Image

കൊറോണ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം

Published on 09 March, 2020
 കൊറോണ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരികെയെത്തുന്നവര്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, ലെബനന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ പ്രവാസികളും പ്രതിരോധ ആരോഗ്യ നടപടിക്രമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും രണ്ടാഴ്ചക്കാലം നിര്‍ബന്ധിതമായും വീടുകളില്‍ തന്നെ കഴിയണമെന്നും സര്‍ക്കാര്‍ അറിയിച്ചു .

നാട്ടില്‍നിന്നും മടങ്ങിയെത്തിയ എല്ലാ ജോലിക്കാരെയും 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷമേ ജോലിയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂവെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും നിര്‍ദ്ദേശിച്ചു.

സ്വകാര്യ മേഖലയിലെ കമ്പിനികളും നിര്‍ദ്ദേശം പാലിക്കണമെന്നും തൊഴിലാളികള്‍ക്ക് വീടുകളില്‍ ജോലി ചെയ്യുവാനുള്ള അനുവാദം നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

പനി, ജലദോഷം, ശ്വാസകോശസംബന്ധമായ അണുബാധ എന്നിവയുള്ളവര്‍ അസുഖം കുറയുംവരെ പുറത്തുള്ളവരുമായി സാമ്പര്‍ക്കമില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സാസൗകര്യമുള്ള സര്‍ക്കാര്‍ ക്ലിനിക്കുകളിലോ ആശുപത്രിയിലോ ഹോട്ട്‌ലൈന്‍ നമ്പറിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വീടുകളില്‍ ജോലി ചെയ്താലും മുഴുവന്‍ ആനുകൂല്യങ്ങളും ശമ്പളവും തൊഴിലാളികള്‍ക്ക് നല്‍കുവാനും സിവില്‍ സര്‍വീസ് ബ്യൂറോ നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക