്മിച്ചെടുക്കാനുമുള്ള ആവശ്യകതയെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടത് നമ്മുടെ പൊതു സമൂഹത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തമാണ്.    
            
എണ്ണമറ്റ ടാക്‌സികളുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പണമടവ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വയനാട്ടില്‍ നിന്നും മാത്രം പിടിച്ചെടുത്ത് ലേലത്തിന് വെച്ചിരിക്കുന്നത് . സ്വന്തം വാഹനം മാറ്റി നിര്‍ത്തി യാത്രക്ക് കൂടുതല്‍ ജനങ്ങള്‍ ബസ്സിനെ ആശ്രയിച്ചു തുടങ്ങി. പ്രളയത്തില്‍ ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് ഒലിച്ചുപോയതിനാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകനും ബാക്കി കിട്ടുന്നത് കണ്ണീരും  ആധിയും മാത്രമാണ്. മഴക്കാലം വരുമ്പോഴേക്കും വീടിന്‍റെ ഓല മാറ്റാനും ഓടിറക്കി കഴുക്കോലും പട്ടികയും മാറ്റി  വീട് അറ്റകുറ്റപ്പണി നടത്താനും ജനം പണമില്ലാതെ പൊറുതിമുട്ടുകയാണിവിടെ . സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയപ്പാര്ടികളുടേയും സജീവ ശ്രദ്ധ ഇവിടെ പതിയേണ്ടതുണ്ട്. ആത്മത്യ ചെയ്താല്‍ തന്‍റെ കുടുംബത്തിന് ധന സഹായമെങ്കിലും ലഭിക്കുകയും കുടുംബമെങ്കിലും രക്ഷപ്പെടുമെന്നും  തോന്നാനുള്ള സാഹചര്യത്തെ ഒഴിവാക്കാന്‍ പൊതുസമൂഹവും ഭരണ കൂടവും ആരോഗ്യകരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് . പലരീതിയിലുമുള്ള അസൗകര്യങ്ങളെകൊണ്ട് വീര്‍പ്പ് മുട്ടുകയാണീ ജില്ല. ഒരു രീതിയിലുള്ള അന്യവല്‍ക്കരണ ബോധവും  അവരെ പിടികൂടാതിരിക്കട്ടേ. പ്രവാസിപ്പണമിറങ്ങുന്ന ചില ഇടങ്ങളിലല്ലാത്ത ബാക്കിയെല്ലാ സ്ഥലങ്ങളിലും ശീഗ്രഗതിയില്‍ അതിദയനീയതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്  സാമ്പത്തിക സ്ഥിതി .
            
ഒരു വയനാട് പാക്കേജ് പോലും ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് അധികമാവില്ല . അവിടുത്തെ ജനങ്ങളുമായി സംസാരിക്കാന്‍ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും തയ്യാറാവണം. നല്ല മഴ ലഭിച്ചിരുന്നെങ്കിലും ഇത്തവണ കുടിക്കാനും കാര്‍ഷികാവശ്യത്തിനും ജലം തികയാതെ വരുന്ന സാഹചര്യം വയനാട്ടില്‍ കൂടുതലാകുമെന്ന് അവിടുത്തെ മുതിര്‍ന്നവര്‍ ആധിപ്പെടുന്നു . വയനാട്ടില്‍ നിന്നും ലഭിച്ചുകൊണ്ടൊരിക്കുന്ന സൂചനകള്‍ ഒട്ടും ശുഭ സൂചകമല്ല. മനുഷ്യപ്പറ്റുള്ളവര്‍ കര്‍മ്മപഥത്തിലേക്കിറങ്ങേണ്ട സമായാമാണിത് . ചുറ്റും ദേശീയവും അന്തര്‍ ദേശീയവുമായ പ്രതിസന്ധികള്‍ ധാരാളമുണ്ടാവും. അവക്കിടയില്‍ സ്വന്തം സമൂഹത്തിലെ ആധിയുടെയും വരാനിരിക്കുന്ന അപകടത്തിന്റെയും യാഥാര്‍ത്യങ്ങളെ കാണാതിരുന്നു കൂടാ. അവരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സ്റ്റേജിലും പേജിലും അവര്‍ക്ക്  ഇടം ലഭിക്കേണ്ടതുണ്ട് . 
(ലേഖകന്‍ ഭാരതീദാസന്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ സോഷ്യോളജിയില്‍ പി എച്ച് ഡി ഗവേഷണ വിദ്യാര്‍ത്ഥിയാണ് ) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക